Textbooks must be revised: എല്ലാ വർഷവും പുസ്തകങ്ങൾ നവീകരിക്കണം; എൻസിഇആർടിയോട് വിദ്യാഭ്യാസമന്ത്രാലയം
ഇനിമുതൽ എല്ലാ വർഷവും പുസ്തകങ്ങൾ നവീകരിക്കണമെന്നാണ് എൻസിഇആർടിയ്ക്ക് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നൽകിയിരിക്കുന്ന നിർദേശം.
ന്യൂഡൽഹി: പാഠപുസ്തകങ്ങൾ വാർഷികാടിസ്ഥാനത്തിൽ നവീകരിക്കണമെന്ന് എൻസിഇആർടിയ്ക്ക് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിൻ്റെ നിർദ്ദേശം. നിലവിൽ പാഠപുസ്തകങ്ങളിൽ ആനുകാലികമായ മാറ്റങ്ങൾ വരുത്തുന്നതിനാണ് ചുമതലയുള്ളത്. എന്നാൽ ഇനിമുതൽ എല്ലാ വർഷവും പുസ്തകങ്ങൾ നവീകരിക്കണമെന്നാണ് എൻസിഇആർടിയ്ക്ക് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നൽകിയിരിക്കുന്ന നിർദേശം.
ഒരിക്കൽ അച്ചടിച്ച പുസ്തകങ്ങൾ അതേപടി അടുത്തവർഷവും അച്ചടിക്കുന്ന രീതി ഇനി ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ കേന്ദ്രം ആവശ്യപ്പെടുന്നുണ്ട്. എല്ലാ അധ്യയനവർഷത്തിനും മുൻപ് ടെക്സ്റ്റ് ബുക്ക് റിവ്യൂ നടപ്പാക്കുകയും പാഠപുസ്തകങ്ങൾ പൂർണമായും കാലാനുസൃതമാക്കുകയും വേണം.
ശാസ്ത്രസാങ്കേതിക മേഖലകളിൽ അനുദിനം പുതിയ മാറ്റങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ പാഠപുസ്തകങ്ങളിൽ അതിനനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. പുതിയ പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയിട്ടുള്ള പുസ്തകങ്ങൾ 2026-ൽ ലഭ്യമാക്കും. ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
പുതിയ പാഠ്യപദ്ധതി അനുസരിച്ച് എല്ലാ ക്ലാസുകൾക്കും എല്ലാ പാഠപുസ്തകങ്ങളും തയ്യാറാക്കാൻ കുറഞ്ഞത് രണ്ടുവർഷമെങ്കിലും ആവശ്യമാണെന്നും കേന്ദ്രം നിർദ്ദേശത്തിൽ പറയുന്നുണ്ട്.
അതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്‌റ്റ് വിദ്യാർഥികൾക്ക് പാഠപുസ്‌തകം വിതരണം ചെയ്യാതിരിക്കാനുള്ള കാരണമാകില്ലെന്ന വിമർശിച്ച് ഡൽഹി ഹൈക്കോടതി. കെജ്രിവാൾ ഇല്ലെന്ന കാരണത്താൽ കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ആക്‌റ്റിങ്ങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പ്രീതം സിങ് അറോറ എന്നിവർ അംഗങ്ങളായ ബെഞ്ചാണ് ഇക്കാര്യം ചൂണ്ടികാട്ടിയത്.
ദേശീയ താൽപര്യങ്ങളും പൊതുതാൽപര്യങ്ങളും കണക്കിലെടുത്ത് മുഖ്യമന്ത്രി പദവി കൈയ്യാളുന്ന വ്യക്തികൾ ദീർഘകാലമോ അനിശ്‌ചിതകാലമോ ഓഫീസിൽ ഇല്ലാതിരിക്കുന്നത് ഉചിതമല്ലെന്ന നിരീക്ഷണവും ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.