NEET Exam Row: നീറ്റ്-യുജി പരീക്ഷാ വിവാദം: ഗുജറാത്തിലെ സ്വകാര്യ സ്‌കൂൾ ഉടമയെ സിബിഐ അറസ്റ്റ് ചെയ്തു

NEET Exam Row Arrest: പരീക്ഷ എഴുതാൻ സഹായിക്കാൻ എന്ന പേരിൽ ഇയാൾ വിദ്യാർത്ഥികളിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിലാണ് അറസ്റ്റെന്നാണ് റിപ്പോർട്ട്. ഈ കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെ ആളാണ് പട്ടേൽ. നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ജയ് ജലറാം സ്‌കൂൾ. ​

NEET Exam Row: നീറ്റ്-യുജി പരീക്ഷാ വിവാദം: ഗുജറാത്തിലെ സ്വകാര്യ സ്‌കൂൾ ഉടമയെ സിബിഐ അറസ്റ്റ് ചെയ്തു
Published: 

01 Jul 2024 06:15 AM

ന്യൂഡൽഹി: നീറ്റ് – യുജി പരീക്ഷാ ക്രമക്കേടുമായി (EET Exam Row) ബന്ധപ്പെട്ട് ഗുജറാത്തിലെ സ്വകാര്യ സ്‌കൂൾ ഉടമയെ സിബിഐ (CBI) അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗോധ്രയിലെ ഒരു സ്വകാര്യ സ്‌കൂൾ ഉടമയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജയ് ജലറാം എന്ന സ്‌കൂളിൻ്റെ ഉടമ ദീക്ഷിത് പട്ടേലിനെയാണ് അയാളുടെ വസതിയിൽ നിന്ന് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. പരീക്ഷ എഴുതാൻ സഹായിക്കാൻ എന്ന പേരിൽ ഇയാൾ വിദ്യാർത്ഥികളിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിലാണ് അറസ്റ്റെന്നാണ് റിപ്പോർട്ട്.

ഈ കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെ ആളാണ് പട്ടേൽ. നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ജയ് ജലറാം സ്‌കൂൾ. ​പട്ടേലിന്റെ റിമാൻഡ് ആവശ്യപ്പെട്ട് സിബിഐ സംഘം അഹമ്മദാബാദിലെ കോടതിയെ സമീപിച്ചതായി പബ്ലിക്ക് പ്രോസിക്യൂട്ടർ രാകേഷ് ഠാക്കൂർ വ്യക്തമാക്കി. കേസിൽ 13 പേരെ പ്രത്യേക സിബിഐ കോടതിയുടെ അനുമതിയോടെ ഇതുവരെ അന്വേഷണ സംഘം ചോദ്യം ചെയ്തതായാണ് വിവരം. ഇതിൽ ആറുപേർ പരീക്ഷാ മാഫിയയുടെ ഭാഗമാണെന്നും നാലുപേർ പരീക്ഷാർത്ഥികളും മൂന്നുപേർ സംഭവവുമായി ബന്ധമുള്ളവരും ആണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.

നീറ്റ് ചോദ്യക്കടലാസ്‌ ചോർച്ചക്കേസിലെ പ്രധാന കണ്ണികളെന്ന് സംശയിക്കപ്പെടുന്ന രണ്ടുപേരെ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഹസാരിബാഗ് ജില്ലയിലുള്ള ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ എഹ്‌സനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം എന്നിവരെയാണ് ചോദ്യം ചെയ്യലിനൊടുവിൽ സിബിഐ അറസ്റ്റുചെയ്തത്. ഇവരെ സഹായിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാധ്യമപ്രവർത്തകനെയും സിബിഐ അറസ്റ്റു ചെയ്തിരുന്നു. ഹിന്ദി ദിനപത്രത്തിന്റെ ലേഖകൻ ജമാലുദ്ദീനാണ് അറസ്റ്റിലായത്.

അതേസമയം ചോദ്യപേപ്പർ ചോർച്ച വിവാദമായതോടെ റദ്ദാക്കിയ യുജിസി-നെറ്റ് 2024 പരീക്ഷയുടെ പുതിയ തീയതികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ശനിയാഴ്ച രാത്രി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാല് വരെയാണ് ഇനി പരീക്ഷ നടത്തുക. ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റൻ്റ് പ്രൊഫസർ നിയമനം, പിഎച്ച്ഡി കോഴ്സുകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്കുള്ള യോഗ്യതാ പരീക്ഷയായാണ് യുജിസി നെറ്റ്.

ALSO READ: റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ ഓഗസ്റ്റ് 21 മുതൽ

ചോദ്യപേപ്പർ ഡാർക്ക്‌നെറ്റിൽ ചോർന്നെന്നും ടെലിഗ്രാം ആപ്പ് വഴിയാണ് വിതരണം ചെയ്തതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയിരുന്നു. നീറ്റ് പേപ്പർ ചോർച്ചയെ തുടർന്ന് ശക്തമായ തിരിച്ചടി നേരിടുന്ന എല്ലാ സുപ്രധാന പരീക്ഷകളുടേയും തീയതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

യുജിസി നെറ്റ് ജൂൺ സൈക്കിൾ – ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാല് വരെയും എൻസിഇടി (കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ) സംയുക്ത സിഎസ്ഐആർ – യുജിസി നെറ്റ് – ജൂലൈ 25 – 27 തീയതികളിലും നടത്തും. കെമിക്കൽ സയൻസസ്, എർത്ത്, അറ്റ്മോസ്ഫെറിക്, ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നീ വിഷയങ്ങളിൽ പിഎച്ച്ഡി പ്രവേശനത്തിന് സിഎസ്ഐആർ യുജിസി-നെറ്റ് അംഗീകാരം നേടിയിട്ടുണ്ട്.

നാല് വർഷത്തെ ഇൻ്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിലേക്കുള്ള (ഐടിഇപി) പ്രവേശനത്തിനായുള്ള ദേശീയ പൊതു പ്രവേശന പരീക്ഷ (എൻസിഇടി) ആദ്യം ജൂൺ 12ന് ആരംഭിക്കാനിരുന്നെങ്കിലും മാറ്റി ജൂലൈ 10-ലേക്ക് പുനഃക്രമീകരിച്ചു.

യുജിസി-നെറ്റ് പരീക്ഷ മുമ്പത്തെ ഓഫ്‌ലൈൻ പേന-പേപ്പർ ഫോർമാറ്റിന് പകരം കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തുമെന്ന് എൻടിഎ പ്രഖ്യാപിച്ചു. കൂടാതെ, ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് നേരത്തെ പറഞ്ഞതുപോലെ തന്നെ ജൂലൈ ആറിന് നടത്തുമെന്നും എൻടിഎ അറിയിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ