NEET-UG Counselling: ആശങ്ക ഒഴിയാതെ മെഡിക്കൽ പ്രവേശനം; നീറ്റ് യുജി കൗണ്‍സലിങ് മാറ്റിവച്ചു
NEET UG 2024 counselling postponed: രാജ്യമൊട്ടാകെ നടത്തുന്ന പരീക്ഷയിൽ വലിയ തോതിൽ രഹസ്യസ്വഭാവം ലംഘിക്കപ്പെട്ടു എന്നതിന് തെളിവുകൾ ലഭിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിൽ നീറ്റ് യുജി പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടതാണ്.
ന്യൂഡൽഹി: അഖിലേന്ത്യാ ക്വാട്ടയിലെ കൗൺസലിങ് ഇന്നു തുടങ്ങാനിരിക്കെ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി കൗൺസലിങ് മാറ്റിവച്ചതായി അറിയിപ്പ് എത്തി. ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ കൗൺസലിങ് മാറ്റി വയ്ക്കുകയാണെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. നീറ്റ് യുജി പരീക്ഷയിൽ കൃത്രിമത്വം നടന്നെന്ന ആരോപണം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഇതിനു പിന്നാലെ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസിന്റെ വാദത്തിനിടെ ഹർജിക്കാർ ആവശ്യപ്പെട്ടിട്ടും പ്രവേശന നടപടികൾ തടയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയതുമാണ്. ഇതിനിടെയാണ്, സർക്കാർ തന്നെ കൗൺസലിങ് മാറ്റിവച്ചതായി അറിയിപ്പ് എത്തിയത്. നീറ്റ് പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയാണ് ബാധിക്കുന്നത്.
ഈ വിഷയം കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നതുമാണ്. പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങൾ ബാധിച്ചിട്ടില്ലെന്നും അറിയിച്ചിരുന്നു. കൂടാതെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സി ബി ഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയതാണ്. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിലാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.
രാജ്യമൊട്ടാകെ നടത്തുന്ന പരീക്ഷയിൽ വലിയ തോതിൽ രഹസ്യസ്വഭാവം ലംഘിക്കപ്പെട്ടു എന്നതിന് തെളിവുകൾ ലഭിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിൽ നീറ്റ് യുജി പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടതാണ്. പരീക്ഷ മൊത്തത്തിൽ റദ്ദാക്കുന്നത് നല്ലരീതിയിൽ പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുമെന്നും സർക്കാർ കൂട്ടിച്ചേർത്തിരുന്നു.