Secretariat Assistant : സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഇതുവരെ അയച്ചില്ലേ? ഇനിയും കാത്തിരുന്നാല്‍ കൈവിടുന്നത് വലിയ അവസരം
Kerala PSC Secretariat Assistant Examination : ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യത. 39,300-83,000 പേ സ്‌കെയില്‍. എത്ര ഒഴിവുകളുണ്ടെന്ന്വ്യക്തമാക്കിയിട്ടില്ല. ആവശ്യത്തിന് ഒഴിവുകളും പ്രതീക്ഷിക്കാം. 18 വയസ് മുതല്‍ 36 വയസ് വരെയാണ് പ്രായപരിധി. 1988 ജനുവരി രണ്ടിനും, 2006 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പി.എസ്.സി പരീക്ഷ ഏതായിരിക്കും? എല്‍ഡി ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തുടങ്ങി വിവിധ തസ്തികകളായിരിക്കും നമ്മുടെ മനസില്‍ വരുന്ന ഉത്തരം. ഇതോടൊപ്പം, നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഒരു തസ്തികയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്. ഗവൺമെന്റ് സെക്രട്ടേറിയറ്റ്, കേരള പബ്ലിക് സർവീസ് കമ്മീഷൻ, അഡ്വക്കേറ്റ് ജനറൽ ഓഫീസ് (എറണാകുളം), സംസ്ഥാന ഓഡിറ്റ് വകുപ്പ്, വിജിലൻസ് ട്രൈബ്യൂണൽ ഓഫീസ്, എൻക്വയറി കമ്മീഷണര്‍ & സ്‌പെഷ്യല്‍ ജഡ്ജ് ഓഫീസ് തസ്തികയിലേക്ക് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ്, ഓഡിറ്റര്‍ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നതെങ്കിലും, പൊതുവായി ‘സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്’ എന്ന ചുരുക്കപ്പേരിലാണ് ഉദ്യോഗാര്‍ത്ഥികള്‍ ഈ നോട്ടിഫിക്കേഷനെ വിളിക്കുന്നത്.
ഇതിനകം നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ഈ വിജ്ഞാപനപ്രകാരം അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു. നോട്ടിഫിക്കേഷന്റെ സമയപരിധി അവസാനിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ബുധനാഴ്ച (ജനുവരി 29) വരെ അപേക്ഷിക്കാം. എന്നാല്‍ അവസാന ദിവസങ്ങളില്‍ നിരവധി പേര്‍ അപേക്ഷിക്കാന്‍ ശ്രമിക്കുന്നത് വെബ്‌സൈറ്റില്‍ തടസം സൃഷ്ടിച്ചേക്കാം. അതുകൊണ്ട് തന്നെ കഴിയുന്നത്ര വേഗത്തില്‍ അപേക്ഷ അയക്കുന്നതാണ് ഉചിതം.
ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യത. 39,300-83,000 ആണ് പേ സ്‌കെയില്‍. ഇതാണ് ഈ നോട്ടിഫിക്കേഷന്‍ ആകര്‍ഷകമാക്കുന്നതും. നിലവില്‍ എത്ര ഒഴിവുകളുണ്ടെന്ന് പി.എസ്.സി വ്യക്തമാക്കിയിട്ടില്ല. എന്തായാലും ഒന്നിലേറെ ഓഫീസുകളിലേക്കുള്ള വിജ്ഞാപനമായതിനാല്‍ ആവശ്യത്തിന് ഒഴിവുകളും പ്രതീക്ഷിക്കാം. 18 വയസ് മുതല്‍ 36 വയസ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. അതായത് 1988 ജനുവരി രണ്ടിനും, 2006 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവ് ലഭിക്കും.
Read Also : ആര്‍ആര്‍ബി എന്‍ടിപിസി; പരീക്ഷാ തീയതിക്കായി ഉദ്യോഗാര്‍ത്ഥികളുടെ കാത്തിരിപ്പ്; അഡ്മിറ്റ് കാര്‍ഡ് എപ്പോള്‍ ?
പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്നിവയാണ് നിയമനപ്രക്രിയയിലെ കടമ്പകള്‍. പ്രിലിമിനറി പരീക്ഷയ്ക്ക് 1.15 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള പരീക്ഷ നടത്തും. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ തന്നെയാണ് മെയിന്‍ പരീക്ഷയും നടത്തുന്നത്. എന്നാല്‍ രണ്ട് പേപ്പറുകള്‍ ഉണ്ടായിരിക്കും. 1.30 മണിക്കൂര്‍ വീതമായിരിക്കും ദൈര്‍ഘ്യം. ഈ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവിന് വിളിക്കും. മെയിന്‍ പരീക്ഷയിലെയും, ഇന്റര്‍വ്യൂവിലെയും മാര്‍ക്ക് റാങ്കിംഗിന് പരിഗണിക്കും.
കേരള പിഎസ്‌സിയുടെ നിര്‍ദ്ദിഷ്ട വെബ്‌സൈറ്റില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തിവേണം അപേക്ഷിക്കാന്‍. ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ വിശദമായ വിജ്ഞാപനം ഉണ്ട്. ഇത് പൂര്‍ണമായി വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രമേ അയക്കാവൂ.
റാങ്ക് ലിസ്റ്റ് എപ്പോള്‍?
നിലവിലെ റാങ്ക് ലിസ്റ്റ് 2023 ഏപ്രിലിലാണ് നിലവില്‍ വന്നത്. ഈ ലിസ്റ്റിന് 2026 ഏപ്രിലില്‍ വരെയാണ് കാലാവധിയുള്ളത്. അതുകൊണ്ട് തന്നെ പുതിയ റാങ്ക് ലിസ്റ്റ് 2026 ഏപ്രിലില്‍ പ്രതീക്ഷിക്കാം.
പരീക്ഷ എന്ന്?
ഈ വര്‍ഷം മെയ്-ജൂലൈ മാസങ്ങളില്‍ പ്രിലിമിനറി പരീക്ഷ നടത്താനാണ് നീക്കം. ഓഗസ്റ്റ്-ഒക്ടോബര്‍ മാസങ്ങളില്‍ മെയിന്‍ പരീക്ഷ നടക്കും.