SET Exam Answer Key: സെറ്റ് പരീക്ഷ 2025; ഉത്തരസൂചികയിൽ വ്യാപക പിഴവുകളെന്ന് പരീക്ഷാർഥികൾ
SET Exam 2025 Answer Key Errors: കണക്കിൽ എട്ടും, ബോട്ടണിയിൽ അഞ്ചും, ധനതത്ത്വശാസ്ത്രത്തിൽ നാലും, കൊമേഴ്‌സിലും ഹിസ്റ്ററിയിലും മൂന്നും, ജനറൽ പേപ്പറിൽ രണ്ടും ഉൾപ്പടെ പല വിഷയങ്ങങ്ങളിലെ ഉത്തരസൂചികയും ചലഞ്ച് ചെയ്യപ്പെട്ടിട്ടുണ്ട്.

മലപ്പുറം: ഹയർസെക്കൻഡറി അധ്യാപക യോഗ്യതാ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് അഥവാ സെറ്റ് പരീക്ഷയുടെ ഉത്തരസൂചികയിൽ വ്യാപക പിഴവുകളെന്ന് പരാതി. ഉത്തര സൂചികയിൽ തെറ്റുണ്ടെങ്കിൽ ഓരോ തെറ്റുത്തരവും ചൂണ്ടിക്കാട്ടാൻ അല്ലെങ്കിൽ ചലഞ്ച് ചെയ്യാൻ പരീക്ഷാർത്ഥികൾ 300 രൂപ വീതം ഫീസ് അടയ്ക്കണം. എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആണ് സർക്കാരിന് വേണ്ടി സെറ്റ് പരീക്ഷ നടത്തുന്നത്.
ഫെബ്രുവരി രണ്ടിന് ജനറൽ പേപ്പറിന് പുറമെ മൊത്തം 31 വിഷയങ്ങളിലാണ് സെറ്റ് പരീക്ഷ നടന്നത്. പരീക്ഷ കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം തന്നെ ഉത്തര സൂചികയും പുറത്തുവിട്ടു. ഇതിൽ ഒട്ടേറെ തെറ്റുകൾ ഉണ്ടെന്നതാണ് ഇപ്പോൾ ഉയരുന്ന പരാതി. ഉത്തരസൂചികയിൽ നൽകിയിരിക്കുന്ന ഉത്തരം തെറ്റാണെന്നും ശരിയായ ഉത്തരം ചൂണ്ടികാണിച്ചും, ആധികാരിക വിവരങ്ങൾ സഹിതം വേണം ചലഞ്ച് ചെയ്യാൻ. അംഗീകൃത പാഠപുസ്തകങ്ങൾ, ആധികാരിക ഗ്രന്ഥങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള ഭാഗങ്ങളുടെ പകർപ്പ് സഹിതം വേണം ഉത്തര സൂചികയിലെ തെറ്റുത്തരങ്ങൾ ചലഞ്ച് ചെയ്യാൻ.
കണക്കിൽ എട്ടും, ബോട്ടണിയിൽ അഞ്ചും, ധനതത്ത്വശാസ്ത്രത്തിൽ നാലും, കൊമേഴ്‌സിലും ഹിസ്റ്ററിയിലും മൂന്നും, ജനറൽ പേപ്പറിൽ രണ്ടും ഉൾപ്പടെ പല വിഷയങ്ങങ്ങളിലെ ഉത്തരസൂചികയും ചലഞ്ച് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനിടെ മലയാളം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഉത്തരസൂചികയിൽ തെറ്റുണ്ടായിട്ടും പരീക്ഷാർത്ഥികൾ ആരും ചലഞ്ച് ചെയ്തിട്ടില്ലെന്ന് കോട്ടയത്തെ എംജി സർവകലാശാലാ ബിഎഡ് സെന്ററിലെ അധ്യാപിക കെ ബിന്ദു രാജ് പറഞ്ഞു.
ALSO READ: ക്ലാസുകൾ പൂർത്തിയായില്ല; ഫെബ്രുവരിയിൽ നടത്താനിരുന്ന എട്ട്, ഒൻപത് ക്ലാസുകളിലെ ചില പരീക്ഷകൾ മാറ്റി
അതേസമയം, ചലഞ്ച് ചെയ്ത ചോദ്യങ്ങളുടെ കാര്യത്തിൽ എൽബിഎസ് എന്ത് നിലപാടാണ് സ്വീകരിക്കുക എന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്ന് പരീക്ഷാർത്ഥികൾ പറയുന്നു. ഉത്തരസൂചികയിലെ നാല് ചോദ്യങ്ങൾ ചലഞ്ച് ചെയ്യണമെങ്കിൽ 1200 രൂപ അടയ്‌ക്കേണ്ടി വരും. അധ്യാപക യോഗ്യതാ നിർണയ പരീക്ഷ ആയിട്ടുപോലും എൽബിഎസ് പോലൊരു ഏജൻസി ഇത്രയും നിരുത്തുരവാദപരമായ സമീപനം സ്വീകരിക്കുന്നതിലും, ഇനിയുള്ള തീരുമാനം എന്താകുമെന്ന ആശങ്കയിലുമാണ് പരീക്ഷാർത്ഥികൾ.
നിരുത്തുരവാദപരമായി പരീക്ഷ നടത്തുകയും തെറ്റ് ചൂണ്ടിക്കാണിക്കാൻ വൻ തുക ഈടാക്കുകയും ചെയ്യുന്നത് വഴി പരീക്ഷയെ പണമുണ്ടാക്കാനുള്ള മാർഗമായി കാണുകയാണ് കാലിക്കറ്റ് സർവകലാശാല എന്ന് ബിഎഡ് സെന്ററിലെ പ്രിൻസിപ്പൽ ആയ ഗോപാലൻ മങ്കട പറഞ്ഞു.