NEET-UG 2024: നീറ്റ് യു ജി ഫലം ഇനി കേന്ദ്രങ്ങൾ തിരിച്ച് പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി
SC directs NTA to publish NEET UG results ‘center-wise: പരീക്ഷയിൽ പൂർണമായി ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടാലേ പുനപ്പരീക്ഷയ്ക്ക് ഉത്തരവിടാനാവൂ എന്ന് സുപ്രീം കോടതി രാവിലെ വ്യക്തമാക്കിയിരുന്നു.
ന്യൂഡൽഹി: നീറ്റ് യുജി 2024 പരീക്ഷയിൽ വിദ്യാർത്ഥികൾ നേടിയ മാർക്ക് ശനിയാഴ്ച ഉച്ചയ്ക്കകം പ്രസിദ്ധീകരിക്കാൻ ദേശീയ ടെസ്റ്റിംഗ് ഏജൻസിയോട് (എൻടിഎ) സുപ്രീം കോടതി വ്യാഴാഴ്ച നിർദേശിച്ചു. വ്യാഴാഴ്ച വാദം പൂർത്തിയാകാത്തതിനാൽ നീറ്റ്-യുജി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളിൽ വാദം കേൾക്കുന്നത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് തിങ്കളാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ പേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് വാദം കേട്ടത്.
ഫലം പ്രസിദ്ധീകരിക്കുമ്പോൾ വിദ്യാർഥികളുടെ വിവരങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. നാളെ അഞ്ചിനകം ഫലം പ്രസിദ്ധീകരിക്കാൻ കോടതി ആദ്യം പറഞ്ഞെങ്കിലും എൻടിഎ ആവശ്യപ്പെട്ടത് അനുസരിച്ച് സമയം നീട്ടി നൽകി. പരീക്ഷയിൽ പൂർണമായി ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടാലേ പുനപ്പരീക്ഷയ്ക്ക് ഉത്തരവിടാനാവൂ എന്ന് സുപ്രീം കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. ഈ കേസിലെ വിധിയ്ക്ക് പല തരത്തിലുള്ള സാമൂഹിക ചലനങ്ങൾ ഉണ്ടാക്കാനാകുമെന്നും കോടതി നിരീക്ഷിച്ചു.
ALSO READ: സെറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ് പുറത്ത് വിട്ടു; ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ
മുഴുവൻ പരീക്ഷയെയും ചോദ്യച്ചോർച്ച ബാധിച്ചോയെന്ന്, പുനപ്പരീക്ഷ ആവശ്യപ്പെട്ട ഹർജിക്കാരോട് കോടതി ചോദിച്ചിരുന്നു. അത്തരത്തിൽ ബോധ്യപ്പെട്ടാൽ മാത്രമേ പുനപ്പരീക്ഷയ്ക്ക് ഉത്തരവിടാനാവൂവെന്ന് കോടതി വ്യക്തമാക്കി. പരീക്ഷാ ക്രമക്കേട് സംബന്ധിച്ചുള്ള അന്വേഷണങ്ങളുമായി സിബിഐ മുന്നോട്ടു പോവുകയാണ്. അന്വേഷണത്തിൽ ഇതുവരെ കണ്ടെത്തിയ കാര്യങ്ങൾ സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഈ വിവരങ്ങൾ പുറത്തു വിടുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇതു പുറത്തുവിടാനാവില്ലെന്ന് കോടതി പറഞ്ഞു. പരീക്ഷ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടും ഏതാനും ഹർജികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതും പരിഗണിക്കുന്ന വസ്തുതയാണ്. ഇതിനൊപ്പം വിവിധ ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഹർജികളും ഉണ്ട്.