NEET Exam Row: നീറ്റ് പരീക്ഷ ക്രമക്കേട്; എൻടിഎ നിരോധിക്കണമെന്ന് ആവശ്യമുന്നയിച്ച് ഡൽഹി ജന്തർമന്തറിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
NEET Paper Leak Row: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന പ്രസ്താവന അപലപനീയമാണെന്നും വിദ്യാർത്ഥികൾക്ക് നീതി ലഭിക്കണമെന്നും പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു. അഗ്നിവീർ പദ്ധതി നിർത്തലാക്കണമെന്നും പ്രതിഷേധത്തിൽ ആവശ്യമുന്നയിക്കുന്നുണ്ട്.
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ (NEET Exam Row) ജന്തർമന്തറിൽ പ്രതിഷേധ സമരവുമായി യൂത്ത് കോൺഗ്രസ് (Youth Congress protest) പ്രവർത്തകർ. എൻടിഎ നിരോധിക്കുക, നീറ്റ് വീണ്ടും നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തുന്നത്. അഗ്നിവീർ പദ്ധതി നിർത്തലാക്കണമെന്നും പ്രതിഷേധത്തിൽ ആവശ്യമുന്നയിക്കുന്നുണ്ട്. ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസിന്റെ നേതൃത്വത്തിൽ ആണ് സമരം നടക്കുന്നത്.
ഭഗത് സിംഗ് ഛത്ര ഏക്താ മഞ്ച് (ബിഎസ്‌സിഇഎം), ഓൾ ഇന്ത്യ സ്റ്റുഡൻ്റ്‌സ് അസോസിയേഷൻ (ഐസ), ക്രാന്തികാരി യുവ സംഘടന, ദിഷ, സ്റ്റുഡൻ്റ്‌സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്ഐഒ) എന്നിവയിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികളും ജന്തർ മന്തറിൽ നടന്ന പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന പ്രസ്താവന അപലപനീയമാണെന്നും പറഞ്ഞ ബിവി ശ്രീനിവാസ് വിദ്യാർത്ഥികൾക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടു. പരീക്ഷയെഴുതിയവരിൽ കൂടുതലും ദരിദ്രരായ വിദ്യാർത്ഥികളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം സിബിഐക്ക് വിട്ടു
അതേസമയം യുജി നീറ്റ് പരീക്ഷ ക്രമക്കേട് അന്വേഷണം സിബിഐക്ക് വിട്ടിരുന്നു. അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസർക്കാരാണ് പുറത്തിറക്കിയത്. സിബിഐയിലൂടെ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കേസ് അന്വേഷണം നടത്തുന്നതിലൂടെ പരീക്ഷ സമ്പ്രദായത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനാണ് നടപടിയെന്നും കേന്ദ്രം വിശദീകരിക്കുന്നു. നീറ്റ് പരീക്ഷ ക്രമക്കേടിലെ മുഖ്യ കണ്ണിയായ സഞ്ജീവ് മൂഖിയക്കായി തെരച്ചിൽ തുടരുകയാണ്. അതിനിടെ എൻടിഎയുടെ ഡയക്ടർ ജനറൽ സുബോദ് കുമാറിനെ കേന്ദ്രം തൽസ്ഥാനത്ത് നിന്നും നീക്കിയിരുന്നു.
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്, യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ നെറ്റ് എന്നീ പരീക്ഷകളുടെ ചോദ്യപേപ്പറുകളൾ ചോർന്ന സംഭവത്തെ തുടർന്നാണ് എൻടിഎ ഡിജി സുബോദ് കുമാറിനെതിരെ കേന്ദ്രം നടപടി സ്വീകരിച്ചത്. പകരം വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ പ്രദീപ് സിങ് കറോളയ്ക്ക് എൻടിഎ ഡിജിയുടെ താൽക്കാലിക ചുമതല നൽകുകയും ചെയ്തിരുന്നു.
ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ മാനേജിങ് ഡയറക്ടറായ പ്രദീപ് സിങ് കറോളയ്ക്കാണ് എൻടിഎ ഡിജിയുടെ അധിക ചുമതല കേന്ദ്ര നൽകിയിരിക്കുന്നത്. ഇന്ന് 1500 വിദ്യാർഥികൾക്കുള്ള നീറ്റിന്റെ റീടെസ്റ്റ് നടക്കാനിരിക്കെയാണ് പരീക്ഷ ഏജൻസിയുടെ തലവനെ നീക്കം ചെയ്തുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി.