UPSC CDS Examination 2025 : രാജ്യത്തെ സേവിക്കുന്ന ധീരസൈനികരാകാം, ബിരുദധാരികള്‍ക്ക് ഇതാ അവസരം; 457 ഒഴിവുകള്‍

UPSC CDS Examination Notification : ആകെ 457 ഒഴിവുകളാണുള്ളത്. ഡെറാഢൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ 100 ഒഴിവുകളുണ്ട്. ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ 32 ഒഴിവുകളാണുള്ളത്

UPSC CDS Examination 2025 : രാജ്യത്തെ സേവിക്കുന്ന ധീരസൈനികരാകാം, ബിരുദധാരികള്‍ക്ക് ഇതാ അവസരം; 457 ഒഴിവുകള്‍

പ്രതീകാത്മക ചിത്രം (image credits: PTI)

Published: 

14 Dec 2024 19:43 PM

സൈന്യത്തില്‍ ചേരാന്‍ ബിരുദധാരികള്‍ക്ക് മികച്ച അവസരം. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) 2025ലെ കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് (സിഡിഎസ്) പരീക്ഷയുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഡിസംബര്‍ 31 വൈകിട്ട് ആറു മണി വരെ അപേക്ഷിക്കാം. ഓണ്‍ലൈനായി ഫീസ് അടയ്ക്കാനുള്ള സമയപരിധിയും അന്ന് അവസാനിക്കും. 200 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്‌സി, എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഫീസില്ല. ജനുവരി ഒന്ന് മുതല്‍ ഏഴ് വരെ ആപ്ലിക്കേഷനില്‍ മോഡിഫിക്കേഷന്‍ നടത്താം. ഏപ്രില്‍ 13ന് പരീക്ഷ നടക്കും.

എയര്‍ ഫോഴ്‌സ് അക്കാദമിയിലേക്ക് 20 മുതല്‍ 24 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 2002 ജനുവരി രണ്ടിന് മുമ്പും, 2006 ജനുവരി ഒന്നിന് ശേഷവും ജനിച്ചവര്‍ അയക്കേണ്ടതില്ല. ഡിജിസിഎ നല്‍കിയ സാധുതയുള്ള കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 26 വയസ് വരെ ഇളവുണ്ട്.

ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേക്ക് 2002 ജനുവരി രണ്ടിനും 2007 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ച അവിവാഹിതരായ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്ക് 2002 ജനുവരി രണ്ടിനും 2007 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ച അവിവാഹിതരായ യുവാക്കള്‍ക്ക് അപേക്ഷിക്കാം.

ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലേക്ക് (എസ്എസ്‌സി കോഴ്‌സ്-മെന്‍), 2001 ജനുവരി രണ്ടിനും 2007 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ച അവിവാഹിതരായ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ എസ്എസ്‌സി വിമന്‍ നോണ്‍ ടെക്‌നിക്കള്‍ കോഴ്‌സിലേക്ക് 2001 ജനുവരി രണ്ടിനും 2007 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ച അവിവാഹിതരായ യുവതികള്‍ക്ക് അപേക്ഷിക്കാം.

ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേക്ക്, ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലേക്കും ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്ക് എഞ്ചിനീയറിങ് ബിരുദധാരികള്‍ക്കാണ് യോഗ്യത. എയര്‍ഫോഴ്‌സ് അക്കാദമിയിലേക്ക് ബിരുദധാരികള്‍ക്കും, എഞ്ചിനീയറിഭ് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. എന്നാല്‍ ബിരുദധാരികള്‍ 10+2 ലെവലില്‍ ഫിസിക്‌സും ഗണിതശാസ്ത്രവും പഠിച്ചിരിക്കണം.

അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് അവര്‍ക്ക് ‘ബാക്ക്‌ലോഗ്’ ഉണ്ടായിരിക്കരുത്. കൂടാതെ കോഴ്‌സ് ആരംഭിക്കുന്ന സമയത്ത് അവര്‍ നിശ്ചിത വിദ്യാഭ്യാസ യോഗ്യത പാസായതിന്റെ തെളിവ് സമര്‍പ്പിക്കേണ്ടി വരും.

Read Also : കെഎസ്ഇബിയിൽ 306 ഒഴിവുകൾ; പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനം

ആകെ 457 ഒഴിവുകളാണുള്ളത്. ഡെറാഢൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ 100 ഒഴിവുകളുണ്ട്. ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ 32 ഒഴിവുകളാണുള്ളത്. ഹൈദരാബാദിലെ എയര്‍ ഫോഴ്‌സ് അക്കാദമിയിലും 32 ഒഴിവുകളുണ്ട്. ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ (എസ്എസ്‌സി മെന്‍) 275 ഒഴിവുകളാണുള്ളത്. ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ (എസ്എസ്‌സി വിമന്‍ നോണ്‍ ടെക്‌നിക്കല്‍) 18 ഒഴിവുകളുമുണ്ട്.

കൊച്ചിയിലും, തിരുവനന്തപുരത്തുമാണ് കേരളത്തില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുള്ളത്. അഗര്‍ത്തല, ആഗ്ര, അജ്മീര്‍, അഹമ്മദാബാദ്, ഐസ്വാള്‍, അലിഗഡ്, അല്‍മോറ, അനന്ദ്പുര്‍, ഛത്രപതി സാംബാംജി നഗര്‍, ബെംഗളൂരു, ബറേയ്‌ലി, ഭോപ്പാല്‍, ബിലാസ്പുര്‍, ചണ്ഡീഗഡ്, ചെന്നൈ, കോയമ്പത്തൂര്‍, കട്ടക്ക്, ഡെറാഢൂണ്‍, ഡല്‍ഹി, ധര്‍മശാല, ധര്‍വാദ്, ദിസ്പുര്‍, ഫരിദാബാദ്, ഗാങ്‌ടോക്ക്, ഗയ, ഗൗതം ബുദ്ധ് നഗര്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. www.upsc.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വെബ്‌സൈറ്റിലെ വിജ്ഞാപനം വിശദമായി വായിച്ച് മനസിലാക്കി വേണം അപേക്ഷിക്കാന്‍.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ