NEET Success Story: അച്ഛനെ നഷ്ടപ്പെട്ടു, ഒരു ചപ്പാത്തി മാത്രം കഴിച്ച് വിശപ്പകറ്റി; ദാരിദ്രത്തെ തോൽപിച്ച് ഈ മിടുക്കി നേടിയത് എയിംസ് പ്രവേശനം
NEET Success Story: കട ബാധ്യതയാൽ വീട് വിട്ടിറങ്ങേണ്ടി വന്ന, ഒരു ചപ്പാത്തി മാത്രം കഴിച്ച് വിശപ്പകറ്റിയ പ്രേരണയുടെ ജീവിതം ഓരോ വിദ്യാർത്ഥികൾക്കും പ്രചോദനമാണ്. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ കോളേജിൽ പഠിക്കുന്ന പ്രേരണയുടെ ജീവിതം അറിയാം.

ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ പരീക്ഷകളിൽ ഒന്നായാണ് നീറ്റ് പരീക്ഷ കണക്കാക്കുന്നത്. പരീക്ഷ വെല്ലുവിളിയാണെങ്കിലും പല വിദ്യാർത്ഥികളും അവരുടെ കഠിനധ്വാനത്താൽ മികച്ച വിജയം നേടാറുമുണ്ട്. അത്തരത്തിൽ ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് എയിംസിൽ പ്രവേശനം നേടിയ പ്രേരണയുടെ കഥയാണിത്.
രാജസ്ഥാൻ സ്വദേശിയാണ് പ്രേരണ സിംഗ്. അച്ഛൻ ബ്രിരാജ് സിങ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. നാല് മക്കളിൽ മൂത്തവളായിരുന്നു പ്രേരണ. പിതാവ് ഓട്ടോ ഓടിച്ച് കിട്ടുന്നതായിരുന്നു ആ കുടുംബത്തിന്റെ ഏക വരുമാനം. എന്നാൽ 2018ൽ അദ്ദേഹം കാൻസർ ബാധിച്ച് മരിച്ചതോടെ കുടുംബം മാനസികമായും സാമ്പത്തികമായും തകർന്നു. കൂടാതെ 27 ലക്ഷം രൂപയുടെ കടബാധ്യത അവരുടെ ജീവിതം പ്രതിസന്ധിയിലാക്കി. കടം വീട്ടാൻ കഴിയാതെ അമ്മയ്ക്കും മക്കൾക്കും വീട് വിട്ടിറങ്ങേണ്ടി വന്നു. പിന്നീട് അമ്മയ്ക്ക് കിട്ടുന്ന 500 രൂപയുടെ പെൻഷനായിരുന്നു കുടുംബത്തിന്റെ ഏക വരുമാനം. പ്ലസ് ടു കഴിഞ്ഞ് നീറ്റ് പരീക്ഷയെഴുതി ഏതെങ്കിലും സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടുകയായിരുന്നു പ്രേരണയുടെ ലക്ഷ്യം. എന്നാൽ കോച്ചിങ്ങിന് പോകാനുള്ള സാമ്പത്തിക സ്ഥിതി പ്രേരണയ്ക്കില്ലായിരുന്നു.
ALSO READ: കെഎഎസ് നോട്ടിഫിക്കേഷനെത്തി; സമയം കളയേണ്ട, വേഗം അയക്കാം; 77,200 രൂപ മുതല്‍ ശമ്പളം
ഒടുവിൽ കുടുംബത്തിൽ ചിലരുടെ സഹായത്തോടെ അവൾ കോച്ചിങ്ങിന് ചേർന്നു. അപ്പോഴും തന്നെ കൊണ്ട് കഴിയും വിധം ചെലവ് ചുരുക്കാൻ അവൾ ആഗ്രഹിച്ചു. ഭക്ഷണം ഒരു നേരമാക്കി, വെറും ഒരു ചപ്പാത്തി മാത്രം കഴിച്ച് വിശപ്പടക്കി. മറ്റ് സമയത്ത് വെള്ളം കുടിച്ച് വയർ നിറച്ചു. എങ്കിലും പഠനത്തിൽ മാത്രം ഒരു വിട്ടുവീഴ്ചയ്ക്കും പ്രേരണ തയ്യാറായില്ല. ദിവസവും 12 മണിക്കൂർ പഠനത്തിനായി മാറ്റിവെച്ചു. ഒടുവിൽ ആദ്യ ശ്രമത്തിൽ തന്നെ പ്രേരണ നീറ്റ് പരീക്ഷ പാസായി. 720 ൽ 686 മാർക്ക് നേടി, ഏകദേശം 2.5 ലക്ഷം വിദ്യാർത്ഥികളിൽ 1033 എന്ന അഖിലേന്ത്യാ റാങ്ക് നേടിയാണ് പ്രേരണ വിജയം സ്വന്തമാക്കിയത്.
“എന്റെ അച്ഛനായിരുന്നു എന്റെ ഏറ്റവും വലിയ പ്രചോദനം. സാമ്പത്തിക സ്ഥിതി എത്ര ബുദ്ധിമുട്ടാണെങ്കിലും, സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിന്ന് ഒന്നിനും എന്നെ തടയാൻ കഴിയില്ലെന്ന് അദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്” ഉന്നത വിജയത്തിന് ശേഷം പ്രേരണ പറഞ്ഞു. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിയാണ് പ്രേരണ. പേര് പോലെ അവളുടെ ജീവിതം ഓരോ വിദ്യാർത്ഥികൾക്കും പ്രേരണയാണ്.