5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KTET 2025: കെ-ടെറ്റ് പരീക്ഷയ്ക്ക് ഇനി മുതൽ തമിഴ്, കന്നഡ ഭാഷകളിലും ചോദ്യക്കടലാസ്

Kerala Teacher Eligibility Test Tamil Kannada Question Papers: ഇനി മുതൽ കെ-ടെറ്റിന് തമിഴ്, കന്നഡ ഭാഷകളിലും ചോദ്യക്കടലാസ് ലഭ്യമാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.

KTET 2025: കെ-ടെറ്റ് പരീക്ഷയ്ക്ക് ഇനി മുതൽ തമിഴ്, കന്നഡ ഭാഷകളിലും ചോദ്യക്കടലാസ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nandha-das
Nandha Das | Published: 07 Mar 2025 09:24 AM

പാലക്കാട്: കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) ഇനി തമിഴ്, കന്നഡ ഭാഷകളിലും ചോദ്യക്കടലാസ്. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റേതാണ് തീരുമാനം. പരീക്ഷയിലെ മൂന്ന് വിഭാഗങ്ങളിൽ നിലവിൽ മലയാളത്തിലും ഇംഗ്ലീഷിലുമാണ് ചോദ്യക്കടലാസ് നൽകി വരുന്നത്. ഇതിന് പുറമെ ഇനി മുതൽ തമിഴ്, കന്നഡ ഭാഷകളിലും ചോദ്യക്കടലാസ് ലഭ്യമാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.

തമിഴ് മീഡിയത്തിൽ പഠിച്ച്, ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡിഎൽഎഡ്) കോഴ്സും പൂർത്തിയാക്കി തമിഴിൽ പാസാവുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് കേരള സംസ്ഥാന കമ്മീഷണർ നടത്തുന്ന പരീക്ഷയുടെ ചോദ്യപേപ്പർ തമിഴിൽ ലഭ്യമല്ല. ഇത് തമിഴ് വിദ്യാർഥികൾക്ക് പരീക്ഷ ജയിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുവെന്ന് കേരളൈറ്റ് തമിഴ് ലിംഗ്വിസ്റ്റിക് മൈനോറിറ്റി പീപ്പിൾസ് മൂവ്മെന്റ് ചൂണ്ടിക്കാട്ടിയിരുന്നു. 2012 മുതൽ തുടർന്ന് വരുന്ന ഈ വിവേചനം കാരണം പലർക്കും തൊഴിൽ സാധ്യത നഷ്ടപ്പെട്ടതായും ഇവർ പരാതിപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് സംഘടന ഹൈക്കോടതിയിൽ ഹർജിയും നൽകിയിരുന്നു. ഇത് പരിഗണിച്ച കോടതി പരാതി നേരിൽകേട്ട് തീരുമാനം എടുക്കാനാണ് നിർദേശിച്ചത്.

ALSO READ: പിഎം ഇന്റേൺഷിപ്പ് സ്‌കീം 2025 രജിസ്ട്രേഷൻ ആരംഭിച്ചു; പ്രതിമാസം 5,000 രൂപ വീതം, അറിയേണ്ടതെല്ലാം

കേരള സ്റ്റേറ്റ് ലിംഗ്വിസ്റ്റിക് മൈനോറിറ്റി തമിഴ് ടീച്ചേഴ്സ് അസോസിയേഷനും കെ-ടെറ്റ് പരീക്ഷ തമിഴ് ഭാഷയിൽ കൂടി വേണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. ഇതോടെ വിഷയത്തിൽ സർക്കാർ തലത്തിൽ തീരുമാനം എടുക്കണമെന്ന് പരീക്ഷാഭവൻ സെക്രട്ടറി നിർദേശിക്കുകയും, മറ്റ് ന്യൂനപക്ഷ ഭാഷാസംഘടനകളും ഇതേ ആവശ്യം ഉന്നയിക്കാൻ ഇടയുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ചോദ്യപേപ്പറുകൾ തമിഴിലും കന്നഡയിലും കൂടി ലഭ്യമാക്കാൻ ഉത്തരവിട്ടത്. ഫെബ്രുവരി 25നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ എന്നിവർ ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.