Kerala PSC Examination: പിഎസ്‌സി പരീക്ഷയില്‍ കട്ട് ഓഫ് നിശ്ചയിക്കുന്നത് എങ്ങനെ? ഷോര്‍ട്ട്‌ലിസ്റ്റും, റാങ്ക് ലിസ്റ്റും തമ്മിലുള്ള വ്യത്യാസമെന്ത്?
Kerala PSC Examination Cut Off Calculation: പിഎസ്‌സി പരീക്ഷ എഴുതുന്നവര്‍ നിരവധിയാണ്. പിഎസ്‌സി പരിശീലനത്തിന് സമയം നീക്കിവയെക്കുന്നവരും ഏറെ. റാങ്ക് ലിസ്റ്റില്‍ മികച്ച റാങ്ക് കരസ്ഥമാക്കുന്നതുവരെ പരിശീലനം തുടരും. പിഎസ്‌സി പരീക്ഷയിലെ കട്ട് ഓഫ് എങ്ങനെയാണ് നിശ്ചയിക്കുന്നതെന്നും, ഷോര്‍ട്ട് ലിസ്റ്റും, റാങ്ക് ലിസ്റ്റും തമ്മിലുള്ള വ്യത്യാസമെന്തെന്നും ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും

സര്‍ക്കാര്‍ ജോലിയാണ് പലരുടെയും സ്വപ്നം. സ്വപ്‌നജോലി കണ്ടെത്താന്‍ പിഎസ്‌സി പരീക്ഷ എഴുതുന്നവര്‍ നിരവധിയാണ്. വിദ്യാഭ്യാസത്തിന് ശേഷം പിഎസ്‌സി പരിശീലനത്തിന് സമയം നീക്കിവയെക്കുന്നവരും ഏറെ. റാങ്ക് ലിസ്റ്റില്‍ മികച്ച റാങ്ക് കരസ്ഥമാക്കുന്നതുവരെ പലരും പരിശീലനം തുടരും. എന്നാല്‍ പിഎസ്‌സി പരീക്ഷയിലെ കട്ട് ഓഫ് എങ്ങനെയാണ് നിശ്ചയിക്കുന്നതെന്നും, ഷോര്‍ട്ട് ലിസ്റ്റും, റാങ്ക് ലിസ്റ്റും തമ്മിലുള്ള വ്യത്യാസമെന്തെന്നും ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും. അത് എന്താണെന്ന് ഇവിടെ പരിശോധിക്കാം.
കട്ട് ഓഫ്
ആദ്യം കട്ട് ഓഫ് എന്താണെന്ന് നോക്കാം. ഒരു തസ്തികയില്‍ 100 ഒഴിവുകളുണ്ടെന്ന് ചിന്തിക്കുക. എന്നാല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത് 100 പേര്‍ മാത്രമാകില്ല. ഒഴിവുകള്‍ക്ക് ആനുപാതികമായി നിശ്ചയിക്കുന്ന അത്രയും ഉദ്യോഗാര്‍ത്ഥികളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ഉദാഹരണത്തിന്, നാലു മടങ്ങ് പേരെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതെന്ന് ചിന്തിക്കുക. അതായത് 400 പേരാകും ലിസ്റ്റിലുണ്ടാവുക.
ആ പരീക്ഷയില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് 95 ആണെന്ന് സങ്കല്‍പിക്കുക. എങ്കില്‍ 95 മാര്‍ക്കുള്ള ആള്‍ ഒന്നാമതെത്തും. അതു മുതല്‍ 400-ാമത്തെ ആള്‍ക്ക് എത്ര മാര്‍ക്കുണ്ടെന്ന് നോക്കും. അത് എത്ര മാര്‍ക്ക് വേണമെങ്കിലുമാകാം. അയാള്‍ക്ക് 30 മാര്‍ക്കാണെങ്കില്‍ അതാകും കട്ട് ഓഫ്. അതായത് കട്ട് ഓഫ് മാര്‍ക്ക് മുതല്‍ മുകളിലേക്കുള്ളവര്‍ ലിസ്റ്റിലുണ്ടാകും.




ഷോര്‍ട്ട് ലിസ്റ്റ് & റാങ്ക് ലിസ്റ്റ്
കട്ടോഫിലുള്ള ആള്‍ക്കാര്‍ ഉള്‍പ്പെടുന്നതാണ് ഷോര്‍ട്ട് ലിസ്റ്റ്. ഇത് റാങ്ക് ക്രമത്തിലായിരിക്കില്ല നല്‍കുന്നത്. ഇന്റര്‍വ്യൂ (ബാധകമെങ്കില്‍), സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ എന്നിവയ്ക്ക് ശേഷം റാങ്ക് ക്രമത്തില്‍ ഈ ലിസ്റ്റ് ക്രമീകരിക്കും. ഇതാണ് റാങ്ക് ലിസ്റ്റ്. ഈ ലിസ്റ്റ് പ്രകാരമാകും നിയമനം. ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ എല്ലാവരും റാങ്ക് ലിസ്റ്റില്‍ വരണമെന്നില്ല. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനില്‍ പരാജയപ്പെട്ടാല്‍ ഷോര്‍ട്ട് ലിസ്റ്റിലുള്ളവര്‍, റാങ്ക് ലിസ്റ്റില്‍ നിന്ന് പുറന്തള്ളപ്പെടാം.
സപ്ലിമെന്ററി ലിസ്റ്റ്
റാങ്ക് ലിസ്റ്റിന് പുറമെ സപ്ലിമെന്ററി ലിസ്റ്റുമുണ്ടാകും. സംവരണ വിഭാഗങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കുന്നതാണ് ഈ ലിസ്റ്റ്. നിയമനം നടത്തുന്നതിന് ബന്ധപ്പെട്ട സംവരണവിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ റാങ്ക് ലിസ്റ്റ് വഴി ലഭിക്കുന്നില്ലെങ്കില്‍, സപ്ലിമെന്ററി ലിസ്റ്റ് വഴി നിയമനം നടത്തും.