SSC Exam: ഇനി കളി മാറും; എസ്എസ്‌സി പരീക്ഷ ഇനി പഴയതു പോലെയല്ല; അടിമുടി മാറ്റം
SSC examinations New change: ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത്, അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ, പരീക്ഷാ കേന്ദ്രത്തിൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി എസ്‌എസ്‌സി പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് ആധാർ ഉപയോഗിച്ച് ഐഡന്റിറ്റി വെരിഫിക്കേഷനുള്ള ഓപ്ഷനുണ്ടായിരിക്കും

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) പരീക്ഷാ രീതികളില്‍ മാറ്റം വരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. മെയ് മുതൽ വരാനിരിക്കുന്ന എല്ലാ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ക്കും ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷന്‍ ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐഡന്റിറ്റി വെരിഫിക്കേഷൻ മെച്ചപ്പെടുത്തുന്നതിനും, തട്ടിപ്പുകള്‍ തടയുന്നതിനുമാണ് ഈ മാറ്റം നടപ്പിലാക്കുന്നത്.വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമുള്ള നോൺ-ഗസറ്റഡ് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് എസ്എസ്‌സിയാണ്.
ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത്, അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ, പരീക്ഷാ കേന്ദ്രത്തിൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി എസ്‌എസ്‌സി പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് ആധാർ ഉപയോഗിച്ച് ഐഡന്റിറ്റി വെരിഫിക്കേഷനുള്ള ഓപ്ഷനുണ്ടായിരിക്കും. വരാനിരിക്കുന്ന പരീക്ഷകളിൽ ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷന്‍ നടപ്പിലാക്കാൻ കമ്മീഷൻ തീരുമാനിച്ചെന്ന് നോട്ടീസില്‍ പറയുന്നു.
2023 സെപ്റ്റംബർ 12-ന് പുറപ്പെടുവിച്ച ഒരു വിജ്ഞാപനത്തിൽ, വ്യവസ്ഥകളും യുഐഡിഎഐ പുറപ്പെടുവിച്ച എല്ലാ അനുബന്ധ നിയമങ്ങളും ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെങ്കിൽ, കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം എസ്‌എസ്‌സിക്ക് സ്വമേധയാ ആധാർ ഓതന്റിക്കേഷന്‍ നടത്താന്‍ അനുമതി നല്‍കിയിരുന്നു. കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ, കമ്പൈൻഡ് ഹയര്‍ സെക്കന്‍ഡറി ലെവൽ പരീക്ഷ തുടങ്ങി നിരവധി പരീക്ഷകള്‍ എല്ലാ വര്‍ഷവും എസ്എസ്‌സി നടത്തുന്നു.




Read Also: KEAM 2025: കീം 2025; പരീക്ഷാത്തീയതിയില്‍ മാറ്റം ആവശ്യപ്പെട്ടിരുന്നോ? എങ്കില്‍ ഇക്കാര്യം അറിയണം
കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് ഏജൻസികളിൽ ഒന്നാണ് എസ്‌എസ്‌സി. ബയോമെട്രിക്, ഡെമോഗ്രാഫിക് ഡാറ്റകളുടെ അടിസ്ഥാനത്തിൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന 12 അക്ക നമ്പറാണ് ആധാർ.
ആധാർ അടിസ്ഥാനമാക്കിയുള്ള ആധികാരികത ഉറപ്പാക്കുന്നത് പരീക്ഷാ തട്ടിപ്പുകള്‍ ഇല്ലാതാക്കുമെന്നാണ് വിലയിരുത്തല്‍. എസ്‌എസ്‌സിയും യുപിഎസ്‌സിയും രാജ്യത്തുടനീളം നടത്തുന്ന പരീക്ഷകള്‍ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് എഴുതുന്നത്.