5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala SSLC Exam 2025: എസ്എസ്എല്‍സി പരീക്ഷ ഉടൻ അവസാനിക്കും; ഫലം എന്ന്? പ്ലസ് വൺ അഡ്മിഷൻ എപ്പോൾ?

Kerala SSLC Exam to End Soon: ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതാൻ യോഗ്യത നേടിയത് 4,28,953 വിദ്യാർത്ഥികളാണ്. കഴിഞ്ഞ വർഷം, 4,27,153 എസ്എസ്എൽസി വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

Kerala SSLC Exam 2025: എസ്എസ്എല്‍സി പരീക്ഷ ഉടൻ അവസാനിക്കും; ഫലം എന്ന്? പ്ലസ് വൺ അഡ്മിഷൻ എപ്പോൾ?
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Published: 18 Mar 2025 16:55 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് 3ന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇനി നാല് പരീക്ഷകൾ മാത്രമാണ് ബാക്കിയുള്ളത്. മാർച്ച് 26ന് പരീക്ഷകൾ പൂർത്തിയായി വിദ്യാർത്ഥികൾക്ക് വേനലവധി ആരംഭിക്കും. ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതാൻ യോഗ്യത നേടിയത് 4,28,953 വിദ്യാർത്ഥികളാണ്. കഴിഞ്ഞ വർഷം, 4,27,153 എസ്എസ്എൽസി വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 99.69% ആയിരുന്നു വിജയശതമാനം.

ഏപ്രിൽ എട്ടിന് എസ്എസ്എൽസി മൂല്യനിർണയം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. ഏപ്രിൽ എട്ട് മുതൽ 25 വരെ 72 ക്യാമ്പുകളിലായാണ് മൂല്യനിർണയം നടക്കുക. മൂല്യനിർണയം പൂർത്തിയായ ശേഷം മെയ് മൂന്നാം വാരത്തോടെ പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം മെയ് 8നും, 2023ൽ മെയ് 19നുമായിരുന്നു എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചത്.

തുടർന്ന്, രണ്ടാഴ്ചയ്ക്കകം പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ ഫലം വന്ന് എട്ടാം ദിവസം പ്ലസ് വൺ ഏകജാലക ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിച്ചിരുന്നു. ശേഷം മെയ് അവസാനത്തോടെ അപേക്ഷ പ്രക്രിയകൾ പൂർത്തിയാക്കി ജൂൺ പകുതിയോടെ ക്ലാസുകൾ ആരംഭിക്കാൻ ആണ് സാധ്യത. കഴിഞ്ഞ വർഷം ക്ലാസ് ആരംഭിച്ചത് ജൂൺ 24നായിരുന്നു.

ALSO READ: രണ്ട് മാസം ഉണ്ടോ? ഒന്ന് കൂട്ടിയും കുറച്ചും നോക്കിക്കേ; അവധിക്കാലം ആഘോഷിക്കേണ്ടേ?

പ്ലസ് വൺ പ്രവേശനത്തിന് ട്രയൽ ഉൾപ്പടെ മൊത്തം നാല് അലോട്മെന്റുകളാണ് ഉണ്ടാവുക. പ്രവേശനത്തിനായുള്ള അപേക്ഷ സമർപ്പിച്ച് ഒരാഴ്ചയ്ക്കകം തന്നെ ട്രയൽ അലോട്ട്മെന്റ് വരുന്നതാണ് പതിവ്. പിന്നാലെ ഓരോ ആഴ്ചകൾ ഇടവിട്ട് ഒന്നും രണ്ടും മൂന്നും അലോട്ട്മെന്റുകൾ പ്രസിദ്ധീകരിക്കും. ഇതിന് പുറമെ സപ്ലിമെന്ററി അലോട്മെന്റുകൾ കൂടി പൂർത്തിയാക്കി ജൂലൈയോടെ പ്രവേശന നടപടികൾ പൂർണമായും അവസാനിപ്പിക്കും.

കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ (കെബിപിഇ) എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂളുകളിൽ നിന്ന് മാർക്ക് ഷീറ്റിന്റെ ഹാർഡ് കോപ്പി ലഭിക്കുന്നതാണ്. എസ്എസ്എൽസി മെയിൻ പരീക്ഷകളിൽ യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്കായി എസ്എസ്എൽസി സപ്ലിമെന്ററി പരീക്ഷയുടെ (സേ പരീക്ഷ) ഔദ്യോഗിക ഷെഡ്യൂൾ കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ പുറത്തിറക്കും. മുൻവർഷം 2024 മെയ് 28 മുതൽ ജൂൺ 4 വരെയാണ് സേ പരീക്ഷ നടന്നത്.