Nursing Jobs in Germany: ജർമ്മനിയിൽ നഴ്സുമാർക്ക് അവസരം; 100 ഒഴിവുകൾ, ഉടൻ അപേക്ഷിക്കാം
urse Recruitment in Germany via NORKA Roots: കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്‌സിങ് റിക്രൂട്ട്മെന്റായ നോർക്ക ട്രിപ്പിൾ വിൻ പദ്ധതിയുടെ എഴാം ഘട്ടത്തിൻറെ ഭാഗമായുളള ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലെ 100 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം: ജർമ്മനിയിൽ നേഴ്സാകാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്‌സിങ് റിക്രൂട്ട്മെന്റായ നോർക്ക ട്രിപ്പിൾ വിൻ പദ്ധതിയുടെ എഴാം ഘട്ടത്തിൻറെ ഭാഗമായുളള ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലെ 100 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. മെയ് രണ്ടിനകം അപേക്ഷ നൽകേണ്ടതാണ്.
ജർമ്മൻ ഭാഷയിൽ ബി1 അല്ലെങ്കിൽ ബി2 (ഫുൾ മോഡ്യൂൾ) യോഗ്യത നേടിയവർക്കു മാത്രമേ അപേക്ഷ നൽകാൻ കഴിയൂ. ബി.എസ്.സി/ ജനറൽ നഴ്സിങാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ് പാസായവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷിക്കുന്നവർക്ക് 2025 മെയ് 31ന് 38 വയസ് കവിയരുത്. അപേക്ഷ നൽകിയവരിൽ നിന്ന് ഷോർട്ട്ലിസ്റ്റു ചെയ്യപ്പെടുന്നവർക്കായുളള അഭിമുഖം മെയ് 20 മുതൽ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും.
നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലേയ്ക്ക് നേരത്തെ അപേക്ഷിച്ചവർ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലേയ്ക്ക് അപേക്ഷ നൽകേണ്ടതില്ല. ജർമ്മൻ ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും നോർക്ക റൂട്ട്സും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ കേരള. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.
ALSO READ: വെറുതെയല്ല ആർആർബി എൻടിപിസി വൈകുന്നത്, നിസാരമാകരുത് തയ്യാറെടുപ്പ്
തിരഞ്ഞെടുക്കപെടുന്നവർക്ക് പ്രതിമാസ ശമ്പളം 2300 യൂറോയും (2,16,703 രൂപ) രജിസ്റ്റേർഡ് നഴ്‌സ് തസ്തികയിൽ പ്രതിമാസം 2900 യൂറോയുമാണ് (2,73,235 രൂപ). വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. കേരളീയരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ കഴിയുക. കൂടുതൽ വിവരങ്ങൾക്ക് 0471 2770577, 536,540, 544 എന്നീ നമ്പറുകളിലോ, നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.