School Fees Hike: സ്കൂൾ ഫീസ് കൂട്ടിയത് 80 ശതമാനം വരെ, കടം വാങ്ങിയും വായ്പ എടുത്തും വിദ്യാഭ്യാസം,
തമിഴ്‌നാടും മഹാരാഷ്ട്രയും മാത്രമാണ് സ്‌കൂൾ ഫീസിൻ്റെ നിയന്ത്രണം കൊണ്ടു വരുന്നത്. പുതിയ അധ്യയന വർഷത്തിനായി സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ, ഫീസ് വർദ്ധന എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് മിക്ക രക്ഷിതാക്കളും

ന്യൂഡൽഹി: വർഷം തോറും സ്കൂൾ പഠനത്തിൻ്റെ ചിലവ് കൂടിക്കൊണ്ടിരിക്കുന്നെന്ന് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്തെ വിവിധ സ്കൂളുകളിലെ ഫീസ് പലമടങ്ങ് വർദ്ധിച്ചതായാണ് റിപ്പോർട്ട്. ഫീസ് 50-80 ശതമാനമോ അതിൽ കൂടുതലോ വർദ്ധിച്ചതായാണ് ദേശിയതലത്തിൽ നടന്ന പുതിയ സർവ്വേയിലെ കണ്ടെത്തൽ. ബെംഗളൂരു മുതൽ ഡൽഹി വരെയുള്ള നിരവധി രക്ഷിതാക്കൾ സർവ്വേയിൽ വിവരങ്ങൾ നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിൾസാണ് സർവ്വേ നടത്തിയത്. ഇന്ത്യയിലെ 309 ജില്ലകളിലായി 31,000 രക്ഷിതാക്കൾ സർവ്വേയുടെ ഭാഗമായി.
അമിത ഫീസ് വർദ്ധനവ് നിയന്ത്രിക്കാൻ തങ്ങളുടെ സംസ്ഥാന സർക്കാരുകൾ വേണ്ടത്ര നടപടികൾ കൈക്കൊള്ളുന്നില്ലെന്ന് 93% രക്ഷിതാക്കളും കുറ്റപ്പെടുത്തി. തമിഴ്‌നാടും മഹാരാഷ്ട്രയും മാത്രമാണ് സ്‌കൂൾ ഫീസിൻ്റെ നിയന്ത്രണം കൊണ്ടു വരുന്നത്. പുതിയ അധ്യയന വർഷത്തിനായി സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ, ഫീസ് വർദ്ധന എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് മിക്ക രക്ഷിതാക്കളും. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അമിത ഫീസ് വർദ്ധന സംബന്ധിച്ച് 100-ലധികം പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സർവേ നടത്തിയതെന്ന് ലോക്കൽ സർക്കിൾസിൻ്റെ സ്ഥാപകനായ സച്ചിൻ തപാരിയ പറയുന്നു.
ഫീസ് 80% ൽ കൂടുതൽ വർദ്ധിച്ചു
സർവേയിൽ പങ്കെടുത്തവരിൽ 8% പേരും തങ്ങളുടെ കുട്ടികളുടെ സ്കൂൾ ഫീസ് 80% ൽ കൂടുതൽ വർദ്ധിച്ചതായാണ് പറഞ്ഞത് 36% പേർ 50% നും 80% നും ഇടയിൽ വർദ്ധനവ് ചൂണ്ടിക്കാട്ടി. മറ്റൊരു 8% പേർ തങ്ങളുടെ വാർഡിലെ സ്കൂളിലെ സ്കൂൾ ഫീസ് 30% മുതൽ 50% വരെ വർദ്ധിച്ചതായി പറഞ്ഞു. അതേസമയം
അമിതമായ ഫീസ് വർദ്ധനവ് സംസ്ഥാന സർക്കാർ ഫലപ്രദമായി പരിമിതപ്പെടുത്തുകയോ നിയന്ത്രിക്കുകയോ ചെയ്‌തിട്ടുണ്ടെന്ന് പറഞ്ഞത് സർവ്വേയിൽ പങ്കെടുത്ത 7% പേർ മാത്രമാണ്. സംസ്ഥാനങ്ങൾ ഈ വിഷയം ഏറ്റെടുത്തില്ല എന്നാണ് 47% പേർ പ്രതികരിച്ചത്.
സ്വകാര്യ സ്കൂളുകൾ പ്രീമിയം ഫീസ്
അന്താരാഷ്ട്ര പാഠ്യപദ്ധതികൾ വാഗ്ദാനം ചെയ്യുന്ന സ്വകാര്യ സ്കൂളുകൾ പ്രീമിയം ഫീസ് ഈടാക്കുന്നു. സമ്പന്നർക്ക് അമിതമായ ഫീസ് താങ്ങാൻ കഴിഞ്ഞേക്കാമെങ്കിലും, മധ്യവർഗ, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് ഇതുവഴി സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവും, പലപ്പോഴും കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്നതിന് അവശ്യ ചെലവുകൾ കുറച്ച് കടം വാങ്ങുകയാണ് ചെയ്യാറ്. 2025-26 അധ്യയന വർഷത്തേക്ക് സ്കൂൾ ഫീസ് 10% മുതൽ 30% വരെ വർദ്ധിപ്പിക്കുമെന്ന് ഇപ്പോൾ തന്നെ നിരവധി സ്കൂളുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകളിൽ രക്ഷിതാക്കളുടെ എതിർപ്പ് ഇതിനോടകം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ അധ്യയന വർഷം 1 കോടി കുട്ടികളുടെ കുറവ്
ഇന്ത്യയിലെ സ്കൂളുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ് (UDISE+) റിപ്പോർട്ട് പ്രകാരം 2023-24 ൽ വിദ്യാർത്ഥികളുടെ സ്കൂൾ പ്രവേശനം 24.8 കോടിയായി കുറഞ്ഞതായി സച്ചിൻ തപാരിയ പറയുന്നു, മുൻ വർഷങ്ങളെ അപേക്ഷിച്ച് ഒരു കോടിയിലധികം കുറവാണിത്. വർധിക്കുന്ന ഫീസ് തന്നെയാണ് കാരണം.