UGC Update: പ്ലസ്‌ടുവും ബിരുദവും ഏതുമാകട്ടെ, ഇനി ഇഷ്ടവിഷയങ്ങളിൽ ബിരുദവും പിജിയും പഠിക്കാം; അടിമുടി മാറ്റങ്ങളുമായി യുജിസി
UGC Drafts Flexible Guidelines for UG, PG Students: പുതിയ മാറ്റം വരുന്നതോടെ, പ്ലസ്‌ടുവിൽ ഏത് വിഷയം പഠിച്ചാലും, ബിരുദത്തിനും, ബിരുദാനന്തര ബിരുദത്തിനും ഇഷ്ടവിഷയങ്ങൾ തിരഞ്ഞെടുക്കാം. ഇതിനായി ദേശീയ തലത്തിലോ, സർവകലാശാല തലത്തിലോ നടത്തുന്ന പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയാൽ മതി.
ന്യൂഡൽഹി: പഠനരംഗത്ത് അടിമുടി മാറ്റങ്ങളുമായി യൂണിവേഴ്സിറ്റി ഓഫ് ഗ്രാന്റ്സ് കമ്മീഷന്റെ (യുജിസി) പുതിയ കരട് റിപ്പോർട്ട്. ബിരുദ, ബിരുദാനന്തര പഠനത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിലാണ് മാറ്റം കൊണ്ട് വരുന്നത്. യുജിസി ഇതിനു മുന്നേ അവതരിപ്പിച്ച പല ശുപാർശകളും കൂടി ചേർന്നതാണ് പുതിയ ഭേദഗതി നിർദേശങ്ങൾ. വിഷയത്തിൽ അഭിപ്രായങ്ങൾ അറിയിക്കാൻ ഡിസംബർ 23 വരെ അവസരം ഒരുക്കിയുട്ടുണ്ട്.
ഇതുവരെ പന്ത്രണ്ടാം ക്ലാസിലെ പഠന വിഷയത്തിന് അനുസരിച്ചാണ് ബിരുദത്തിന് വിഷയം തിരഞ്ഞെടുക്കാൻ കഴിയുക. പുതിയ മാറ്റം വരുന്നതോടെ, പ്ലസ്‌ടുവിൽ ഏത് വിഷയം പഠിച്ചാലും, ബിരുദത്തിനും, ബിരുദാനന്തര ബിരുദത്തിനും ഇഷ്ടവിഷയങ്ങൾ തിരഞ്ഞെടുക്കാം. ഇതിനായി ദേശീയ തലത്തിലോ, സർവകലാശാല തലത്തിലോ നടത്തുന്ന പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയാൽ മതി. അതുപോലെ, ഏത് വിഷയത്തിൽ ബിരുദം പൂർത്തിയാക്കിയാലും പ്രവേശന പരീക്ഷയിൽ യോഗ്യത നേടുന്നതിലൂടെ ഇഷ്ടവിഷയത്തിൽ പിജി പഠിക്കാം. കൂടാതെ, ഒരേ സമയം രണ്ടു വിഷയങ്ങളിൽ യുജി/പിജി പഠനവും അനുവദിക്കുന്നതാണ്.
വിദേശരാജ്യങ്ങളിലും മറ്റും അഡ്മിഷന് ഒരു വർഷത്തിൽ രണ്ടു തവണ ഇൻടേക്കുകൾ നടത്താറുണ്ട്. എന്നാൽ, ഇവിടെ കോളേജുകളിലും യുണിവേഴ്സിറ്റികളിലും ജൂലൈ – ഓഗസ്റ്റ് മാസങ്ങളിലായി ഒറ്റത്തവണ മാത്രമാണ് പ്രവേശനം നടക്കുന്നത്. എന്നാൽ, പുതിയ നിർദേശ പ്രകാരം ജനുവരി – ഫെബ്രുവരി മാസങ്ങളിലും പ്രവേശനം നടത്താം. അതോടൊപ്പം മൾട്ടിപ്പിൾ എൻട്രി / എക്സിറ്റ് അവസരവും ഒരുക്കും. വൊക്കേഷണൽ പ്രോഗ്രാമുകളിൽ നിന്നും പരമ്പരാഗത പ്രോഗ്രാമുകളിലേക്കും, പരമ്പരാഗത പ്രോഗ്രാമുകളിൽ നിന്നും വൊക്കേഷണൽ പ്രോഗ്രാമുകളിലേക്കും മാറാനുള്ള സൗകര്യവും ഒരുക്കാനാണ് നീക്കം.
ഹാജർ സംബന്ധിച്ച വിഷയത്തിലും മാറ്റം ഉണ്ടാകും. നിലവിൽ യൂണിവേഴ്സിറ്റിയാണ് ഹാജർ മാനദണ്ഡം തീരുമാനിക്കുന്നത്. എന്നാൽ, പുതിയ നിർദേശ പ്രകാരം ഗവേണിങ് കൗൺസിലിന്റെ അനുമതിയോടെ ഇനി സ്ഥാപനങ്ങൾക്ക് തന്നെ പ്രോഗ്രാമുകൾക്ക് അനുസരിച്ച് കുറഞ്ഞ ഹാജർ നില നിശ്ചയിക്കാം. പരീക്ഷാ കാര്യത്തിലും തീരുമാനങ്ങൾ എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം സ്ഥാപനങ്ങൾക്ക് നൽകും. പരീക്ഷയ്ക്കായി ഓൺലൈൻ, ഓഫ്‌ലൈൻ, വൈവ തുടങ്ങി ഏത് മാർഗവും സ്ഥാപനങ്ങൾക്ക് സ്വീകരിക്കാം. എന്നാൽ, അക്കാദമിക് ഘട്ടത്തിന്റെ തുടക്കത്തിൽ തന്നെ ഏത് രീതിയിലാണ് പരീക്ഷ നടത്താൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കണം. തുടർ മൂല്യ നിർണയം നിർബന്ധമാക്കി, അതിന് കൂടുതൽ പ്രാധാന്യം നൽകും.
ബിരുദ പഠനം പൂർത്തിയാക്കാൻ ആവശ്യമായുള്ള ക്രെഡിറ്റിറ്റിന്റെ പകുതിയെങ്കിലും പ്രധാന വിഷയത്തിന് വേണ്ടി മാറ്റിവെക്കണം. ബാക്കി ക്രെടിട്സ് നൈപുണ്യ കോഴ്‌സുകൾ, മൾട്ടിഡിസിപ്ലിനറി വിഷയങ്ങൾ, ഇന്റേൺഷിപ്പുകൾ എന്നിവയിലൂടെ നേടാം. ആറ് സെമെസ്റ്ററുകൾ വരുന്ന മൂന്ന് വർഷ ബിരുദം പൂർത്തിയാക്കാൻ ആവശ്യമായ ക്രെഡിറ്റുകൾ അഞ്ച് സെമസ്റ്ററിനുള്ളിൽ തന്നെ നേടിയും പഠനം പൂർത്തിയാക്കാൻ കഴിയും. എട്ട് സെമെസ്റ്ററുകളുള്ള നാല് വർഷ ബിരുദ കോഴ്സ് ആണെങ്കിൽ, ആവശ്യമായ ക്രെഡിറ്റ്സ് നേടി ആറാം സെമെസ്റ്ററിൽ തന്നെ പഠന പൂർത്തിയാക്കാൻ സാധിക്കും. കൂടാതെ, ഫിസിക്സ്, മാത്‍സ് തുടങ്ങിയ വിഷയങ്ങളിൽ നാല് വർഷ ബിരുദം നേടുന്നവർക്ക് എംടെക്, എംഇ പ്രോഗ്രാമുകളിൽ ചേരാനുള്ള അവസരവും ലഭിക്കും.