Vidhyadhanam scholarship: ഒന്നാംക്ലാസ് മുതൽ പോക്കറ്റ് മണി സർക്കാർ വക ; വിദ്യാധനം സ്കോളർഷിപ്പിനു അപേക്ഷിക്കാനുള്ള സമയമായി
Vidyadhanam scholarship : ഭർത്താവ് ഉപേക്ഷിച്ചവർ, ഭർത്താവിനെ കാണാതായി ഒരുവർഷം പിന്നിട്ടവർ, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മയായവർ, ഭർത്താവിന് നട്ടെല്ലിനു ക്ഷതമോ പക്ഷാഘാതമോ നിമിത്തം ജോലിചെയ്യാനാകാത്തവിധം കിടപ്പിലായ കുടുംബത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം
ഹരിപ്പാട്: വനിതകൾ ഗൃഹനാഥരായ കുടുംബത്തിലെ ഒന്നാം ക്ലാസ് മുതൽ ബിരുദതലം വരെയുള്ള വിദ്യാർഥികൾക്ക് വനിത -ശിശു വികസന വകുപ്പിന്റെ വിദ്യാധനം സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അവസരം. www.scemes.wcd.kerala.gov.in എന്ന വെബ് പോർട്ടലിൽ വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഡിസംബർ 15 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകാർക്ക് വർഷം 3,000 രൂപയാണ് സ്‌കോളർഷിപ്പ് തുകയായി ലഭിക്കുക.
ആറാം ക്ലാസ് മുതൽ 10 വരെ 5,000 രൂപയാണ് ലഭിക്കുക. ഹയർസെക്കൻഡറിയിൽ 7,500 രൂപയും ലഭിക്കും. ബിരുദതലത്തിൽ 10,000 രൂപയാണ് ലഭിക്കുക. ബി.പി.എൽ. കുടുംബവും മക്കൾ സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്നവരുമാകണം എന്ന നിർബന്ധമുണ്ട്. അത്തരക്കാരാണ് അപേക്ഷിക്കേണ്ട്. എ.പി.എൽ. ആണെങ്കിൽ അർഹതപ്പെട്ട വിഭാഗമാണെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ മറക്കരുത്.
കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സ്കോളർഷിപ്പ് ലഭിക്കാത്ത വിദ്യാർഥികളെ മാത്രമേ പരിഗണിക്കൂ എന്നതും പ്രത്യേകം ശ്രദ്ധിക്കണം. കുടുംബത്തിൽ പരമാവധി രണ്ടു കുട്ടികൾക്ക് അപേക്ഷിക്കാം എന്നാണ് ചട്ടം. ഭർത്താവ് ഉപേക്ഷിച്ചവർ, ഭർത്താവിനെ കാണാതായി ഒരുവർഷം പിന്നിട്ടവർ, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മയായവർ, ഭർത്താവിന് നട്ടെല്ലിനു ക്ഷതമോ പക്ഷാഘാതമോ നിമിത്തം ജോലിചെയ്യാനാകാത്തവിധം കിടപ്പിലായ കുടുംബത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം എന്നതാണ് നിയമം.
ആവശ്യമായ രേഖകൾ
- അപേക്ഷിക്കാനായി റേഷൻകാർഡ്,
- വോട്ടർ ഐ.ഡി.
- അമ്മയുടെയും കുട്ടിയുടെയും ആധാർ കാർഡ്
- ഇരുവരുടെയും ഒന്നിച്ചുള്ള ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ
- ഭർത്താവ് ഉപേക്ഷിച്ചുപോയവരും ഭർത്താവിനെ കാണാതായി ഒരു വർഷം പിന്നിട്ടവരും വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം
- വിവാഹബന്ധം വേർപെടുത്തിയവർക്ക് കോടതി ഉത്തരവിന്റെ പകർപ്പു വേണം
- ഭർത്താവിന് നട്ടെല്ലിനു ക്ഷതം സംഭവിച്ചവരും പക്ഷാഘാതം നിമിത്തം ജോലിചെയ്യാൻ കഴിയാത്ത സാഹചര്യമുള്ളവരും ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് അത്യാവശ്യമാണ്.
- നിയമപരമായി വിവാഹിതരല്ലാത്ത അമ്മമാർക്ക് ഐ.സി.ഡി.എസ്. സൂപ്പർവൈസറുടെ സാക്ഷ്യപത്രം
- പുനർവിവാഹിതരല്ലെന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്