Private University Bill: സ്വകാര്യ സര്‍വകലാശാലകള്‍ ഗുണം ചെയ്യുമോ? നിബന്ധനകളും ആശങ്കകളുമറിയാം
What Is The Need For Private Universities In Kerala: ഗുണനിലവാരമുള്ള വിദ്യാഭ്യാസ സാധ്യതകള്‍ തേടി സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ വിദേശത്തേക്ക് പോകുകയും അവിടെ സ്ഥിരതാമസമാക്കുന്നതും ചെയ്യുന്നത് വ്യാപകമായിരിക്കുകയാണ്. ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യത്തിന്റെയും കുടുംബാസൂത്രണത്തിന്റെയും ഫലമായി വയോജനങ്ങളുടെ എണ്ണം കേരളത്തില്‍ ഉയര്‍ന്നുവരികയാണ്. ഈയൊരു സാഹചര്യത്തില്‍ യുവാക്കള്‍ കേരളത്തില്‍ നിന്ന് പോകുന്നത് വലിയ പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ സംസ്ഥാന നിയമസഭയില്‍ പാസായിരിക്കുകയാണ്. മെഡിക്കല്‍, എഞ്ചിനീയറിങ് കോളേജുകള്‍ ഉള്‍പ്പെടെ നടത്താനുള്ള അവകാശത്തോടെയാണ് സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നത്. ഇത് വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റത്തിന് കാരണമാകുമെന്നാണ് പ്രതീക്ഷ.
സ്വകാര്യ സര്‍വകലാശാലകള്‍ കേരളത്തിന് ഗുണം ചെയ്യുമോ? എന്തെല്ലാമാണ് നിബന്ധനകള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം.
എന്തിന് സ്വകാര്യ സര്‍വകലാശാലകള്‍?
രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും തൊഴില്‍ മേഖല ശക്തിപ്പെടുത്തുന്നതിനും വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കേണ്ടത് അനിവാര്യമാണ്. സ്വകാര്യവത്കരണം വഴി മറ്റെല്ലാ മേഖലയിലും എന്ന പോലെ വിദ്യാഭ്യാസ രംഗത്തും കാര്യക്ഷമതയും ഗുണനിലവാരവും മത്സരക്ഷമതയും കൊണ്ടുവരാന്‍ സാധിക്കും.
ഗുണനിലവാരമുള്ള വിദ്യാഭ്യാസ സാധ്യതകള്‍ തേടി സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ വിദേശത്തേക്ക് പോകുകയും അവിടെ സ്ഥിരതാമസമാക്കുന്നതും ചെയ്യുന്നത് വ്യാപകമായിരിക്കുകയാണ്. ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യത്തിന്റെയും കുടുംബാസൂത്രണത്തിന്റെയും ഫലമായി വയോജനങ്ങളുടെ എണ്ണം കേരളത്തില്‍ ഉയര്‍ന്നുവരികയാണ്. ഈയൊരു സാഹചര്യത്തില്‍ യുവാക്കള്‍ കേരളത്തില്‍ നിന്ന് പോകുന്നത് വലിയ പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരുന്ന മാറ്റങ്ങള്‍ വിദ്യാര്‍ഥികളെ സംസ്ഥാനത്ത് പിടിച്ചുനിര്‍ത്തും എന്ന വിലയിരുത്തലിലാണ് ബില്ല് പാസാക്കിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ ചട്ടങ്ങള്‍ എന്നിവയുടെ പേരിലാണ് സര്‍ക്കാര്‍ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസ രംഗത്ത് മികവാര്‍ന്ന കാര്യങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കാതെ പോകുന്നത്. എന്നാല്‍ സ്വകാര്യ സര്‍വകലാശാലകളെ ഒരുതരത്തിലുള്ള പ്രതിബന്ധങ്ങളും ബാധിക്കില്ലെന്നും പരമ്പരാഗതമായ വിദ്യാഭ്യാസ രീതിയെ പുനര്‍നിര്‍വചിക്കാന്‍ സ്വകാര്യ മേഖലയ്ക്ക് സാധിക്കുമെന്നും വിലയിരുത്തുന്നു.
ആശങ്ക വേണോ?
വിദ്യാഭ്യാസ രംഗം കച്ചവടച്ചരക്ക് ആയി മാറും എന്നതാണ് സ്വകാര്യ സര്‍വകലാശാലകളുമായി ബന്ധപ്പെട്ടുയരുന്ന ഏറ്റവും വലിയ ആശങ്ക. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്നും പിന്തള്ളപ്പെടാനും സാധ്യതയുണ്ട്. സ്വാശ്രയ കോളേജുകള്‍, സര്‍ക്കാര്‍ സര്‍കലാശാലകള്‍ എന്നിവയുടെ നിലനില്‍പ്പിന് സ്വകാര്യ സര്‍വകലാശാലകള്‍ ഭീഷണിയാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
സര്‍വകലാശാലയില്‍ പഠിക്കുന്ന 40 ശതമാനം പേര്‍ കേരളത്തില്‍ നിന്നുള്ളവരായിരിക്കണം. പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഫീസ് ഇളവുകള്‍ നല്‍കാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ ബാധ്യസ്ഥരാണ്. സര്‍വകലാശാലകളുടെ ഭരണപരവും സാമ്പത്തികപരവുമായ രേഖകള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണം തുടങ്ങിയ നിബന്ധനകള്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഇവ ലംഘിക്കപ്പെടുകയാണെങ്കില്‍ സര്‍വകലാശാല പിരിച്ചുവിടാനുള്ള അധികാരവും സര്‍ക്കാരിനുണ്ട്.
കച്ചവട ലക്ഷ്യവുമായി വരുന്നവര്‍ ഗുണനിലവാരമില്ലാത്ത സര്‍വകലാശാലകള്‍ രൂപപ്പെടുത്താനുള്ള സാധ്യത മുന്നില്‍ കണ്ട് ഗുണനിലവാരം ഉറപ്പാക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മാനദണ്ഡങ്ങള്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. സ്വകാര്യ സര്‍വകലാശാലകള്‍ വരുന്ന മുറയ്ക്ക് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സര്‍ക്കാര്‍ സര്‍വകലാശാലകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടി വരും.
നിബന്ധനകള്‍ എന്തെല്ലാം?
- യുജിസി ഉള്‍പ്പെടെയുള്ള നിയന്ത്രണസ്ഥാപനങ്ങളുടെ ചട്ടപ്രകാരം മാത്രമേ സര്‍വകലാശാലകളില്‍ നിയമനങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളൂ.
- സീറ്റുകളില്‍ നാല്‍പ്പതുശതമാനം കേരളത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്കായി മാറ്റിവെക്കണം.
- പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്കുള്ള നിയമാനുസൃതസംവരണം നടപ്പാക്കണം.
- പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഫീസിളവും സ്‌കോളര്‍ഷിപ്പും അനുവദിക്കണം.
- സര്‍വകലാശാലകളിലെ ഗവേണിങ് കൗണ്‍സിലില്‍ സംസ്ഥാന സര്‍ക്കാരിലെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും മറ്റൊരു വകുപ്പുസെക്രട്ടറിയും അംഗങ്ങളായിരിക്കും.
- സര്‍വകലാശാല എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ ഒന്നും അക്കാദമിക് കൗണ്‍സിലില്‍ മൂന്നും സര്‍ക്കാര്‍ നോമിനികളുണ്ടായിരിക്കണം.
- അധ്യാപകര്‍, മറ്റ് ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാനും പരാതി പരിഹരിക്കുന്നതിനും സംവിധാനങ്ങളുണ്ടാകണം.
- പിഎഫ് ഉള്‍പ്പെടെ ജീവനക്കാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തണം.
- നിയമ വിരുദ്ധമായി സര്‍വകലാശാല പ്രവര്‍ത്തിക്കുന്നുവെന്ന് പരാതി ലഭിച്ചാല്‍ രണ്ട് മാസത്തിനുള്ളില്‍ സര്‍വകലാശാലയുടെ അംഗീകാരം പിന്‍വലിക്കാതിരിക്കുന്നതിനായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാം.
- നിബന്ധനകളുടെ ലംഘനമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അന്വേഷണത്തിനും സര്‍ക്കാറിന് ഉത്തരവിടാനാകും.
- നിയമ ലംഘനങ്ങള്‍ അന്വേഷിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥനെയോ പ്രത്യേക അധികാര കേന്ദ്രത്തെയോ സര്‍ക്കാറിന് നിയമിക്കാം.
ആര്‍ക്കെല്ലാം സര്‍വകലാശാലയ്ക്കായി അപേക്ഷിക്കാം?
വിദ്യാഭ്യാസമേഖലയില്‍ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള സ്‌പോണ്‍സറിങ് ഏജന്‍സികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ റെഗുലേറ്ററി ബോഡികള്‍ നിര്‍ദേശിക്കുന്നതിന് അനുസരിച്ചുള്ള ഭൂമി ഇവരുടെ കൈവശം വേണം. 25 കോടി കോര്‍പ്പസ് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കുകയും വേണം. മള്‍ട്ടി-കാംപസ് സര്‍വകലാശാലയായി ആരംഭിക്കുകയാണെങ്കില്‍ ആസ്ഥാനമന്ദിരം കുറഞ്ഞത് 10 ഏക്കറില്‍ ആയിരിക്കണം. സര്‍ക്കാരില്‍നിന്ന് സാമ്പത്തിക സഹായം ഉണ്ടാകില്ലെങ്കിലും ഫാക്കല്‍റ്റിക്ക് ഗവേഷണ ഏജന്‍സികളെ സമീപിക്കാവുന്നതാണ്.