Spelling Mistake in Question Papers: ചോദ്യക്കടലാസുകളിലെ അക്ഷരത്തെറ്റ് സ്ഥിരം പല്ലവിയാകുന്നു; വലഞ്ഞ് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ
Spelling Mistakes in Higher Secondary Examinations Question Papers: പൊതുപരീക്ഷയ്ക്കുള്ള ചോദ്യക്കടലാസുകൾ നിർമിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് ഗൗരവമായ വീഴ്ചയാണെന്ന് ഹയർ സെക്കൻഡറി അധ്യാപക സംഘടനകൾ ആരോപിക്കുന്നു.

ഹയർ സെക്കൻഡറി പന്ത്രണ്ടാം ക്ലാസ് പൊതു പരീക്ഷയുടെ ചോദ്യക്കടലാസുകളിൽ അക്ഷരതെറ്റുകൾ സ്ഥിരം പല്ലവിയാകുന്നു. മലയാളം പാർട്ട് രണ്ട് പരീക്ഷയിലെ ചോദ്യക്കടലാസിൽ അർഥം മാറുന്ന തരത്തിൽ അക്ഷരതെറ്റുകൾ ഉണ്ടായിരുന്നത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പ്ലസ് വൺ ബയോളജി, പ്ലസ് ടു എക്കണോമിക്സ്, ബയോളജി, സുവോളജി തുടങ്ങിയ ചോദ്യക്കടലാസുകളിലും വ്യാപകമായ അക്ഷരതെറ്റുകൾ വന്നിരിക്കുന്നത്. ഇംഗ്ലീഷും മലയാളത്തിലുമായി അച്ചടിച്ചിരിക്കുന്ന ചോദ്യക്കടലാസുകളുടെ മലയാളം ഭാഗത്തിലാണ് തെറ്റുകൾ ഉള്ളത്.
പൊതുപരീക്ഷയ്ക്കുള്ള ചോദ്യക്കടലാസുകൾ നിർമിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് ഗൗരവമായ വീഴ്ചയാണെന്ന് ഹയർ സെക്കൻഡറി അധ്യാപക സംഘടനകൾ ആരോപിക്കുന്നു. ചോദ്യനിർമാണം ശരിയായ രീതിയിൽ അല്ല നടന്നത്. സർക്കാർ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു.
ഹയർ സെക്കൻഡറി പ്ലസ് വൺ ബയോളജി പരീക്ഷയുടെ ചോദ്യപേപ്പറിലെ മൂന്നാമത്തെ ചോദ്യത്തിൽ ‘ദ്വിബീജ പത്ര സസ്യം’ എന്നതിന് പകരം അച്ചടിച്ചിരിക്കുന്നത് ‘ദി ബീജ പത്ര സസ്യം’ എന്നാണ്. അഞ്ചാമത്തെ ചോദ്യത്തിൽ ‘2 എന്ന അക്ഷരം വളർച്ചയുടെ ഏത് ഘട്ടത്തെ സൂചിപ്പിക്കുന്നു’ എന്ന ചോദ്യത്തിൽ 2 എന്നത് അക്ഷരമല്ല അക്കമാണെന്നത് അറിയാത്ത അധ്യാപകൻ ആണോ ചോദ്യം നിർമിച്ചതെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.
ALSO READ: ജെഇഇ മെയിൻ സെഷൻ 2; പരീക്ഷാ കേന്ദ്രം എങ്ങനെ അറിയാം? ചെയ്യേണ്ടത് ഇത്ര മാത്രം
പ്ലസ് ടു ഇക്കണോമിക്സ് ചോദ്യപ്പേപ്പറിൽ തിരഞ്ഞെടുത്ത് എഴുതാൻ നൽകിയിരിക്കുന്ന ഉത്തരത്തിൽ ‘ഉപയോക്താക്കളുടെ വരുമാനം കുറയുന്നു’ എന്നതിന് പകരം ‘കരയുന്നു’ എന്നാണ് അച്ചടിച്ചുവന്നിരിക്കുന്നത്. ഈ അക്ഷരതെറ്റുകൾ കൂടി പരിഗണിച്ച് വേണം പരീക്ഷയെഴുതേണ്ടതെന്നത് വിദ്യാർത്ഥികളെ വലയ്ക്കുകയാണ്. അതുപോലെ, മറ്റൊരു ചോദ്യത്തിൽ ‘അവായു ശ്വസനം’ എന്നതിന് പകരം നല്കിയതാവട്ടെ ‘ആ വായു ശ്വസനം’ എന്ന്. കൂടാതെ പതിനേഴാമത് ചോദ്യത്തിൽ ‘ചിത്രം A-യും B-യും നിരീക്ഷിക്കുക’ എന്നത് അച്ചടിച്ച് വന്നപ്പോൾ ‘ചിത്ര A-യും B-യും നിരീക്ഷിക്കുക’ എന്നായി. ഇതുപോലെ പതിനെട്ടിലധികം അക്ഷരതെറ്റുകൾ ആണ് ഒരൊറ്റ ചോദ്യക്കടലാസിൽ മാത്രം ഉള്ളത്.
ചോദ്യക്കടലാസുകൾ തയ്യാറാക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ല. ഉത്തരവാദപ്പെട്ടവർ മൗനം പാലിക്കുമ്പോൾ ഹയർ സെക്കൻഡറി പരീക്ഷ നടപ്പിൽ സംഭവിച്ച പാളിച്ചകൾ വിമർശിച്ചും ചോദ്യം ചെയ്തും വിവിധ അധ്യാപക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.