MBA Answer Sheets Missing Case: എംബിഎ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം; അധ്യാപകനെ പിരിച്ചുവിടാന്‍ കേരള സര്‍വകലാശാല
Kerala University MBA Answer Sheets Missing Case: വിവരം പുറത്തുവിടാതെ പുനഃപരീക്ഷ നടത്താനായിരുന്നു സർവകലാശാല ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇതിനെതിരെ പ്രതിഷേധം കനത്തതോടെയാണ് വൈസ് ചാൻസലർ അധ്യാപകനെതിരെ നടപടിയെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് നഷ്ടപെട്ട സംഭവത്തിൽ ഗസ്റ്റ് അധ്യാപകൻ എ പ്രമോദിനെ പിരിച്ചുവിടാൻ തീരുമാനം. സെനറ്റ് കമ്മിറ്റുടെ ശുപാർശ പ്രകാരം വൈസ് ചാൻസലർ ഡോക്ടർ മോഹനൻ കുന്നുമ്മലാണ് തീരുമാനം എടുത്തത്. മൂല്യനിർണയം നടത്താൻ നൽകിയ 71 ഉത്തരക്കടലാസുകളാണ് അധ്യാപകന്റെ പക്കൽ നിന്ന് നഷ്ടമായത്. വിവരം പുറത്തുവിടാതെ പുനഃപരീക്ഷ നടത്താനായിരുന്നു സർവകലാശാല ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇതിനെതിരെ പ്രതിഷേധം കനത്തതോടെയാണ് വൈസ് ചാൻസലർ അധ്യാപകനെതിരെ നടപടിയെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
ജനുവരിയിലാണ് സംഭവം നടന്നത്. എംബിഎ വിദ്യാർത്ഥികളുടെ പ്രോജക്റ്റ് ഫിനാൻസ് എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളുമായി പാലക്കാട്ടേക്ക് ബൈക്കിൽ സഞ്ചരിക്കവേ ആണ് അധ്യാപകന്റെ പക്കൽ നിന്നും ഇവ നഷ്ടപ്പെട്ടത്. അഞ്ച് കോളേജിലെ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളാണ് ഇതിൽ ഉണ്ടായിരുന്നത്. വിവരം പുറത്തുവിടാതെ പുനഃപരീക്ഷ നടത്താൻ ആയിരുന്നു സർവകലാശാലയുടെ തീരുമാനം. ഇതിനുള്ള അറിയിപ്പ് വിദ്യാർത്ഥികൾക്ക് ഇമെയിലായി ലഭിച്ചതോടെ ആണ് സംഭവം പുറത്തുവന്നത്.
രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട കോഴ്‌സിന്റെ ഫലപ്രഖ്യാപനം രണ്ടര വർഷം പിന്നിട്ടിട്ടും വന്നിരുന്നില്ല. പരീക്ഷ ഫലം വൈകുന്നതിന്റെ കാരണവും സർവകലാശാല വിശദീകരിച്ചിരുന്നില്ല. ഉത്തരക്കടലാസ് നഷ്ടപെട്ട വിവരം അധ്യാപകൻ സർവകലാശാല അധികൃതരെയും പോലീസിനെയും അറിയിക്കുകയും സിൻഡിക്കേറ്റിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു എന്നാണ് വിവരം. സിൻഡിക്കേറ്റിന്റെ തീരുമാന പ്രകാരം ആയിരുന്നു പരീക്ഷ വീണ്ടും നടത്താൻ നിശ്ചയിച്ചത്. പാലക്കാട്ടേക്ക് ബൈക്കിൽ പോകും വഴി യാത്രാമധ്യേ ആണ് ഉത്തരക്കടലാസുകൾ നഷ്ടമായതെന്നാണ് അധ്യാപകൻ പരീക്ഷ കൺട്രോളറെ അറിയിച്ചത്.
ALSO READ: സ്കൂൾ ഫീസ് കൂട്ടിയത് 80 ശതമാനം വരെ, കടം വാങ്ങിയും വായ്പ എടുത്തും വിദ്യാഭ്യാസം
ഇതോടെ മൂല്യനിർണയത്തിനായി ഉത്തരക്കടലാസുകൾ അധ്യാപകർ വീട്ടിൽ കൊണ്ടുപോകുന്നതിന് സാങ്കേതികത്വവും ചർച്ചയായിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ സർവകലാശാലയുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന് വൈസ് ചാൻസലർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചതായുള്ള വിവരം പുറത്തുവരുന്നത്. അതേസമയം, ഏഴ് കോളേജുകളിലായി ഏപ്രിൽ ഏഴിന് എംബിഎ വിദ്യാർത്ഥികളുടെ പുനഃപരീക്ഷ നടന്നു.