Kerala School Opening 2024: കുട്ടികളെ ആദ്യമായി സ്‌കൂളില്‍ വിടുമ്പോള്‍ മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
School Reopening 2024 in kerala parents tips: പുതിയ ദിനചര്യയുമായി പൊരുത്തപ്പെട്ട് പോകാന്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും സമയം ആവശ്യമാണ്. ഒരു കുട്ടിയെ ആദ്യമായി സ്‌കൂളിലേക്ക് അയക്കുമ്പോള്‍ മാതാപിതാക്കള്‍ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടതെന്ന് പരിശോധിക്കാം.
സ്‌കൂള്‍ തുറക്കുമ്പോള്‍ പലതരത്തിലുള്ള ആശങ്കകളും പേടിയും മാതാപിതാക്കള്‍ക്ക് ഉണ്ടാകും. പ്രത്യേകിച്ച് ആദ്യമായി സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ കാര്യത്തില്‍. പല കുട്ടികള്‍ക്കും സ്‌കൂളില്‍ പോകാന്‍ മടിയായിരിക്കും. അതുകൊണ്ട് കുട്ടി കരയുമോ ക്ലാസില്‍ ഇരിക്കുമോ എന്ന പേടിയായിരിക്കും മാതാപിതാക്കള്‍ക്ക്.
പുതിയ ദിനചര്യയുമായി പൊരുത്തപ്പെട്ട് പോകാന്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും സമയം ആവശ്യമാണ്. ഒരു കുട്ടിയെ ആദ്യമായി സ്‌കൂളിലേക്ക് അയക്കുമ്പോള്‍ മാതാപിതാക്കള്‍ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടതെന്ന് പരിശോധിക്കാം.
കുട്ടി കരയുന്നുണ്ടെങ്കില്‍ ടെന്‍ഷന്‍ വേണ്ട
ആദ്യമായി സ്‌കൂളിലേക്ക് പോകുമ്പോള്‍ കുട്ടികള്‍ കരയുന്നത് സര്‍വസാധാരണമാണ്. ക്ലാസില്‍ ഇരിക്കാന്‍ പല കുട്ടികള്‍ക്കും താത്പര്യമുണ്ടാകില്ല. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കുട്ടികള്‍ക്ക് കുറച്ച് അധികം സമയം വേണ്ടിവരും. അതുകൊണ്ട് തന്നെ ഇക്കാര്യം മാതാപിതാക്കള്‍ മനസിലാക്കണം.
ആദ്യ ദിവസം സ്‌കൂളില്‍ പോകുമ്പോഴും അവിടെ എത്തിയിട്ടും വീട്ടില്‍ തിരിച്ചെത്തിയാലും കുട്ടികള്‍ കരയും. അത് ഇനിയൊരിക്കലും സ്‌കൂളിലേക്ക് പോകില്ലെന്ന് പറഞ്ഞുകൊണ്ടുമായിരിക്കും. ഇതിനെ സ്വാഭാവികമായൊരു കാര്യമായിട്ട് കാണുക. ടീച്ചറെ പരിചയപ്പെടാനും, കുട്ടികള്‍ക്കൊപ്പം അല്‍പ സമയം ഇരുത്തിയും, സ്‌കൂള്‍ ഗ്രൗണ്ടിലൂടെ നടത്തിയുമൊക്കെ ചെയ്ത് കുട്ടികളെ സ്‌കൂള്‍ അന്തരീക്ഷവുമായി പരിചിതമാക്കുക.
മറ്റ് കുട്ടികളുമായി ഒരിക്കലും നിങ്ങളുടെ കുട്ടികളെ താരതമ്യം ചെയ്ത് സംസാരിക്കരുത്. ഓരോ കുട്ടികളും വ്യത്യസ്തരാണ്. ഈ യാഥാര്‍ഥ്യം ഉള്‍കൊണ്ട് മാത്രം പ്രവര്‍ത്തിക്കുക.
ശ്രദ്ധക്കുറവ് പഠിക്കാന്‍ ബുദ്ധിമുട്ട്
ഇന്നത്തെ കാലത്ത് മാതാപിതാക്കള്‍ രണ്ടുപേരും ജോലി ചെയ്യുന്നവരായിരിക്കും. അതുകൊണ്ട് നിങ്ങളുടെ ജോലിയെയും സമയത്തെയും വലിയരീതിയില്‍ ബാധിക്കാത്ത സ്‌കൂള്‍ കുട്ടികള്‍ക്കായി കണ്ടെത്തുക. അതിനോടൊപ്പം കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും വേണം.
കുട്ടിക്ക് ശ്രദ്ധക്കുറവോ അടങ്ങി ഇരിക്കാന്‍ ബുദ്ധിമുട്ടോ നേരിടുന്നുണ്ടെങ്കില്‍ അത് മനസിലാക്കുകയും അത് അംഗീകരിക്കുകയും ചെയ്യുന്ന സ്‌കൂളില്‍ അയക്കുക. കുട്ടിയുടെ കഴിവ് അനുസരിച്ച് മാത്രം സ്‌കൂള്‍ തിരഞ്ഞെടുക്കുക. ഒരുപാട് കടുംപിടുത്തങ്ങളുള്ള സ്‌കൂളില്‍ ശ്രദ്ധക്കുറവുള്ള കുട്ടികളെ അയക്കരുത്.
മാത്രമല്ല കുട്ടിയെ ഒരു സൈക്കോളജിസ്റ്റിനെ കാണിക്കാന്‍ മാതാപിതാക്കള്‍ മറന്നുപോകരുത്. കുട്ടികള്‍ക്ക് എട്ട് വയസുവരെ കൃത്യമായി സമയം നല്‍കുക. എട്ട് വയസുവരെ കുട്ടികള്‍ക്ക് നല്ലതുപോലെ എഴുതാനോ വായിക്കാനോ സാധിച്ചെന്ന് വരില്ല. എട്ട് വയസിന് ശേഷവും അതിന് സാധിക്കാതെ വരികയാണെങ്കില്‍ സൈക്കോളജിസ്റ്റിനെ സമീപിക്കുക.
കുട്ടികളെ എങ്ങനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാം
വീട്ടുകാരെ കാണാതെ സ്‌കൂളില്‍ ഇരിക്കുമ്പോള്‍ കുട്ടികള്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കുട്ടികളോട് മുന്‍കൂട്ടി കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുക. സ്‌കൂള്‍ നല്ലൊരിടമാണെന്നും അവിടെ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനും പാട്ടുകള്‍ പഠിക്കാനും അവസരം ഉണ്ടെന്ന് കുട്ടികളോട് പറയുക.
സ്‌കൂളിലെ ശുചിമുറി ഉപയോഗിക്കണമെന്നും ക്ലാസില്‍ ഇരിക്കണമെന്നും എന്ത് തോന്നുകയാണെങ്കിലും അത് ടീച്ചറോട് പറയണമെന്നും കുട്ടികളെ മനസിലാക്കുക.
കുട്ടികളുടെ മാനസികാരോഗ്യത്തിന് ചെയ്യേണ്ടത്
ഓരോ ദിവസവും സ്‌കൂളില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് കുട്ടികളോട് ചോദിച്ചറിയുക. അവരുടെ സന്തോഷവും ബുദ്ധിമുട്ടുകളും ചോദിക്കണം. എന്ത് പ്രശ്‌നം വന്നാലും മാതാപിതാക്കള്‍ കൂടെയുണ്ടാകുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക. തെറ്റ് ചെയ്യുമ്പോള്‍ തിരുത്തികൊടുക്കുകയും നല്ലത് ചെയ്യുമ്പോള്‍ അഭിനന്ദിക്കുകയും ചെയ്യുക.
വിജയിക്കാന്‍ വേണ്ടി കുട്ടികളില്‍ ഒരിക്കലും സമ്മര്‍ദ്ദം ഉണ്ടാക്കരുത്. കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ അമിതമായ ഉത്കണ്ഠ കളയുക. ഇത് കുട്ടികളെയും ബാധിക്കാനിടയുണ്ട്. കുട്ടിയുമായി എപ്പോഴും തുറന്ന് സംസാരിക്കുന്നത് വളരെ നല്ലതാണ്.