5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CBSE Three Language Formula: ‘ഹിന്ദി അടിച്ചേൽപ്പിക്കരുത്’: സിബിഎസ്ഇയുടെ ത്രിഭാഷാ നയത്തെ കുറിച്ച് വിദഗ്ദർ പറയുന്നതിങ്ങനെ

CBSE Three Language Formula Controversy: 2020ലെ പൊതു വിദ്യാഭ്യാസ നയം ഒരു സംസ്ഥാനത്തിനും മേൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നില്ല എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആവർത്തിച്ചു. ഈ നയത്തോടുള്ള തമിഴ്‌നാടിന്റെ എതിർപ്പ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

CBSE Three Language Formula: ‘ഹിന്ദി അടിച്ചേൽപ്പിക്കരുത്’: സിബിഎസ്ഇയുടെ ത്രിഭാഷാ നയത്തെ കുറിച്ച് വിദഗ്ദർ പറയുന്നതിങ്ങനെ
പ്രതീകാത്മക ചിത്രം Image Credit source: PTI
nandha-das
Nandha Das | Published: 04 Mar 2025 13:31 PM

സിബിഎസ്ഇയുടെ കരട് നയത്തെച്ചൊല്ലിയുള്ള വിവാദങ്ങളാണ് സമീപകാലത്ത് വലിയ ചർച്ചയാകുന്നത്. സിബിഎസ്ഇ പുറത്തിറക്കിയ പുതിയ കരട് നയത്തിൽ ആദ്യം നിരവധി പ്രാദേശിക ഭാഷകളെ അതിന്റെ ചട്ടക്കൂടിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടവെച്ചു. ഹിന്ദി അടിച്ചേല്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം എന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെ അടുത്ത ദിവസം തന്നെ പ്രാദേശിക ഭാഷകളെ ഒഴിവാക്കുന്നില്ലെന്ന് അറിയിച്ചു കൊണ്ട് സിബിഎസ്ഇ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ഇപ്പോഴിതാ വിദ്യാഭ്യാസ വിദഗ്ധൻ ഡോ. വി. നിരഞ്ജനാരാധ്യ വി.പി. ഈ നീക്കത്തെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. എല്ലാ ഭാഷകളെയും ഒരു പോലെ ബഹുമാനിക്കണമെന്ന് അദ്ദേഹം പറയുന്നു. ന്യൂസ്18 നോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ഏതൊരു സർക്കുലറും നോക്കിയാൽ, ത്രിഭാഷാ നയത്തിലൂടെയോ അല്ലാതെയോ ഹിന്ദിയെ മുന്നോട്ട് കൊണ്ടുപോകാനുള്ള വ്യക്തമായ ഒരു അജണ്ട കാണാൻ കഴിയും. 1968 ലെ ആദ്യത്തെ ഔദ്യോഗിക നയം മുതൽ ഈ പ്രവണത തുടർന്ന് വരികയാണ്. ദക്ഷിണേന്ത്യയിൽ, സംസ്ഥാനങ്ങൾ ത്രിഭാഷാ നയം പിന്തുടരുന്നു. അതിൽ മൂന്നാം ഭാഷയായി ഹിന്ദിയും ഉൾപ്പെടുത്തുന്നു. എന്നാൽ ഉത്തരേന്ത്യയിൽ, ഹിന്ദിക്കും ഇംഗ്ലീഷിനുമൊപ്പം ഒരു ദക്ഷിണേന്ത്യൻ ഭാഷ ഉൾപ്പെടുത്തുകയോ ഈ ഫോർമുല ശരിയായി നടപ്പിലാക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടാണ് ഇന്ന് ഇതിനെതിരെ ഇത്രയധികം എതിർപ്പുകൾ ഉയരുന്നത്.” എന്നും അദ്ദേഹം പറഞ്ഞു.

2026 മുതൽ പത്താം ക്ലാസിലേക്ക് രണ്ട് ബോർഡ് പരീക്ഷകൾ നിർദ്ദേശിച്ചു കൊണ്ടുള്ള സിബിഎസ്ഇയുടെ ഏറ്റവും പുതിയ കരടിൽ, ഇംഗ്ലീഷ് (ഭാഷ 1), ഹിന്ദി (ഭാഷ 2), ശാസ്ത്രം, ഗണിതം, സാമൂഹിക ശാസ്ത്രം എന്നീ അഞ്ച് പ്രധാന വിഷയങ്ങൾ ആണ് ആദ്യം പട്ടികപ്പെടുത്തിയിരുന്നത്. ഇതിൽ കന്നഡ, തെലുങ്ക്, മലയാളം, പഞ്ചാബി തുടങ്ങിയ പ്രാദേശിക ഭാഷകൾ ഇല്ലായിരുന്നു. ഇതിനെതിരെ ഉയർന്ന ശക്തമായ എതിർപ്പിനെത്തുടർന്ന്, സിബിഎസ്ഇ ഈ ഭാഷകൾ പുനഃസ്ഥാപിക്കുകയും നിലവിലുള്ള എല്ലാ വിഷയങ്ങളും ഭാഷകളും തുടർന്നും നൽകുമെന്ന് വ്യക്തമാക്കുന്ന ഒരു അനുബന്ധം പുറപ്പെടുവിക്കുകയും ചെയ്തു.

ALSO READ: സിയുഇടി-യുജി പരീക്ഷ 2025: വിദ്യാർഥികൾക്ക് ഇനി അഞ്ച് വിഷയങ്ങളിൽ പരീക്ഷ അഭിമുഖീകരിക്കാം

2020ലെ പൊതു വിദ്യാഭ്യാസ നയം ഒരു സംസ്ഥാനത്തിനും മേൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നില്ല എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആവർത്തിച്ചു. ഈ നയത്തോടുള്ള തമിഴ്‌നാടിന്റെ എതിർപ്പ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയം ഹിന്ദിയിൽ മാത്രമല്ല, മാതൃഭാഷയിലും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നുവെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി ഉറപ്പുനൽകി. ‘വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കും. തമിഴ്‌നാട്ടിൽ അത് തമിഴായിരിക്കും’ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പത്താം ക്ലാസിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്തുന്നതിനുള്ള കരട് നയത്തിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അനുബന്ധം പുറത്തിറക്കിയിട്ടുണ്ട്. 2025-26 അക്കാദമിക് സെഷനിൽ എല്ലാ ഭാഷകളും തുടർന്നും ഉണ്ടാകുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ഫെബ്രുവരി 25 ന് സിബിഎസ്ഇ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ കരട് നയം പ്രസിദ്ധീകരിച്ചതിനു പിന്നാലെ കന്നഡ, തെലുങ്ക്, മലയാളം, പഞ്ചാബി, മറ്റ് ഭാഷകൾ എന്നിവ പ്രാദേശിക ഭാഷകളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. അതോടെ ഈ പ്രാദേശിക ഭാഷകൾ എല്ലാം തന്നെ ഇനിയും തുടരുമെന്ന് അറിയിച്ചുകൊണ്ട് സിബിഎസ്ഇ ഫെബ്രുവരി 26 ന് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.