PM Internship Scheme: യുവാക്കൾക്ക് തൊഴിൽ നെെപുണ്യം; മാസം 5,000 രൂപ സ്റ്റെെപ്പൻഡ്; പിഎം ഇന്റേൺഷിപ്പിന് ഇന്ന് മുതൽ അപേക്ഷ നൽകാം
PM Internship Scheme Registration Starts Today: ഇന്റേൺഷിപ്പ് പദ്ധതിയിലൂടെ 5 വർഷത്തിനുള്ളിൽ 10 ദശലക്ഷം യുവജനതയെ ഇന്ത്യയിലെ മുൻനിര കമ്പനികളിൽ തൊഴിൽ വൈദഗ്ധ്യം നേടാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി കേന്ദ്ര സർക്കാർ കഴിഞ്ഞ ബജറ്റിലാണ് പ്രഖ്യാപിച്ചത്.
ന്യൂഡൽഹി: യുവജനതയെ ഇന്ത്യയിലെ മുൻനിര കമ്പനികളിൽ വൈദഗ്ധ്യം നേടാൻ സഹായിക്കുന്ന പിഎം ഇന്റേൺഷിപ്പ് ( PM Internship scheme) പദ്ധതിയുടെ ആദ്യ ബാച്ചിലേക്ക് ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാം. ഇന്ന് വെെകിട്ട് 5 മണി മുതൽ ഓൺലെെനായി അപേക്ഷ നൽകാം. https://pminternship.mca.gov.in എന്ന വെബ്സെറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. 193 കമ്പനികൾ 90,849 ഒഴിവുകൾ ഇന്നലെ വെെകിട്ട് വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിസംബർ 2-ന് ആരംഭിക്കുന്ന ആദ്യ ബാച്ചിലേക്കുള്ള രജിസ്ട്രേഷൻ ഈ മാസം 25 വരെയാണ്.
രാജ്യത്തെ വൻകിട കമ്പനികളിൽ പ്രതിമാസം 5,000 രൂപ സ്റ്റെെപ്പൻഡുമായി ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരമാണ് ലഭിക്കുക. റിലയൻസ് ഇൻഡസ്ട്രീസ്, വിപ്രോ, അദാനി ഗ്രൂപ്പ്, പെപ്സികോ, സാംസംഗ്, ഹിന്ദുസ്ഥാൻ യൂണിലിവർ, മാരുതി സുസുക്കി ഇന്ത്യ, ഐ
ഷർ, എൽ ആൻഡ് ടീ, മുത്തൂറ്റ് ഫിനാൻസ് അടക്കമുള്ള കമ്പനികൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 21 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് പിഎം ഇന്റേൺഷിപ്പ് പദ്ധതിയിൽ അപേക്ഷിക്കാം. പൂർണസമയ ജോലിയോ പാർട്ട്ടെെം ജോലിയോ ചെയ്യുന്നവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. ഹെെസ്ക്കൂൾ, ഹയർസെക്കന്ററി, ഐടിഐ, പോളിടെക്നിക് ഡിപ്ലോമ, ബിരുദം( ബിഎ, ബിഎസ്സി, ബികോം, ബിബിഐ എന്നിവ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഐഐടി, ഐഐഎം, ദേശീയ നിയമ സർവകലാശാലകൾ (നുവാൽസ്), എയിംസ് മുതലായ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
ഒക്ടോബർ 27 മുതൽ നവംബർ 7 വരെ ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തിൽ യോഗ്യരായവരെ തിരഞ്ഞെടുക്കും. നവംബർ 8 മുതൽ 15 വരെ അപേക്ഷകർക്ക് കമ്പനികളുടെ ഓഫർ ഓൺലെെനായി അംഗീകരിക്കാനുള്ള സമയമാണ്. ആദ്യ ഓഫർ താത്പര്യമില്ലെങ്കിൽ മറ്റ് രണ്ട് ഓഫർ കൂടി ലഭ്യമാക്കും. 24 മേഖലകളിലാണ് അവസരമുള്ളത്. ഏറ്റവുമധികം ഓഫറുകൾ ഓയിൽ ആൻഡ് ഗ്യാസ്, ഉൗർജ മേഖലയിലാണ്. രണ്ടാമത് ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി മേഖലയിലാണ്. രാജ്യത്തെ 737 ജില്ലകളിലാണ് അവസരങ്ങൾ.
യോഗ്യതാ മാനദണ്ഡം
- 21 വയസ് പൂർത്തിയായവരാകണം.
- കുടുംബത്തിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടരുത്.
- അപേക്ഷകൻ തൊഴിൽരഹിതനായിരിക്കണം.
ആവശ്യമായ സർട്ടിഫിക്കറ്റുകൾ
ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്
ഡൊമിസൈൽ സർട്ടിഫിക്കറ്റ്
മൊബെെൽ നമ്പർ
പാസ്പോർട്ട് സൈസ് ഫോട്ടോ
സർട്ടിഫിക്കറ്റുകൾ
ഇമെയിൽ ഐഡി
തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുക, സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുക, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് പിഎം ഇന്റേൺഷിപ്പ് പദ്ധതി മുന്നോട്ട് വയക്കുന്നത്. വിദ്യാർത്ഥികൾക്ക് കമ്പനികൾ തൊഴിൽ വെെദഗ്ധ്യവും പണവും നൽകുമ്പോൾ കമ്പനികൾക്ക് അവർക്കാവശ്യമുള്ള രീതിയിൽ ജീവനക്കാരെ വാർത്തെടുക്കാൻ സാധിക്കും. തൊഴിൽ വൈദഗ്ദ്ധ്യമുള്ള വ്യക്തികളെ വാർത്തെടുക്കുന്നത് രാജ്യത്തിനും മുതൽക്കൂട്ടാകും. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നൈപുണ്യ വികസനത്തിന് അവസരമില്ലെന്ന ന്യൂനതയും ഇതിലൂടെ പരിഹരിക്കപ്പെടും. ഇന്റേൺ ചെലവഴിക്കുന്ന പകുതി സമയമെങ്കിലും ജോലിയിലോ ജോലി സാഹചര്യത്തിലോ ആയിരിക്കണം എന്ന നിബന്ധനയും പദ്ധതി മുന്നോട്ട് വയ്ക്കുന്നുണ്ട്.