UPSC Factory Village: നാലായിരത്തോളം ആളുകൾ, അറിയപ്പെടുന്നത് ‘യു.പി.എസ്.സി ഫാക്ടറി’യെന്നും; ഇങ്ങനെയും ഒരു ഗ്രാമമുണ്ട് ഇന്ത്യയിൽ!
UPSC Factory Village: ജോൻപൂർ നഗരത്തിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഉത്തർപ്രദേശിലെ ചെറിയ ഗ്രാമമാണ് മാധോപട്ടി. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇതുവരെ 40-ലധികം ഐഎഎസ്, ഐപിഎസ്, പിസിഎസ് ഉദ്യോഗസ്ഥരാണ് മാധോപട്ടി ഗ്രാമത്തിൽ നിന്ന് ഉയർന്നുവന്നിട്ടുള്ളത്.

ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിൽ ഒന്നാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസ് പരീക്ഷ. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായാണ് യു.പി.എസ്.സി പരീക്ഷ വർഷം തോറും നടത്തുന്നത്. (പ്രിലിമിനറി, മെയിൻ, അഭിമുഖം എന്നീ മൂന്ന് ഘട്ടങ്ങളായിട്ടാണ് പരീക്ഷ. വർഷം തോറും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ഈ പരീക്ഷ എഴുതുന്നു എങ്കിലും ചുരുക്കം ചില ഉദ്യോഗാർത്ഥികൾ മാത്രമാണ് യോഗ്യത നേടുന്നത്.
നമ്മുടെ ഇന്ത്യയിൽ യു.പി.എസ്.സി ഫാക്ടറി എന്നറിയപ്പെടുന്ന ഒരു ഗ്രാമമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സംഗതി സത്യമാണ്. ഉത്തർപ്രദേശിലെ ജോൻപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മാധോപട്ടി എന്ന ഗ്രാമമാണ് യു.പി.എസ്.സി ഫാക്ടറി എന്ന പേരിൽ അറിയപ്പെടുന്നത്. പക്ഷേ എന്ത് കൊണ്ടായിരിക്കാം മാധോപട്ടി ഗ്രാമത്തിന് ഇത്തരമൊരു വിളിപേര് ലഭിച്ചത്.
ജോൻപൂർ നഗരത്തിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഉത്തർപ്രദേശിലെ ചെറിയ ഗ്രാമമാണ് മാധോപട്ടി. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇതുവരെ 40-ലധികം ഐഎഎസ്, ഐപിഎസ്, പിസിഎസ് ഉദ്യോഗസ്ഥരാണ് മാധോപട്ടി ഗ്രാമത്തിൽ നിന്ന് ഉയർന്നുവന്നിട്ടുള്ളത്. അവരിൽ പലരും നിലവിൽ ഉയർന്ന സർക്കാർ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. ഇവർ ഗ്രാമത്തിന് മാത്രമല്ല, മുഴുവൻ ജില്ലയ്ക്കും അഭിമാനം നൽകുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം, മാധോപട്ടി ഗ്രാമത്തിന്റെ ജനസംഖ്യ ഏകദേശം 4,000 ആണ്. ഏകദേശം 75 വീടുകൾ ഇവിടെയുണ്ട്. ആൺ കുട്ടികൾ മാത്രമല്ല, പെൺമക്കളും എന്തിനേറെ പറയുന്നു, വിവാഹ ശേഷം ഇവിടെ എത്തിയ മരുമക്കൾ പോലും പിന്നീട് സിവിൽ സർവീസിലേക്ക് മാറിയിട്ടുണ്ട് എന്നതാണ് ഈ ഗ്രാമത്തെ യഥാർത്ഥത്തിൽ സവിശേഷമാക്കുന്നത്. ഇവിടുത്തെ വിദ്യാർഥികൾ കോളേജിൽ പ്രവേശിക്കുമ്പോൾ തന്നെ യു.പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തുടങ്ങുമെന്ന് പറയപ്പെടുന്നു.
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം, മാധോപട്ടിയിലെ യുവാക്കൾക്കിടയിൽ യുപിഎസ്‌സി പരീക്ഷയോടുള്ള ശക്തമായ അഭിനിവേശം വളർന്നുവരാൻ തുടങ്ങി. 1952-ൽ ഗ്രാമത്തിൽ നിന്നുള്ള ഇന്ദു പ്രകാശ് സിംഗ് ഐഎഫ്‌എസ് ഓഫീസറായി, 1955-ൽ വിനയ് കുമാർ സിംഗ് യുപിഎസ്‌സി പാസായി ഐഎഎസ് ഓഫീസറായി. പിന്നീട് ഇദ്ദേഹം ബീഹാറിന്റെ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
യുപിഎസ്‌സി പരീക്ഷ പാസായ നാല് സഹോദരങ്ങളുള്ള കുടുംബവും ഈ ഗ്രാമത്തിലുണ്ട്. മധോപട്ടിയിൽ നിന്നുള്ള നിരവധി ഐഎഎസ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ), മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) എന്നിവയുൾപ്പെടെ ഉന്നത സർക്കാർ ഓഫീസുകളിൽ പോലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാത്രമല്ല, ഗ്രാമത്തിലെ നിരവധി യുവാക്കൾ ഐഎസ്ആർഒ, ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ, ലോക ബാങ്ക് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. ഇത് ഗ്രാമവും ഗ്രാമവാസികളും അക്ഷരാർത്ഥത്തിൽ മാതൃകയും അഭിമാനവുമാണ്.