RRB Group D Recruitment: ഏഴാം ശമ്പള കമ്മീഷൻ സാലറി കിട്ടും, റെയിൽവേ ഗ്രൂപ്പ്-ഡി 32,438 ഒഴിവുകൾ
RRB Group D Recruitment 2025: ഏഴാം ശമ്പള കമ്മീഷൻ്റെ കീഴിൽ വരുന്ന ഒഴിവുകളാണിത്. തിരഞ്ഞെടുക്കുന്നവർക്ക് അടിസ്ഥാന ശമ്പളം കുറഞ്ഞത് 18000 രൂപയാണ്
റെയിൽവേയിൽ ഭാഗ്യം പരീക്ഷിക്കാൻ കാത്തിരിക്കുന്നവർക്കായൊരു സന്തോഷ വാർത്ത. റെയിൽവേ ഗ്രൂപ്പ് ഡി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 32,438 ഒഴിവുകളാണുള്ളത്. അപേക്ഷകർക്ക് റെയിൽവേ റിസർവ്വേഷൻ ബോർഡിൻ്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഫെബ്രുവരി 22 ആണ്. ട്രാക്ക് മെയിൻ്റനർ, അസിസ്റ്റൻ്റ് (വിവിധ വിഭാഗങ്ങൾ) പോയൻ്റ്സ്മാൻ, ട്രാക്ക് മെയിൻ്റനർ എന്നിങ്ങനെയാണ് ഒഴിവുകൾ.ജനുവരി 23 മുതലാണ് അപേക്ഷക്കുള്ള രജിസ്ട്രേഷൻ ആരംഭിക്കുന്നത്. ഗ്രേഡ് 4, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, എസ് ആൻഡ് ടി ഹെൽപ്പർ/അസിസ്റ്റൻ്റ്, അസിസ്റ്റൻ്റ് പോയിൻ്റ്സ്മാൻ തുടങ്ങിയ തസ്തികകളിലേക്കാണ് റിക്രൂട്ട്മെൻ്റ്. ഏഴാം ശമ്പള കമ്മീഷൻ്റെ കീഴിൽ വരുന്ന ഒഴിവുകളാണിത്. തിരഞ്ഞെടുക്കുന്നവർക്ക് അടിസ്ഥാന ശമ്പളം കുറഞ്ഞത് 18000 രൂപയാണ്.
യോഗ്യത
പത്താം ക്സാസ്, ഐടിഐ, ഡിപ്ലോമ ആണ് വേണ്ട യോഗ്യത. അപേക്ഷകർ 18-നും 36-നും ഇടയിൽ ജനിച്ചവരായിരിക്കണം. ഒബിസിക്ക് 3 വർഷവും, എസ്സി എസ്ടി വിഭാഗത്തിലുള്ളവർക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. 2025 ജനുവരി 1 മുതലാണ് പ്രായം കണക്കാക്കുന്നത്. പരമാവധി പ്രായ പരിധി 36 വയസ്സാണ്.
അപേക്ഷാ നടപടിക്രമം
അപേക്ഷാ പ്രക്രിയ പൂർണ്ണമായും ആർആർബിയുടെ പോർട്ടൽ വഴിയാണ് നടത്തുന്നത്. അപേക്ഷകർ “പുതിയ രജിസ്ട്രേഷൻ” ലിങ്കിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് ആവശ്യമായ വിശദാംശങ്ങൾ സമർപ്പിക്കുക. ഒടിപി വഴി ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും സ്ഥിരീകരിക്കാം. രജിസ്ട്രേഷന് ശേഷം, രണ്ട് ഭാഗങ്ങളായി അപേക്ഷ പൂരിപ്പിച്ച് പേയ്മെൻ്റ് പേജിലേക്ക് പോവാം.
തിരഞ്ഞെടുപ്പ്
കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT), ശാരീരിക ക്ഷമതാ പരിശോധന , ഡോക്യുമെൻ്റ് വെരിഫിക്കേഷൻ (DV), മെഡിക്കൽ എക്സാമിനേഷൻ (ME) എന്നിവയുൾപ്പെടെ ഒന്നിലധികം ഘട്ടങ്ങൾ വഴിയാണ് തിരഞ്ഞെടപ്പ്.ജനറൽ സയൻസ്, മാത്തമാറ്റിക്സ്, ജനറൽ ഇൻ്റലിജൻസ് ആൻഡ് റീസണിംഗ് തുടങ്ങിയ വിഷയങ്ങളടക്കം 100 ചോദ്യങ്ങളാണ് പരീക്ഷയിൽ ഉള്ളത്. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കുണ്ട്.
അപേക്ഷാ ഫീസ്
സംവരണ വിഭാഗങ്ങൾക്ക് 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് ഫീസ്. അപേക്ഷകർക്ക് തങ്ങൾക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം. അപേക്ഷാ പ്രക്രിയയിൽ സാധുവായ ഫോട്ടോ ഐഡൻ്റിറ്റി വിശദാംശങ്ങൾ നൽകണം. കൂടുതൽ സഹായത്തിനായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ 5 വരെ ഹെൽപ്പ് ലൈൻ ആർആർബി ലഭ്യമാക്കുന്നുണ്ട്.