NEET UG Case: നീറ്റ് പരീക്ഷ ക്രമക്കേട്; നിര്‍ണായക അറസ്റ്റുമായി സിബിഐ, മുഖ്യ സൂത്രധാരന്‍ പിടിയില്‍
NEET UG Case CBI Arrests Amit Singh: നീറ്റ് പരീക്ഷാക്രമക്കേടില്‍ ആദ്യമായി അറസ്റ്റ് രേഖപ്പെടുത്തിയത് ജൂണ്‍ 27നാണ്. ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് അന്വേഷിക്കുന്നത്.
റാഞ്ചി: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിര്‍ണായക അറസ്റ്റ്. സംഭവത്തിന്റെ മുഖ്യസൂത്രധാരനായ അമിത് സിങിനെ ജാര്‍ഖണ്ഡില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്യുന്ന ഏഴാമത്തെ ആളാണ് അമിത് സിങ്. ഹസാരി ബാഗിലെ സ്‌കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഗുജറാത്തിലും ബിഹാറിലും സിബിഐ നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ഗോദ്ര, അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ജൂണ്‍ 23നാണ് സംഭവത്തില്‍ സിബിഐ കേസെടുത്തത്.
ഹസാരി ബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇസാന്‍ ഉള്‍ ഹഖ്, വൈസ് പ്രിന്‍സിപ്പല്‍, പരീക്ഷ സെന്റര്‍ സൂപ്രണ്ട് ഇംതിയാസ് ആലം, ഗുജറാത്തിലെ ഗോദ്രയിലെ സ്വകാര്യ സ്‌കൂളായ ജയ് ജലറാം ഉടമ ദീക്ഷിത് പട്ടേല്‍. പരീക്ഷയില്‍ കൃത്രിമം നടത്താന്‍ 27 വിദ്യാര്‍ഥികളില്‍ നിന്നായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നതാണ് സ്‌കൂള്‍ ഉടമയ്‌ക്കെതിരെയുള്ള കണ്ടെത്തല്‍. ജയ് ജലറാം സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ഫിസിക്‌സ് അധ്യാപകന്‍, ഹിന്ദി മാധ്യമ സ്ഥാപന മാര്‍ക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരന്‍ എന്നിവരെയാണ് നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നത്.
നീറ്റ് പരീക്ഷാക്രമക്കേടില്‍ ആദ്യമായി അറസ്റ്റ് രേഖപ്പെടുത്തിയത് ജൂണ്‍ 27നാണ്. ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് അന്വേഷിക്കുന്നത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, നീറ്റ് യുജി പുന:പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്കുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. പുന:പരീക്ഷ എഴുതിയ ആര്‍ക്കും മുഴുവന്‍ മാര്‍ക്ക് ലഭിച്ചിട്ടില്ല. 813 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. നേരത്തെ പരീക്ഷ എഴുതിയവരില്‍ 67 പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചിരുന്നു. പുന:പരീക്ഷ എഴുതിയവരില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ അഞ്ചുപേരുണ്ടായിരുന്നു. മുഴുവന്‍ മാര്‍ക്ക് നേടിയ ഒരാള്‍ പുന:പരീക്ഷ എഴുതിയിട്ടില്ല. ഇതോടെ മുഴുവന്‍ മാര്‍ക്ക് നേടിയവരുടെ എണ്ണം 61 ആയി.
പരീക്ഷ സമയം നഷ്ടമായെന്ന് കാണിച്ചാണ് പരീക്ഷ എഴുതിയവര്‍ക്ക് എന്‍ടിഎ ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നത്. ഇത് വിവാദമായതോടെ വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ജൂണ്‍ 23ന് ആറ് നഗരങ്ങളില്‍ വെച്ചാണ് പരീക്ഷ നടത്തിയിരുന്നത്. ഇതില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്താകെ 63 വിദ്യാര്‍ത്ഥികളെയാണ് എന്‍ടിഎ ഡീ ബാര്‍ ചെയ്തിരുന്നത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതില്‍ 30 പേര്‍ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ളവരാണെന്നും എന്‍ടിഎ അറിയിച്ചിരുന്നു. ബീഹാറില്‍ മാത്രം 17 വിദ്യാര്‍ത്ഥികളെ ഡീ ബാര്‍ ചെയ്തിരുന്നു.
Also Read: Bihar : വിവാഹത്തിനു വിസമ്മതിച്ചു; ആൺസുഹൃത്തിന്റെ ലിംഗം ഛേദിച്ച് വനിതാ ഡോക്ടർ
ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേരില്‍ 750 പേര്‍ പരീക്ഷ എഴുതിയിട്ടില്ല. പുതിയ സെന്ററുകളിലാണ് എല്ലാവരും പരീക്ഷ എഴുതിയത്. വിവാദമായ ഏഴ് സെന്ററുകളില്‍ ആറെണ്ണത്തിലും മാറ്റം വരുത്തിയിരുന്നു. ഛത്തീസ്ഗഡില്‍ നിന്ന് 291 പേര്‍, ഹരിയാനയില്‍ നിന്ന് 287 പേര്‍, മേഘാലയയില്‍ നിന്ന് 234 പേര്‍, ഗുജറാത്തില്‍ നിന്ന് ഒരാള്‍ എന്നിങ്ങനെയാണ് പരീക്ഷ എഴുതിയത്. വീണ്ടും പരീക്ഷ എഴുതാത്തവരുടെ ഗ്രേസ് മാര്‍ക്ക് കുറച്ചുള്ള മാര്‍ക്കാണ് പരിഗണിക്കുക.
വിദ്യാഭ്യാസ ബന്ദ്
നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി എസ്എഫ്‌ഐയും എഐഎസ്എഫും വിദ്യാഭ്യാസ ബന്ദ് നടത്തും. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം നടക്കുന്നത്. പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ കഴിഞ്ഞ ദിവസം സംയുക്തമായി ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധം നടത്തിയിരുന്നു. വരും ദിവസങ്ങളിലും സമരം തുടരുമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.