Kerala School Kalolsavam: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മാറ്റം; ഡിസംബറിന് പകരം ജനുവരിയിൽ
Kerala School Kalolsavam: ഡിസംബർ 12 മുതൽ 20വരെ സംസ്ഥാനത്ത് രണ്ടാംപാദ വാർഷിക പരീക്ഷയും നടക്കുന്നുണ്ട്. കൂടാതെ 21 മുതൽ 29വരെ ക്രിസ്മസ് അവധിയും കൂടെ കണക്കിലെടുത്താണ് കലോത്സവം ജനുവരിയിലേക്ക് മാറ്റിയത്.
തിരുവനന്തപുരം: 63-ാം സംസ്ഥാന സ്‌കൂൾ കലോത്സവം (Kerala School Kalolsavam) 2025 ജനുവരി ആദ്യ ആഴ്ചയിലേക്ക് മാറ്റിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തീയതി പിന്നീട് തീരുമാനിക്കും. തിരുവനന്തപുരമാണ് വേദിയെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഡിസംബർ മൂന്നുമുതൽ ഏഴുവരെ നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഡിസംബർ നാലിന് നാഷണൽ അച്ചീവ്മെന്റ് സർവേ (നാസ്) പരീക്ഷ പ്രഖ്യാപിച്ചതിനാലാണ് തീയതി മാറ്റിയത്.
ഇത്തവണ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് നാസ് പരീക്ഷ എഴുതുന്നത്. ഡിസംബർ 12 മുതൽ 20വരെ സംസ്ഥാനത്ത് രണ്ടാംപാദ വാർഷിക പരീക്ഷയും നടക്കുന്നുണ്ട്. കൂടാതെ 21 മുതൽ 29വരെ ക്രിസ്മസ് അവധിയും കൂടെ കണക്കിലെടുത്താണ് കലോത്സവം ജനുവരിയിലേക്ക് മാറ്റിയത്. സ്‌കൂൾ, ഉപജില്ലാ, ജില്ലാ കലോത്സവ തീയതിയും പുതുക്കി. സ്‌കൂൾതല മത്സരം 15നകം പൂർത്തിയാക്കും. ഉപജില്ലാതലം നവംബർ പത്തിനും ജില്ലാതലം ഡിസംബർ മൂന്നിനുമകവും പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം.
ALSO READ: പൂജവയ്പ്; സംസ്ഥാനത്ത് ഈ ദിവസം സ്‌കൂളുകള്‍ക്ക് അവധി; ഉത്തരവ് ഉടന്‍
കേരള സ്‌കൂൾ കലോത്സവ ചരിത്രത്തിൽ ആദ്യമായി മാനുവലിൽ ഭേദഗതികൾ ഉൾപ്പെടുത്തി സമഗ്രമായി പരിഷ്‌കരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തദ്ദേശീയ നൃത്ത രൂപങ്ങളായ മംഗലംകളി, പണിയനൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം, പളിയനൃത്തം, എന്നീ അഞ്ചിനങ്ങൾ കൂടി കലോത്സവത്തിൽ ഉൾപ്പെടുത്തി കലോത്സവ മാനുവൽ പരിഷ്‌കരിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കലോത്സവ വെബ്‌സൈറ്റ് പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് സ്‌കൂൾ ക്യാമ്പസുകൾ മാലിന്യമുക്തമാക്കാനുള്ള വലിയ ക്യാമ്പയിൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കിവരികയാണ്. ശുചിത്വവിദ്യാലയം ഹരിത വിദ്യാലയം ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളുകൾക്കായി ഒരു പ്രോട്ടോക്കോൾ വികസിപ്പിച്ചിട്ടുണ്ട്.
എസ്സിഇആർടിയ്ക്കാണ് ഇതിന്റെ ചുമതല. ക്യാംപയിന്റെ ഭാഗമായി സ്‌കൂൾതലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മാലിന്യമുക്ത പ്രഖ്യാപനം ഉണ്ടാകും.
2024 നവംബർ ഒന്നോടുകൂടി അമ്പത് ശതമാനം സ്‌കൂളുകളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കാനാണ് നീക്കം. ഡിസംബർ 31-ഓടു കൂടി നൂറ് ശതമാനം സ്‌കൂളുകളെയും സമ്പൂർണ്ണ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കും. പുതുതായി തയ്യാറാക്കിയ മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ പരിസരപഠനം, അടിസ്ഥാന ശാസ്ത്രം, ജീവശാസ്ത്രം, ഹിന്ദി എന്നീ പാഠപുസ്തകങ്ങളിൽ മാലിന്യ സംസ്‌കരണവും ശുചിത്വ ബോധവും പ്രതിപാദിക്കുന്നുണ്ട്. ഈ ക്ലാസ്സുകളിൽ ഉൾപ്പെടെ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന ആശയത്തിൽ ഊന്നി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.