UGC NET 2025: യുജിസി നെറ്റ് പരീക്ഷ ജൂണ്‍ 21 മുതല്‍; അപേക്ഷ ക്ഷണിച്ചു; വിശദവിവരങ്ങൾ ഇതാ
UGC NET June 2025 Application Begins: മെയ് 7 വരെയാണ് രജിസ്റ്റർ ചെയ്യാൻ സമയം അനുവദിച്ചിരിക്കുന്നത്. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർ മെയ് 8ന് രാത്രി 11.59ന് മുമ്പായി ഫീസ് അടയ്ക്കണം.

തിരുവനന്തപുരം: നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന യുജിസി നെറ്റ് പരീക്ഷ ജൂൺ 21 മുതൽ 30 വരെ നടക്കും. ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. മെയ് 7 വരെയാണ് രജിസ്റ്റർ ചെയ്യാൻ സമയം അനുവദിച്ചിരിക്കുന്നത്. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർ മെയ് 8ന് രാത്രി 11.59ന് മുമ്പായി ഫീസ് അടയ്ക്കണം.
അപേക്ഷയിൽ മാറ്റങ്ങൾ വരുത്താനും തെറ്റ് തിരുത്താനും മെയ് 9, 10 തീയതികളിൽ അവസരമുണ്ട്. 1,150 രൂപയാണ് അപേക്ഷ ഫീസ് വരുന്നത്. സാമ്പത്തിക പിന്നാക്കം നിൽക്കുന്നവർ, ഒബിസി വിഭാഗങ്ങൾ എന്നിവർക്ക് 600 രൂപയാണ് ഫീസ്. പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി വിഭാഗങ്ങൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും 325 രൂപയാണ് ഫീസ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് നടത്തുക. ഒരാൾ ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിക്കാൻ പാടുള്ളതല്ല. കൂടുതൽ വിശദാംശങ്ങൾക്ക് https://ugcnet.nta.ac.in സന്ദർശിക്കുക.
യുജിസി നെറ്റ് ജൂൺ 2025 കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് നടത്തുക. പരീക്ഷാ പേപ്പറിൽ രണ്ട് വിഭാഗങ്ങളുണ്ടാകും. രണ്ട് വിഭാഗങ്ങളിലും ഒബ്ജക്ടീവ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടായിരിക്കും. പേപ്പർ 1ൽ 100 മാർക്കിന്റെ 50 ചോദ്യങ്ങളും, പേപ്പർ 2ൽ 200 മാർക്കിന്റെ 100 ചോദ്യങ്ങളുമാണ് ഉണ്ടാവുക. പരീക്ഷയുടെ ആകെ ദൈർഘ്യം 3 മണിക്കൂറാണ്. ഓരോ ചോദ്യത്തിനും രണ്ട് മാർക്ക് വീതമാണ് ലഭിക്കുക. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്കില്ല.
ALSO READ: പ്ലസ് ടുക്കാർ കാത്തിരിക്കുന്ന പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് ഫലം; എന്ന് എപ്പോൾ പുറത്ത് വിടും?
യുജിസി നെറ്റ് ജൂൺ 2025: എങ്ങനെ അപേക്ഷിക്കാം?
- ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന ‘UGC-NET ജൂൺ-2025: രജിസ്റ്റർ ചെയ്യാൻ/ലോഗിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ആദ്യം രജിസ്റ്റർ ചെയ്ത ശേഷം ലോഗിൻ ചെയ്യുക.
- ഇനി അപേക്ഷാ ഫോം പൂരിപ്പിച്ച്, ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കുക.
- നിങ്ങളുടെ അപേക്ഷാ ഫോം അവലോകനം ചെയ്ത് സമർപ്പിക്കുക.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.