KMAT 2025: കെമാറ്റിന് ഇതുവരെയും അപേക്ഷിച്ചില്ലേ? ശ്രദ്ധയൊന്ന് പാളിയാല്‍ പറ്റുന്നത് വന്‍ മണ്ടത്തരം; കാരണം ഇതാണ്
Kerala Management Aptitude Test: എംബിഎ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സർവകലാശാലകൾ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ മാർക്ക് നേടിയിരിക്കണം. അവസാന വർഷ യോഗ്യതാ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. എന്നാല്‍ പ്രവേശന നടപടിക്രമങ്ങള്‍ക്ക് മുമ്പ് ഇവരുടെ റിസല്‍ട്ട് ലഭ്യമായിരിക്കണം

കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KMAT-2025) രണ്ടാം സെഷനിലേക്ക് മെയ് ഒമ്പത് വരെ അപേക്ഷ അയക്കാം. ജനറല്‍ വിഭാഗത്തിന് ആയിരം രൂപയാണ് ഫീസ്. എസ്‌സി വിഭാഗത്തിന് 500 രൂപ മതി. എസ്ടിക്ക് ഫീസ് വേണ്ട. ആർട്സ്, സയൻസ്, എഞ്ചിനീയറിംഗ്, കൊമേഴ്‌സ്, മാനേജ്‌മെന്റ് വിഷയങ്ങളില്‍ മൂന്ന് വർഷത്തെ ബാച്ചിലർ ബിരുദവും അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും അയക്കാം. എന്നാല്‍ കേരളീയര്‍ക്ക് മാത്രമാകും ഫീസ് ഇളവും, റിസര്‍വേഷനും.
എംബിഎ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സർവകലാശാലകൾ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ മാർക്ക് നേടിയിരിക്കണം. അവസാന വർഷ യോഗ്യതാ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. എന്നാല്‍ പ്രവേശന നടപടിക്രമങ്ങള്‍ക്ക് മുമ്പ് ഇവരുടെ റിസല്‍ട്ട് ലഭ്യമായിരിക്കണം. ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡാറ്റ സഫിഷ്യന്‍സി & ലോജിക്കല്‍ റീസണിങ്, ജനറല്‍ നോളജ് & കറന്റ് അഫയേഴ്‌സ് എന്നിവയാണ് സിലബസ് വിഷയങ്ങള്‍.
വിഷയങ്ങള്‍, ചോദ്യങ്ങളുടെ എണ്ണം, പരമാവധി മാര്‍ക്ക് എന്നിവ ചുവടെ




- ഇംഗ്ലീഷ്, 50, 200
- ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, 50, 200
- ഡാറ്റ സഫിഷ്യന്‍സി & ലോജിക്കല്‍ റീസണിങ്, 40, 160
- ജനറല്‍ നോളജ് & കറന്റ് അഫയേഴ്‌സ്, 40, 160
- ആകെ, 180, 720
ശരിയായ ഉത്തരങ്ങള്‍ക്ക് നാലു മാര്‍ക്ക് വീതവും തെറ്റ് ഉത്തരങ്ങള്‍ക്ക് ഒരു നെഗറ്റീവ് മാര്‍ക്ക് വീതവും ലഭിക്കും. ആകെ മാർക്കിന്റെ 10% (അതായത് 72 മാർക്കോ അതിൽ കൂടുതലോ) നേടുന്ന ജനറൽ/എസ്ഇബിസി വിഭാഗക്കാർക്ക് കേരളത്തിലെ വിവിധ സർവകലാശാലകൾ/വകുപ്പുകൾ, ഓട്ടോണമസ് കോളേജുകൾ ഉൾപ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്‌മെന്റ് കോളേജുകൾ എന്നിവയിൽ എംബിഎ കോഴ്‌സിന് പ്രവേശനത്തിന് അർഹതയുണ്ട്. 7.5% ആണ് എസ്‌സി/എസ്ടി/പിഡി വിഭാഗങ്ങൾക്ക് യോഗ്യതാ കട്ട് ഓഫ് മാർക്ക്. മൂന്ന് മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം
കെ-മാറ്റ് 2025 ന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് എംബിഎ കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്നവര്‍ ഈ പ്രവേശന പരീക്ഷ എഴുതണം. പ്രവേശന പരീക്ഷ, ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കോഴ്‌സിലേക്കുള്ള പ്രവേശനം. വെയിറ്റേജ് ചുവടെ നല്‍കിയിരിക്കുന്നു.
- പ്രവേശന പരീക്ഷയുടെ സ്കോർ: 80%
- ഗ്രൂപ്പ് ചർച്ച: 10%
- വ്യക്തിഗത അഭിമുഖം: 10%
- ആകെ: 100%
എങ്ങനെ അയക്കാം?
അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ ഓൺലൈനായി മാത്രമേ സമർപ്പിക്കാൻ കഴിയൂ. www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ വിശദമായി വായിക്കണം. തുടര്‍ന്നാണ് അയയ്‌ക്കേണ്ടത്. അപേക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഈ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
പണി പാളല്ലേ?
ഗൂഗിളില്‍ നിങ്ങള്‍ കെ-മാറ്റിനെക്കുറിച്ച് സര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യം കര്‍ണാടകയിലെ കെമാറ്റായിരിക്കാം നിങ്ങള്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ വിവരങ്ങള്‍ തിരയുമ്പോള്‍ അതീവ ശ്രദ്ധ പാലിക്കണം. നിങ്ങള്‍ അയയ്ക്കുന്നത് കേരളത്തിലേത് തന്നെയാണെന്ന് ഉറപ്പുവരുത്തുക.