ITI Menstrual Leave: ഐടിഐകളിൽ ഇനി മുതൽ 2 ദിവസം ആർത്തവ അവധി, ഒപ്പം ശനിയാഴ്ചയും അവധി; മന്ത്രി വി.ശിവൻകുട്ടി
ITI Menstrual Leave for Two Days in Kerala :ഇനി മുതൽ എല്ലാ ശനിയാഴ്ചയും ഐടിഐകളിൽ അവധി അനുവദിക്കാൻ സർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിൽ, പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കാനായി ഐടിഐ ഷിഫ്റ്റുകൾ പുനർ നിശ്ചയിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളിൽ രണ്ടു ദിവസത്തെ ആർത്തവ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒപ്പം ഐടിഐകളിൽ ശനിയാഴ്ച അവധി ദിവസവുമാക്കി. ഐടിഐ ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് മന്ത്രിയുടെ സുപ്രധാന തീരുമാനം. ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളിൽ അടക്കം വനിതാ ട്രെയിനികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് മാസത്തിൽ രണ്ടു ദിവസം ആർത്തവ അവധിയായി അനുവദിച്ചത്.
ഇതുവരെ ഐടിഐകളിൽ ശനിയാഴ്ച പ്രവർത്തി ദിവസമായിരുന്നു. ഇനി മുതൽ എല്ലാ ശനിയാഴ്ചയും അവധി അനുവദിക്കാൻ സർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിൽ, ഇത് മൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കാനായി ഐടിഐ ഷിഫ്റ്റുകൾ പുനർ നിശ്ചയിക്കാനാണ് നീക്കം. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മണി മുതൽ വൈകുന്നേരം 3.00 മണി വരെയാക്കാൻ ആണ് തീരുമാനം. അതുപോലെ രണ്ടാമത്തെ ഷിഫ്റ്റ് രാവിലെ 10 മണി മുതൽ വൈകിട്ട് 5.30 മണി വരെയുമാക്കും.
ALSO READ: ഐസിഎസ്ഇ, ഐ എസ് സി പരീക്ഷ ടൈം ടേബിൾ പ്രഖ്യാപിച്ചു; പരീക്ഷ ഏപ്രിൽ വരെ
ശനിയാഴ്ച അവധി പ്രഖ്യാപിച്ചെങ്കിലും, ട്രെയിനികളിൽ ആവശ്യമുള്ളവർക്ക് ഷോപ്പ് ഫ്ളോർ ട്രെയിനിംഗ്, ഹ്രസ്വകാല പരിശീലന കോഴ്സുകൾ എന്നിവയ്ക്കായി അല്ലെങ്കിൽ മറ്റു പാഠ്യേതര പ്രവർത്തനങ്ങൾക്കായി ഈ ശനിയാഴ്ചകൾ പ്രയോജനപ്പെടുത്താവുന്നതാണ്.
“ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും വനിതകൾ പ്രവർത്തിക്കുന്നുണ്ട്. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളിൽ പോലും വനിതാ ട്രെയിനികൾ നിലവിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് രണ്ടു ദിവസം ആർത്തവ അവധി നൽകുന്നത്” മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.