Kerala Schools New Rule: ഇനി മുതൽ സ്കൂളിലെ അവസാന പീരിഡ് സ്പോർട്സിനായി
കുട്ടികളിലെ പെരുമാറ്റം തിരിച്ചറിയുന്നതിനും വിദ്യാർത്ഥികളുടെ സമ്മർദ്ദം ലഘൂകരിക്കുന്നതിനും അധ്യാപകർക്ക് പരിശീലനം ലഭിക്കും, വിദ്യാർത്ഥികൾക്ക് ആശങ്കകൾ അധ്യാപകരുമായി പങ്കിടാൻ കഴിയുന്ന സുരക്ഷിതമായ ഇടങ്ങൾ സ്കൂളുകളിൽ

തിരുവനന്തപുരം: സംസഥാനത്തെ സ്കൂളുകളിലെ അവസാന പീരിയഡ് ഇനി സ്പോർട്സിനായി മാറ്റി വെക്കും. കായിക ഇനങ്ങൾക്ക് കൂടി മുൻഗണന നൽകി കുട്ടികളുടെ മാനസിക ശാരീരിക വളർച്ച കൂടി മെച്ചപ്പെടുത്താനാണ് ശ്രമം. യോഗയും മറ്റ് വ്യായാമങ്ങളും കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അക്കാദമിക് സമ്മർദ്ദം മൂലമുണ്ടാകുന്ന വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ പൊതുവിദ്യാലയങ്ങളിൽ സുംബ ഡാൻസ് കൂടി അവതരിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ ലഹരി വിരുദ്ധ കർമ്മ പദ്ധതി ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ശില്പശാലയിൽ നൽകിയ ശുപാർശകളാണ് ഇവ. നിർദ്ദിഷ്ട മാറ്റങ്ങൾ വരുന്ന അധ്യയന വർഷം മുതൽ സ്കൂളുകളിൽ നടപ്പാക്കും, മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ കാമ്പെയിനുകൾക്കായി വിദ്യാഭ്യാസ വകുപ്പ് ഒരു പ്രത്യേക കലണ്ടർ തയ്യാറാക്കും. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ പ്രത്യേക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതും മന്ത്രി പറഞ്ഞു.
ALSO READ: ബി ഗോപാലകൃഷ്ണൻ പോലും മാപ്പ് പറഞ്ഞു, മുഖ്യമന്ത്രിയോട് മാത്യു കുഴൽനാടൻ മാപ്പുപറയണം: എം വി ജയരാജൻ
കുട്ടികളിലെ പെരുമാറ്റം തിരിച്ചറിയുന്നതിനും വിദ്യാർത്ഥികളുടെ സമ്മർദ്ദം ലഘൂകരിക്കുന്നതിനും അധ്യാപകർക്ക് പരിശീലനം ലഭിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ ആശങ്കകൾ അധ്യാപകരുമായി പരസ്യമായി പങ്കിടാൻ കഴിയുന്ന സുരക്ഷിതമായ ഇടം സ്കൂളുകൾ സൃഷ്ടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കൂടാതെ, സാങ്കേതികവിദ്യ അപ് ഡേറ്റുചെയ്ത് അറിവ് അധ്യാപകർക്ക് നൽകും. സ്കൂളുകളിലെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് മൊഡ്യൂൾ വികസിപ്പിക്കുന്നതിന് സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിനെ (എസ്.സി.ഇ.ആർ.ടി) ചുമതലപ്പെടുത്തി. ലഹരിക്ക് അടിമയായ കുട്ടികൾക്ക് അടക്കം പ്രത്യേകം കൗൺസിലിംഗ് ലഭ്യമാക്കും.