UGC – Net Exam Scam : ഇത് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പിടിപ്പുകേട്; യോഗ്യതാ പരീക്ഷകളിലെ വിശ്വാസം നഷ്ടപ്പെട്ടു: പരീക്ഷ എഴുതിയവർ പ്രതികരിക്കുന്നു

UGC - Net Exam Scam Students Reaction : യുജിസി - നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിലുള്ള നിരാശയും വിമർശനവും പങ്കുവച്ച് വിദ്യാർത്ഥികൾ. ഏറെ ബുദ്ധിമുട്ടി പരീക്ഷ എഴുതിയവരോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും നാഷണൽ ടെസ്റ്റിങ് ഏജൻസിയും യുജിസിയും മറുപടി പറയണമെന്ന് വിദ്യാർത്ഥികൾ ടിവി9 മലയാളത്തോട് പ്രതികരിച്ചു.

UGC - Net Exam Scam : ഇത് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പിടിപ്പുകേട്; യോഗ്യതാ പരീക്ഷകളിലെ വിശ്വാസം നഷ്ടപ്പെട്ടു: പരീക്ഷ എഴുതിയവർ പ്രതികരിക്കുന്നു

UGC - Net Exam Scam Students Reaction (Image Courtesy _ ANI)

Updated On: 

22 Jun 2024 23:22 PM

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ (Neet Exam Scam) ചോർന്നതിനു പിന്നാലെ യുജിസി നെറ്റ് പരീക്ഷയുടെ (UGC – Net Exam Scam) ചോദ്യപേപ്പർ കൂടി ചോർന്നതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനെതിരെ വിമർശനം ശക്തമാവുകയാണ്. ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കിയത് മാസങ്ങൾ നീണ്ട തയ്യാറെടുപ്പിനും കോച്ചിംഗിനും ശേഷം പരീക്ഷയെഴുതിവർക്ക് കനത്ത നിരാശയാണ് സമ്മാനിച്ചത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയും യുജിസിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും കുറേക്കൂടി കാര്യക്ഷമമായി പരീക്ഷകൾ നടത്തണമെന്ന് പരീക്ഷ എഴുതിയവർ പറയുന്നു. ഇവരിൽ ചിലർ ഈ നിരാശയും വിമർശനവും ടിവി9 മലയാളത്തോട് പങ്കുവച്ചു.

ജേണലിസം പിജി വിദ്യാർത്ഥിയായ സരിത കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പിടിപ്പുകേട് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് വിമർശിച്ചു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളോട് മന്ത്രാലയം സമാധാനം പറയണം. പരീക്ഷയിൽ വിശ്വാസം നഷ്ടപ്പെട്ടു എന്നും പാലക്കാട് സ്വദേശിയായ സരിത പറയുന്നു.

“ഒരുപാട് പേർ ഈ പരീക്ഷ എഴുതിയിട്ടുണ്ട്. എല്ലാവരും നന്നായി കഷ്ടപ്പെട്ടാണ് എഴുതിയത്. ഞാൻ പഠിച്ചുകൊണ്ടിരിക്കെ എഴുതിയതാണ്. പക്ഷേ, പലരുടെയും കുടുംബ സാഹചര്യങ്ങൾ അങ്ങനെയല്ല. അത്തരത്തിൽ കുറേ പേരെ പരീക്ഷയ്ക്ക് പോയപ്പോൾ പരിചയപ്പെട്ടിരുന്നു. അവരൊക്കെ ഇതിനായി സമയം നീക്കിവച്ച് പരീക്ഷ എഴുതിയവരാണ്. ഇങ്ങനെ ഒരു ക്രമക്കേട് നടന്നു എന്നറിയുമ്പോൾ ഈ പരീക്ഷയോടുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടു. ഇനി എഴുതിയാലും ഇതിൽ എത്രത്തോളം കള്ളത്തരമുണ്ട്, പരീക്ഷയ്ക്ക് പഠിച്ചിട്ടോ എഴുതിയിട്ടോ കാര്യമുണ്ടോ എന്നിങ്ങനെയുള്ള സംശയങ്ങളുണ്ട്. പരീക്ഷയുടെ സുതാര്യത നഷ്ടപ്പെട്ടു. രണ്ട് മാസത്തോളമായി തയ്യാറെപ്പിലായിരുന്നു. കോച്ചിംഗിനു പോയിട്ടില്ല. യൂട്യൂബിൽ നിന്ന് ക്ലാസ് കേട്ടും പുസ്തകങ്ങൾ വായിച്ച് പഠിച്ചുമാണ് നെറ്റിനു തയ്യാറെടുത്തത്. അതിൻ്റെ പരിമിതികളുണ്ടായിരുന്നു. എങ്കിലും ആത്മവിശ്വാസമുണ്ടായിരുന്നു. പരീക്ഷ കുറച്ച് ബുദ്ധിമുട്ടായിരുന്നു.”- സരിത പ്രതികരിച്ചു.

Read Also: UGC- NET Exam Scam : നെറ്റ് പരീക്ഷാ ചോദ്യപേപ്പർ വിറ്റത് ആറ് ലക്ഷത്തിന്; 48 മണിക്കൂർ മുൻപ് ടെലഗ്രാമിലും ഡാർക്ക് വെബിലും പ്രചരിച്ചു: സിബിഐ

“കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പിടിപ്പുകേട് കാരണമാണ് ഇങ്ങനെയൊരു ക്രമക്കേടുണ്ടായത്. ലക്ഷക്കണക്കിനു വിദ്യാർത്ഥികളാണ് ഇതിനായി തയ്യാറെടുത്ത് പരീക്ഷയെഴുതിയത്. അവരോടൊക്കെ മറുപടി പറയാൻ വിദ്യാഭ്യാസ മന്ത്രാലയം ബാധ്യസ്ഥരാണ്. അവരുടെ നഷ്ടപ്പെട്ട സമയം, പണം തുടങ്ങിയവയ്ക്കൊക്കെ മന്ത്രാലയം സമാധാനം പറയണം. പരീക്ഷാ സെൻ്ററുകൾ തിരഞ്ഞുകണ്ടുപിടിച്ച് കഷ്ടപ്പെട്ട് എത്തി പല ബുദ്ധിമുട്ടുകൾ സഹിച്ചാണ് പരീക്ഷ എഴുതിയത്. പക്ഷേ, അതൊക്കെ പാഴായി. കഴിഞ്ഞ ഡിസംബറിലെ നെറ്റ് പരീക്ഷ എഴുതിയിരുന്നു. അത് ചെറിയ മാർക്കിനാണ് പോയത്. അത് കമ്പ്യൂട്ടർ ബേസ്ഡ് ആയിരുന്നു. ആ പരീക്ഷ എഴുതിയപ്പോൽ ആത്മവിശ്വാസമായി. ഇത്തവണ പാസാവുമെന്ന് തോന്നി.”- സരിത പറയുന്നു.

കൊല്ലം സ്വദേശിയും അഭിഭാഷകയുമായ ശ്രീപ്രിയയും സമാന അഭിപ്രായമാണ് പങ്കുവച്ചത്. ഇത്ര പ്രാധാന്യമള്ള പരീക്ഷ ശരിയായി നടത്താൻ കഴിയില്ലെങ്കിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി ഈ പരീക്ഷകൾ സംഘടപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ശ്രീപ്രിയ പറഞ്ഞു.

“ഞാനുൾപ്പെടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഏറെ തയ്യാറെടുപ്പുകൾ നടത്തിയാണ് പരീക്ഷ എഴുതിയത്. ഞാൻ കോച്ചിംഗിനു പോയിട്ടില്ല. പക്ഷേ, എൻ്റെ സുഹൃത്തുക്കൾ പലരും ഒരുപാട് കഷ്ടപ്പെട്ടതായി എനിക്കറിയാം. ഇത്രയും നാൾ പരീക്ഷ കമ്പ്യൂട്ടർ ബേസ്ഡ് ആയിരുന്നു. ഇത്തവണയാണ് അത് ഇങ്ങനെ ആക്കിയത്. ഇത്രയധികം പേർ എഴുതുന്ന ഒരു പരീക്ഷ കൃത്യമായി നടത്തേണ്ടതാണ്. ചോദ്യപേപ്പർ ചോരാതെ സൂക്ഷിക്കേണ്ടത് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെയും യുജിസിയുടെയും ചുമതലയാണ്. പിൻവാതിലിൽ കൂടി നിയമിക്കാനാണെങ്കിൽ എന്തിനാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ എഴുതുന്നവരിൽ ആകെ 20 ശതമാനം പേർ മാത്രമേ യോഗ്യത നേടൂ. അത്ര പ്രാധാന്യമുള്ള പരീക്ഷയാണ്. അത് ശരിയായ രീതിയിൽ നടത്താൻ കഴിയില്ലെങ്കിൽ ടെസ്റ്റിങ് ഏജൻസി ഈ പരീക്ഷകൾ സംഘടിപ്പിക്കുന്നത്.”- ശ്രീപ്രിയ പ്രതികരിച്ചു.

നീറ്റ് പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് 1500 വിദ്യാർഥികളിൽ പരീക്ഷ ഏജൻസി നാളെ റിടെസ്റ്റ് സംഘടിപ്പിക്കുകയാണ്. യുജിസി നെറ്റ് റദ്ദാക്കിയതിന് പുറമെ സിഎസ്ഐർ യുജിസി നെറ്റ്, നീറ്റ് പിജി പരീക്ഷകൾ നടത്തുന്നത് എൻടിഎ നീട്ടിവെച്ചു.

സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ