NEET UG 2025: മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ, നീറ്റ് യുജി പരീക്ഷ ഓൺലെെനാക്കിയേക്കും; റിപ്പോർട്ട്
NEET UG Exam: രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന പ്രവേശന പരീക്ഷയാണ് നീറ്റ് യുജി. കഴിഞ്ഞ വർഷം 24 ലക്ഷം പേരാണ് ഒഎംആർ രീതിയിലുള്ള പരീക്ഷക്കായി രജിസ്റ്റർ ചെയ്തത്.
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി) ഓൺലെെൻ ആക്കിയേക്കും. 2025-ൽ നടക്കുന്ന പരീക്ഷയുടെ തീയതി പ്രഖ്യാപിക്കാൻ ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) വെെകുന്നത് ഇക്കാര്യത്തിൽ അന്തിമ തീരുമാനം വെെകുന്നതിനാലാണെന്ന് സൂചനയുണ്ട്. ഐഎസ്ആർ ഒ മുൻ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ ഏഴംഗ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചുള്ള പരിഷ്കാരങ്ങൾ ജനുവരി മുതൽ നടപ്പാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മാറ്റങ്ങളുടെ ഭാഗമായി മോണിറ്ററിംഗ് ഗ്രൂപ്പിന് രൂപം നൽകിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ എൻടിഎയ്ക്ക് കെെമാറുന്നത് ഈ സമിതിയായിരിക്കും. നിലവിൽ പരമ്പരാഗത രീതിയിൽ ഒ.എം.ആർ പരീക്ഷയാണ് നീറ്റ് യുജി എൻട്രസിന് വേണ്ടി നടപ്പാക്കുന്നത്. ജോയിൻ്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ), ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്), കോമൺ അഡ്‌മിഷൻ ടെസ്റ്റ് (ക്യാറ്റ്) എന്നിവയുൾപ്പെടെ രാജ്യത്തെ മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പരീക്ഷ ഓൺലെെനായാണ് സംഘടിപ്പിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന പ്രവേശന പരീക്ഷയാണ് നീറ്റ് യുജി. കഴിഞ്ഞ വർഷം 24 ലക്ഷം പേരാണ് ഒഎംആർ രീതിയിലുള്ള പരീക്ഷക്കായി രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ തവണത്തേത് പോലുള്ള പിഴവുകൾ സംഭവിക്കാതിരിക്കാനും ക്രമക്കേടു തടയാനും ഓൺലെെൻ രീതിയായിരിക്കും ഉചിതമെന്ന അഭിപ്രായം എൻടിഎയും മുന്നോട്ട് വയ്ക്കുന്നുണ്ട്. ജെഇഇ മെയിൻ രീതിയിൽ ഒന്നിലേറെ തവണ നീറ്റ് യുജി നടത്തണോ അതോ ആദ്യഘട്ട പരീക്ഷ നടത്തി അതിൽ ഉയർന്ന സ്കോർ നേടുന്നവർക്കായി വീണ്ടും പരീക്ഷ നടത്തണോ തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാനുണ്ട്.
ഓൺലെെൻ രീതിയിലേക്ക് മാറ്റുമ്പോഴുള്ള ഗുണങ്ങൾ
സുരക്ഷ: ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ ഓൺലെെൻ രീതിയിൽ പരീക്ഷ നടത്തുന്നതിലൂടെ സാധിക്കും.
ഫലപ്രഖ്യാപനം: ഒഎംആർ രീതിയിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കുന്നതിന് കുറഞ്ഞത് ഒരു മാസമെങ്കിലും സമയമെടുക്കും. പരീക്ഷ ഓൺലെെൻ രീതിയിലേക്ക് മാറ്റിയാൽ വേഗത്തിൽ ഫലം പ്രസിദ്ധീകരിക്കാൻ സാധിക്കും.
കാര്യക്ഷമത: ചോദ്യപേപ്പർ അച്ചടി, സംഭരണം, പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിക്കുക തുടങ്ങിയ വെല്ലുവിളികളെ ഒഴിവാക്കാൻ പുതിയ രീതിയിലൂടെ സാധിക്കും.
പരീക്ഷാ കേന്ദ്രങ്ങൾ: നീറ്റ് യുജി എൻട്രസ് പരീക്ഷ ഓൺലെെൻ ആകുന്നതിലൂടെ നിരവധി പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കും. ഇത് ഏറ്റവും അടുത്തുള്ള കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു.
ഓൺലെെൻ രീതിയിലേക്ക് മാറ്റുമ്പോഴുള്ള വെല്ലുവിളികൾ
നഗര പ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമീണമേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറിൽ പരീക്ഷയെഴുതുന്നത് പരിചിതമായിരിക്കില്ല എന്നതാണ് പ്രധാന ആശങ്ക.
ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുന്ന പരീക്ഷയായതിനാൽ ഒന്നിലധികം ഷിഫ്റ്റുകളിൽ പരീക്ഷ നടത്തേണ്ടിവരും.
സെർവർ പ്രശ്‌നങ്ങൾ, വൈദ്യുതി തടസം മുതലായ സാങ്കേതിക പ്രശ്‌നങ്ങൾ പരീക്ഷ തടസ്സപ്പെടാൻ കാരണമായേക്കും.