Kerala SSLC, Plus Two Result 2025: ഗ്രേസ് മാർക്ക് കൂട്ടി, എസ്എസ്എൽസി, ഹയർ സെക്കൻഡറിക്കാർ അറിയാൻ
Kerala SSLC, Higher Secondary Grace Marks: നിലവിൽ സംസ്ഥാന സ്‌കൂൾ കായികമേളയിൽ ആദ്യ നാല് സ്ഥാനക്കാർക്കാണ് എസ്എസ്എൽസി, എച്ച്എസ്എസ്, വിഎച്ച്എസ്സി പരീക്ഷകളിൽ ഗ്രേസ് മാർക്ക് നൽകുന്നത്.

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയിൽ ലഭിക്കുന്ന ഗ്രേസ് മാർക്ക് ഉയർത്തി. ഇനി മുതൽ എട്ടാം സ്ഥാനം വരെ നേടുന്നവർക്കും ഗ്രേസ് മാർക്ക് ലഭിക്കും. കൂടാതെ, സ്‌കൂൾ സോഷ്യൽ സർവീസ് സ്കീമിനും ഗ്രേസ് മാർക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ സംസ്ഥാന സ്‌കൂൾ കായികമേളയിൽ ആദ്യ നാല് സ്ഥാനക്കാർക്കാണ് എസ്എസ്എൽസി, എച്ച്എസ്എസ്, വിഎച്ച്എസ്സി പരീക്ഷകളിൽ ഗ്രേസ് മാർക്ക് നൽകുന്നത്. സംസ്ഥാനതലത്തിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മത്സരങ്ങളിൽ മാത്രമല്ല സ്പോർട്സ് കൗൺസിൽ അംഗീകരിച്ച അസോസിയേഷനുകൾ നടത്തുന്ന മത്സരങ്ങളിൽ വിജയിക്കുന്നവർക്കും ഇത് ബാധകമാണ്. ഈ മത്സരങ്ങളിൽ വിജയിക്കുന്ന ആദ്യ നാല് സ്ഥാനക്കാർക്ക് യഥാക്രമം 20, 17, 14, 7 എന്നിങ്ങനെയാണ് ഗ്രേസ് മാർക്ക് ലഭിച്ചിരുന്നത്. ഇനി അഞ്ച് മുതൽ എട്ട് വരെ സ്ഥാനക്കാർക്ക് യഥാക്രമം 8, 6, 4, 2 മാർക്ക് വീതവും ലഭിക്കും.
കൂടാതെ, സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീമിൽ എ ഗ്രേഡ് ലഭിക്കുന്നവർക്ക് 25 മാർക്കും, ബി ഗ്രേഡിന് 15 മാർക്കും, സി ഗ്രേഡിന് 10 മാർക്കും ലഭിക്കുന്നതാണ്. അതേസമയം, അന്തർ ദേശീയ, ദേശീയ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് നിലവിൽ ഉള്ള ഗ്രേസ് മാർക്ക് തുടരും. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ 90 ശതമാനമോ അതിന് മുകളിലോ നേടുന്നവർക്ക് ഗ്രേസ് മാർക്ക് ആനുകൂല്യം ലഭിക്കില്ല.
ALSO READ: മൂല്യനിർണയം തുടങ്ങി; എസ്എസ്എൽസി ഫലം എന്ന് പ്രഖ്യാപിക്കും?
എസ്എസ്എൽസി ഗ്രേസ് മാർക്കിനായി എട്ടാം ക്ലാസ് സർട്ടിഫിക്കറ്റ് വെച്ചാണ് അപേക്ഷിക്കുന്നതെങ്കിൽ ഒമ്പതിലും പത്തിലും ജില്ലാ മത്സരങ്ങളിലെങ്കിലും പങ്കെടുത്തിരിക്കണം. ഒമ്പതാം ക്ലാസിലെ സർട്ടിഫിക്കറ്റ് വെച്ച് അപേക്ഷിക്കുന്നവർ പത്താം ക്ലാസിൽ ജില്ലാ മത്സരത്തിലെങ്കിലും പങ്കെടുത്തിരിക്കണം.
അതേസമയം, എട്ട്/ ഒമ്പത് ക്ലാസിൽ സംസ്ഥാനതല സ്‌കൂൾ കലോത്സവത്തിലോ ശാസ്ത്രോത്സവത്തിലോ ലഭിച്ച ഗ്രേഡ് വെച്ച് ഗ്രേസ് മാർക്കിന് അപേക്ഷിക്കുന്നവർ പത്തിൽ പഠിക്കുമ്പോൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കണം എന്ന് നിർബന്ധമില്ല. അതേ ഇനത്തിൽ റവന്യൂ ജില്ലാ മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചാൽ മതി. കലോത്സവം, ശാസ്ത്രോത്സവം, ശാസ്ത്ര സെമിനാർ എന്നിവയിൽ എ, ബി, സി ഗ്രേഡ് നേടുന്നവർക്ക് യഥാക്രമം 20, 15, 10 എന്നിങ്ങനെയാണ് ഗ്രേസ് മാർക്ക് ലഭിക്കുക.