SSLC Result 2025 : എസ്എസ്എൽസി, പ്ലസ് ടു മൂല്യനിർണയത്തിന് തുടക്കം; ഫലം എന്ന് വരും?
SSLC, Higher Secondary Result 2025 : ഇന്ന് ആരംഭിക്കുന്ന മൂല്യനിർണയ ക്യാമ്പ് രണ്ട് ഘട്ടങ്ങളിലായി ഏപ്രിൽ 26-ാം തീയതി വരെ നടക്കും. മൂല്യനിർണയം സമയബന്ധിതമായി പൂർത്തിയാക്കുവാനുള്ള എല്ലാം നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

തിരുവനന്തപുരം : 2024-25 അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് ഏപ്രിൽ മൂന്നാം തീയതി മുതൽ ആരംഭിച്ചു. 72 കേന്ദ്രീകൃത ക്യാമ്പുകളിലായിട്ടാണ് എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം നടത്തുക. 89 ക്യാമ്പുകളായിട്ടാണ് ഹയർ സക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം നടത്തുക. രണ്ട് ഘട്ടങ്ങളായി ഏപ്രിൽ 26-ാം തീയതി വരെയാണ് എസ്എസ്എൽസി മൂല്യനിർണയം നടത്തുകയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ഇന്നാരംഭിച്ച മൂല്യനിർണയം ഏപ്രിൽ 11ന് അവസാനിക്കും. 21-ാം തീയതിയാണ് രണ്ടാംഘട്ടം മൂല്യനിർണയം ആരംഭിക്കുക. ഹയർ സക്കൻഡറി മൂല്യനിർണയം ഒരു മാസത്തിലധികം നീണ്ട് നിൽക്കും. ഇന്ന് ആരംഭിക്കുന്ന മൂല്യനിർണയം മെയ് മാസം പത്താം തീയതി വരെയുണ്ടാകും. കൃത്യസമയത്ത് മൂല്യനിർണയം പൂർത്തിയാക്കാനുള്ള എല്ലാ നടപടികളും സജ്ജീകരണങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ഹയർ സക്കൻഡറി ഒന്നാം വർഷം (പ്ലസ് വൺ) ഇംപ്രൂവ്മെൻ്റ് പരീക്ഷകളുടെ മൂല്യനിർണയമാണ് ആദ്യം നടത്തുക. തുടർന്ന് രണ്ടാം വർഷം (പ്ലസ് ടു) പരീക്ഷയുടെ മൂല്യനിർണയം നടത്തും. ഇതിന് ശേഷം മാത്രം പ്ലസ് പരീക്ഷയുടെ മൂല്യനിർണയം ആരംഭിക്കുക. ഇംപ്രൂവ്മെൻ്റ് പരീക്ഷ പേപ്പറുകളുടെ എണ്ണം 6,69,726 ആണ്. പ്ലസ് ടുകാരുടെ ഉത്തരകടലാസിൻ്റെ എണ്ണം 26,59,449 ആണ്. പ്ലസ് വൺ പരീക്ഷയുടെ ഉത്തരകടലാസിൻ്റെ എണ്ണം 26,40,437 ആണ്.
എസ്എസ്എൽസി, പ്ലസ് ടു ഫലം എന്ന്?
ഹയർ സക്കൻഡറി മൂല്യനിർണയം മെയ് പത്താം തീയതി വരെയാണ് നീണ്ട് നിൽക്കുക. അതുകൊണ്ട് മെയ് മാസത്തിലെ മൂന്നാമത്തെ ആഴ്ചയ്ക്കുള്ളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ഫലം പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ വർഷം മെയ് എട്ടാം തീയതി എസ്എസ്എൽസിയുടെയും മെയ് ഒമ്പതാം തീയതി ഹയർ സക്കൻഡറിയുടെയും പരീക്ഷ ഫലം വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. 99.69% ആയിരുന്നു കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി വിജയശതമാനം. 78.69% ആയിരുന്നു ഹയർ സക്കൻഡറി വിജയശതമാനം.