MG University Admissions 2024: എംജി സർവകലാശാലയിൽ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു
ഭിന്നശേഷി, സ്പോർട്‌സ്, കൾച്ചറൽ ക്വാട്ടകളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും ഓൺലൈനിലാണ് അപേക്ഷ നൽകേണ്ടത്.
എംജി സർവകലാശാലയിൽ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ ഒന്നാംവർഷ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലെ ഏകജാലക പ്രവേശനത്തിനാണ് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നത്.
മാനേജ്‌മെൻ്റ്, ലക്ഷ്വദ്വീപ് ക്വാട്ടകളിൽ ഓൺലൈൻ മുഖേന മാത്രമായിരിക്കും അപേക്ഷ സ്വീകരിക്കുക. രണ്ടുവിഭാഗത്തിലും പ്രവേശനം ആഗ്രഹിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കണം.
കൂടാതെ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷ നൽകുമ്പോൾ അപേക്ഷാ നമ്പർ നൽകുകയും വേണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് ഈ ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ കഴിയില്ല.
ഭിന്നശേഷി, സ്പോർട്‌സ്, കൾച്ചറൽ ക്വാട്ടകളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും ഓൺലൈനിലാണ് അപേക്ഷ നൽകേണ്ടത്. സർവകലാശാല പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും രേഖകളുടെ കേന്ദ്രീകൃത പരിശോധന നടത്തുകയും ചെയ്യും.
സംവരണാനുകൂല്യം വേണ്ടവർ ഓൺലൈൻ അപേക്ഷയോടൊപ്പം റവന്യു അധികാരി നൽകുന്ന കമ്മ്യൂണിറ്റി അല്ലെങ്കിൽ കാസ്റ്റ് സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പതിപ്പ് അപ്‌ലോഡ് ചെയ്യണ്ടേത് നിർബന്ധമാണ്.
മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവരും റവന്യു അധികൃതരുടെ നിശ്ചിതമാതൃകയിലുള്ള സാക്ഷ്യപത്രം ഓൺലൈനിൽ നൽകണം.
ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുന്നതിന് ഹെൽപ്പ് ഡെസ്‌കിന്റെ സേവനം തേടാം. ഹെൽപ്പ് ഡെസ്‌കുകളുടെ ഫോൺനമ്പരുകൾ ക്യാപ് വെബ്‌സൈറ്റിലുണ്ട്. ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങളും: cap.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.