NEET MDS Counselling 2024: നീറ്റ് എം.ഡി.എസ്. കൗൺസലിങ്, രജിസ്ട്രേഷൻ ജൂലായ് ഏഴുവരെ
NEET MDS Counselling 2024: കല്പിത സർവകലാശാലയിലേക്ക് എല്ലാ വിഭാഗക്കാരും രജിസ്ട്രേഷൻ ഫീസ് 5000 രൂപയും ഡിപ്പോസിറ്റ് രണ്ടുലക്ഷംരൂപയുമാണ് അടക്കേണ്ടത്. കൗൺസലിങ് രജിസ്ട്രേഷൻ mcc.nic.in/mds-counselling/ -എന്ന വെബ്സൈറ്റ് വഴി ജൂലായ് ഏഴിന് ഉച്ചയ്ക്ക് 12 വരെ നടത്താനാകും.
ന്യൂഡൽഹി: മാസ്റ്റർ ഓഫ്ഡെൻറൽ സർജറി (എം.ഡി.എസ്.) പ്രോഗ്രാമിലെ വിവിധ വിഭാഗം സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് നടത്തുന്ന അഖിലേന്ത്യ കൗൺസലിങ്/അലോട്മെൻറ് ആരംഭിച്ചു. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.)യാണ് ഇത് നടത്തുന്നത്. അഖിലേന്ത്യ ക്വാട്ട (എ.ഐ.ക്യു.) വിഭാഗത്തിൽ ഉള്ള 50 ശതമാനം സീറ്റുകളും കേന്ദ്ര-കല്പിത സർവകലാശാലകളിലെ 100 ശതമാനം സീറ്റുകളുമാണ് ഇതിൽ ഉൾപ്പെടുന്നത്.
ഓൾ ഇന്ത്യ ക്വാട്ട ഓപ്പൺ സീറ്റുകളിൽ (ഡൊമിസൈൽ ഫ്രീ) 50 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റുകൾ, ബനാറസ് ഹിന്ദു സർവകലാശാല, അലിഗഢ് മുസ്‌ലിം സർവകലാശാല എന്നിവയിലെ 50 ശതമാനം വീതം സീറ്റുകൾ എന്നിവയും ഡൽഹി സർവകലാശാലയിലെയും കേന്ദ്രസ്ഥാപനങ്ങളിലെയും 50 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റുകൾ എന്നിവയുമാണ് ഇതിൽ ഉൾപ്പെടുന്നത്.
നീറ്റ് എം.ഡി.എസ്. വഴി ഓൾ ഇന്ത്യ ക്വാട്ടയ്ക്ക് യോഗ്യത നേടിയവർക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരം. കല്പിത സർവകലാശാലകളിലെ എം.ഡി.എസ്. സീറ്റുകളിലേക്കും നീറ്റ് എം.ഡി.എസ്.വഴി ഓൾ ഇന്ത്യ ക്വാട്ടയ്ക്ക് യോഗ്യത നേടിയവർക്ക് ഇതിൽ പങ്കെടുക്കാം. ഡൽഹി, അലിഗഢ്, ബനാറസ് ഹിന്ദു സർവകലാശാലകളിൽ 50 ശതമാനം സീറ്റുകൾ ഇന്റേണൽ സീറ്റുകളാണ്. അതിന്റെ അർഹതാവ്യവസ്ഥ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. കൗൺസലിങ് വെബ്സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിൻ ആൻഡ് കൗൺസലിങ് സ്കീമിലാണ് വിവരങ്ങളുള്ളത്.
ALSO READ : നീറ്റ് പരീക്ഷ ക്രമക്കേട്; നിര്‍ണായക അറസ്റ്റുമായി സിബിഐ, മുഖ്യ സൂത്രധാരന്‍ പിടിയില്‍
പ്രക്രിയയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ പൂർണപട്ടിക കൗൺസലിങ് വെബ്സൈറ്റിലുണ്ട്. കൗൺസലിങ്ങിൽ പങ്കെടുക്കാൻ, തിരികെ ലഭിക്കാത്ത രജിസ്ട്രേഷൻ ഫീസ്, തിരികെ ലഭിക്കാവുന്ന സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവ ഓൺലൈനായി അടയ്ക്കണം. സർക്കാർ വിഭാഗത്തിലേക്ക് (എ.ഐ.ക്യു.) രജിസ്ട്രേഷൻ ഫീ 1000 രൂപയാണ്. സെക്യൂരിറ്റി ഡിപ്പോസിറ്റ് 25,000 രൂപയും ഇതേ വിഭാഗത്തിൽ അടക്കണം. പട്ടിക/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് യഥാക്രമം 500 രൂപയും 10,000 രൂപയുമാണ് അടക്കേണ്ടത്.
കല്പിത സർവകലാശാലയിലേക്ക് എല്ലാ വിഭാഗക്കാരും രജിസ്ട്രേഷൻ ഫീസ് 5000 രൂപയും ഡിപ്പോസിറ്റ് രണ്ടുലക്ഷംരൂപയുമാണ് അടക്കേണ്ടത്. കൗൺസലിങ് രജിസ്ട്രേഷൻ mcc.nic.in/mds-counselling/ -എന്ന വെബ്സൈറ്റ് വഴി ജൂലായ് ഏഴിന് ഉച്ചയ്ക്ക് 12 വരെ നടത്താനാകും. തുക അടയ്ക്കാൻ ഇതേദിവസം വൈകീട്ട് മൂന്നുവരെയും അവസരം ഉണ്ട്. ചോയ്സ് ഫില്ലിങ് രാത്രി 11.55 വരെ നടത്താം. അലോട്മെന്റ് ലഭിക്കുന്നവർ 11-നും 17-നുമിടയ്ക്ക് സ്ഥാപനത്തിൽ പ്രവേശനം നേടണം. നാലു റൗണ്ട് അലോട്മെൻറുകളാണ് ഉണ്ടാവുക.