UGC NET Examination : നാളെ നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റി; കാരണം ഇതാണ്
UGC NET Examination Postponement : നാളെ നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ നാഷണൽ എൻടിഎ മാറ്റിവച്ചു. പൊങ്കൽ, മകരസംക്രാന്തി, മറ്റ് പ്രാദേശിക ഉത്സവങ്ങൾ എന്നിവ കണക്കിലെടുത്താണ് നടപടി. പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം. പുതിയ പരീക്ഷാ തീയതി പിന്നീട് . ജനുവരി 15ന് നിശ്ചയിച്ചിരുന്ന പരീക്ഷ മാത്രമാണ് മാറ്റിവച്ചത്
നാളെ (ജനുവരി 15) നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) മാറ്റിവച്ചു. പൊങ്കൽ, മകരസംക്രാന്തി, മറ്റ് പ്രാദേശിക ഉത്സവങ്ങൾ എന്നിവ കണക്കിലെടുത്താണ് നടപടി. പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ടിഎയുടെ തീരുമാനം. പുതിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. ജനുവരി 15ന് നിശ്ചയിച്ചിരുന്ന പരീക്ഷ മാത്രമാണ് മാറ്റിവച്ചത്. ജനുവരി 16ന് നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല.
“പൊങ്കൽ, മകരസംക്രാന്തി, മറ്റ് ഉത്സവങ്ങൾ എന്നിവ കണക്കിലെടുത്ത് 2025 ജനുവരി 15-ന് നടത്താനിരുന്ന യുജിസി നെറ്റ് 2024 ഡിസംബർ പരീക്ഷ മാറ്റിവയ്ക്കണമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് അപേക്ഷ ലഭിച്ചു. പരീക്ഷാര്‍ത്ഥികളുടെ താൽപ്പര്യാർത്ഥം, 2025 ജനുവരി 15-ന് മാത്രം നടത്താൻ നിശ്ചയിച്ചിരുന്ന യുജിസി നെറ്റ് ഡിസംബർ 2024 പരീക്ഷ മാറ്റിവയ്ക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചു. പരീക്ഷയുടെ പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും”- നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അറിയിപ്പില്‍ പറയുന്നു.
ജനുവരി 15ലെ പരീക്ഷ മാറ്റണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. പൊങ്കല്‍ ഉത്സവം കണക്കിലെടുത്ത് ജനുവരി 15ലെ പരീക്ഷ പുനഃക്രമീകരിക്കണമെന്ന് ഡിഎംകെ എംപി കനിമൊഴി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ടിരുന്നു.
ജനുവരി 15ലെ ആദ്യ ഷിഫ്റ്റില്‍ സംസ്‌കൃതം, മാസ് കമ്മ്യൂണിക്കേഷന്‍ & ജേണലിസം, ജാപ്പനീസ്, പെര്‍ഫോര്‍മിംഗ് ആര്‍ട്‌സ്, ലോ, നേപ്പാളി, വിമന്‍ സ്റ്റഡീസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്
എന്നീ വിഷയങ്ങളിലും, രണ്ടാം ഷിഫ്റ്റില്‍ ഇന്ത്യന്‍ നോളേജ് സിസ്റ്റം, മലയാളം, ഉര്‍ദു, ലേബര്‍ വെല്‍ഫെയര്‍, ഇലക്ട്രോണിക് സയന്‍സ്, ക്രിമിനോളജി, ട്‌ബൈല്‍ ലിറ്ററേച്ചര്‍, ഫോല്‍ക്ക് ലിറ്ററേച്ചര്‍, കൊങ്കണി എന്നിവയിലുമായിരുന്നു പരീക്ഷ നടക്കേണ്ടിയിരുന്നത്.
യുജിസി നെറ്റ് പരീക്ഷ
ജനുവരി മൂന്ന് മുതൽ 16വരെയാണ് യുജിസി നെറ്റ് പരീക്ഷ നടക്കുന്നത്. പരീക്ഷാർത്ഥികൾക്ക് യുജിസി നെറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in ൽ നിന്ന് അഡ്മിറ്റ് കാർഡ് എടുക്കാം. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായ ഇത് 85 വിഷയങ്ങളിലായി രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. പരീക്ഷാ തീയതി, സമയക്രമം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അഡ്മിറ്റ് കാര്‍ഡിലുണ്ട്.
Read Also : യുജിസി നെറ്റ് അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ഔദ്യോഗിക വെബ്‌സൈറ്റില്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ലഭ്യമാണ്. ഈ ലിങ്കില്‍ പ്രവേശിച്ചതിന് ശേഷം ആപ്ലിക്കേഷന്‍ നമ്പരും പാസ്‌വേഡും നല്‍കി ലോഗ് ഇന്‍ ചെയ്യണം. ഇങ്ങനെ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. ഇത് ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതാണ്.
അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിരുന്ന നിര്‍ദ്ദേശങ്ങള്‍ പരീക്ഷാര്‍ത്ഥികള്‍ വിശദമായി വായിച്ച് മനസിലാക്കണം. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അഡ്മിറ്റ് കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുപോകണം. പരീക്ഷയുമായി ബന്ധപ്പെട്ടുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സ്ഥിരമായി പിന്തുടരണം. ഇന്ത്യൻ സർവകലാശാലകളിലും കോളേജുകളിലും ‘അസിസ്റ്റന്റ് പ്രൊഫസർ’, ‘ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ’ എന്നിവയ്ക്കുള്ള ഇന്ത്യൻ പൗരന്മാരുടെ യോഗ്യത നിർണ്ണയിക്കുന്നതിനുള്ള പരീക്ഷയാണിത്.