Onam Exam : ഇനി പരീക്ഷക്കാലം; ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം
Onam Exams Start Today : സംസ്ഥാനത്ത് ഓണപ്പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. ഹൈ സ്കൂൾ വിഭാഗം പരീക്ഷകൾ ഇന്ന്, സെപ്തംബർ മൂന്ന് ചൊവ്വാഴ്ച ആരംഭിക്കുമ്പോൾ യുപി വിഭാഗത്തിൻ്റെ പരീക്ഷ ഈ മാസം നാലിനാവും ആരംഭിക്കുക.
സംസ്ഥാനത്ത് ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം. ഹൈ സ്കൂൾ വിഭാഗം പരീക്ഷകളാണ് ഇന്ന് മുതൽ ആരംഭിക്കുക. യുപി വിഭാഗം ഒന്നാം പദ വാർഷിക പരീക്ഷ ബുധനാഴ്ച മുതൽ ആരംഭിക്കും. പ്ലസ് ടു പരീക്ഷയും ബുധനാഴ്ചയാണ് ആരംഭിക്കുക. എല്പി വിഭാഗത്തിൻ്റെ ഓണപ്പരീക്ഷയ്ക്ക് വെള്ളിയാഴ്ച തുടക്കമാവും. പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഓണപ്പരീക്ഷയില്ല. പരീക്ഷകൾ അവസാനിച്ചതിന് ശേഷം ഈ മാസം 13ന് സ്കൂൾ ഓണാവധിയ്ക്കായി അടയ്ക്കും.
പരീക്ഷാ ദിവസങ്ങളിൽ രാവിലെ 10 മുതൽ 10.15 വരെയും പകൽ 1.30 മുതൽ 1.45 വരെയും കൂൾ ഓഫ് ടൈം അനുവദിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള പരീക്ഷ രണ്ട് മണിക്കാവും ആരംഭിക്കുക. 4.15 വരെ പരീക്ഷ തുടരും. ഈ മാസം 12 ന് ഓണപ്പരീക്ഷകൾ അവസാനിക്കും.
വനിതകൾ ഗൃഹനാഥരായ കുടുംബത്തിലെ ഒന്നാം ക്ലാസ് മുതൽ ബിരുദതലം വരെയുള്ള വിദ്യാർഥികൾക്ക് വനിത -ശിശു വികസന വകുപ്പിന്റെ വിദ്യാധനം സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അവസരമുണ്ട്. www.scemes.wcd.kerala.gov.in എന്ന വെബ് പോർട്ടലിൽ വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഡിസംബർ 15 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകാർക്ക് വർഷം 3,000 രൂപയാണ് സ്‌കോളർഷിപ്പ് തുകയായി ലഭിക്കുക.
ആറാം ക്ലാസ് മുതൽ 10 വരെ 5,000 രൂപയാണ് ലഭിക്കുക. ഹയർസെക്കൻഡറിയിൽ 7,500 രൂപയും ലഭിക്കും. ബിരുദതലത്തിൽ 10,000 രൂപയാണ് ലഭിക്കുക. ബി.പി.എൽ. കുടുംബവും മക്കൾ സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്നവരുമാകണം എന്ന നിർബന്ധമുണ്ട്. അത്തരക്കാരാണ് അപേക്ഷിക്കേണ്ട്. എ.പി.എൽ. ആണെങ്കിൽ അർഹതപ്പെട്ട വിഭാഗമാണെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ മറക്കരുത്.
കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സ്കോളർഷിപ്പ് ലഭിക്കാത്ത വിദ്യാർഥികളെ മാത്രമേ പരിഗണിക്കൂ എന്നതും പ്രത്യേകം ശ്രദ്ധിക്കണം. കുടുംബത്തിൽ പരമാവധി രണ്ടു കുട്ടികൾക്ക് അപേക്ഷിക്കാം എന്നാണ് ചട്ടം. ഭർത്താവ് ഉപേക്ഷിച്ചവർ, ഭർത്താവിനെ കാണാതായി ഒരുവർഷം പിന്നിട്ടവർ, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മയായവർ, ഭർത്താവിന് നട്ടെല്ലിനു ക്ഷതമോ പക്ഷാഘാതമോ നിമിത്തം ജോലിചെയ്യാനാകാത്തവിധം കിടപ്പിലായ കുടുംബത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം എന്നതാണ് നിയമം.