5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala PSC Recruitment : കൃഷി ഓഫീസറാകാം, പി.എസ്.സി വിളിക്കുന്നു; യോഗ്യതകള്‍ ഇത്ര മാത്രം

Kerala PSC Agricultural Officer Recruitment : കൃഷിയിലും ഹോര്‍ട്ടികള്‍ച്ചറിലും ബിരുദാനന്തര ബിരുദമുണ്ടെങ്കിലും, പ്രസ്തുത വിഷയത്തില്‍ അടിസ്ഥാന ബിരുദമില്ലാത്തവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. കേരള പി.എസ്.സിയുടെ നിര്‍ദ്ദിഷ്ട വെബ്‌സൈറ്റില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തിവേണം അപേക്ഷിക്കാന്‍. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപനം പൂര്‍ണമായും വായിക്കണം. ജനുവരി 29 വരെ അപേക്ഷിക്കാം

Kerala PSC Recruitment : കൃഷി ഓഫീസറാകാം, പി.എസ്.സി വിളിക്കുന്നു; യോഗ്യതകള്‍ ഇത്ര മാത്രം
Kerala PscImage Credit source: Social Media
jayadevan-am
Jayadevan AM | Published: 21 Jan 2025 18:53 PM

ഗ്രികള്‍ച്ചര്‍ ഡെവലപ്‌മെന്റ് & ഫാര്‍മേഴ്‌സ് വെല്‍ഫെയറില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ (506/2024) തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ജനുവരി 29 വരെ അപേക്ഷിക്കാം. എത്ര ഒഴിവുകളുണ്ടെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടില്ല. 55,200-1,15,300 ആണ് പേ സ്‌കെയില്‍. 20-37 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അതായത് 1987 ജനുവരി രണ്ടിനും, 2004 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. സംവരണവിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത.

കൃഷിയിലും ഹോര്‍ട്ടികള്‍ച്ചറിലും ബിരുദാനന്തര ബിരുദമുണ്ടെങ്കിലും, പ്രസ്തുത വിഷയത്തില്‍ അടിസ്ഥാന ബിരുദമില്ലാത്തവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ലെന്ന് പി.എസ്.സി അറിയിച്ചു. കേരള പി.എസ്.സിയുടെ നിര്‍ദ്ദിഷ്ട വെബ്‌സൈറ്റില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തിവേണം അപേക്ഷിക്കാന്‍. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപനം പൂര്‍ണമായും വായിക്കണം.

അപേക്ഷിച്ചതിന് ശേഷം പരീക്ഷയ്ക്ക് മുമ്പായി കണ്‍ഫര്‍മേഷന്‍ നല്‍കണം. കണ്‍ഫര്‍മേഷന്‍ തീയതി ഉള്‍പ്പെടെ അറിയിക്കാന്‍ പി.എസ്.സി പ്രൊഫൈല്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കണം. പരീക്ഷയ്ക്ക് 15 ദിവസം മുമ്പ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

അതേസമയം, മറ്റ് നിരവധി തസ്തികകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, മെഡിക്കല്‍ ഓഫീസര്‍ (നേത്ര), ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ഫിസിക്‌സ്), ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി)-ഓപ്പണ്‍ മാര്‍ക്കറ്റ്, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് (ട്രെയിനി) (കെസിപി)-ഓപ്പണ്‍ മാര്‍ക്കറ്റ്, ഡ്രാഫ്റ്റ്‌സ്മാന്‍, ട്രേഡ്‌സ്മാന്‍-പോളിമര്‍ ടെക്‌നോളജി, പാംഗുര്‍ ഇന്‍സ്ട്രക്ടര്‍, സിവില്‍ സബ് എഞ്ചിനീയര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഓങ്കോളജി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ലോ, ഫോട്ടോഗ്രാഫര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഡിവിഷണല്‍ അക്കൗണ്ടന്റ്, ലീഗല്‍ അസിസ്റ്റന്റ് തുടങ്ങി നിരവധി തസ്തികകള്‍ സംസ്ഥാന തലത്തില്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. യോഗ്യതയടക്കമുള്ള വിശദാംശങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്.

Read Also : ഇപ്പോഴെങ്കിലും പഠിച്ചു തുടങ്ങണം, മുന്നിലുള്ളത് ഏതാനും നാളുകള്‍ മാത്രം; സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ നടക്കുന്നത് ഈ മാസങ്ങളില്‍

ജില്ലാ തലത്തില്‍ നഴ്‌സ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഫോറസ്റ്റ് ഡ്രൈവര്‍, അസിസ്റ്റന്റ് സെയില്‍സ്മാന്‍, വിവിധ വിഷയങ്ങളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍, പ്രീ പ്രൈമറി ടീച്ചര്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ലബോറട്ടറി ടെക്‌നീഷ്യന്‍, ആയുര്‍വേദ തെറാപിസ്റ്റ്, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, ലൈബ്രേറിയന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങിയ തസ്തികകളില്‍ ജില്ലാതലത്തിലേക്കും അപേക്ഷിക്കാം. കൂടാതെ എന്‍സിഎ, എസ്ആര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ സംസ്ഥാന, ജില്ലാ തലങ്ങളില്‍ പ്രത്യേക നോട്ടിഫിക്കേഷനുകളും ലഭ്യമാണ്.

അതേസമയം, ജനുവരിയിലെ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പി.എസ്.സി പ്രസിദ്ധീകരിച്ചിരുന്നു. ഫെബ്രുവരി 12 വരെ അപേക്ഷകള്‍ സ്വീകരിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് ഓണ്‍ലൈന്‍/ഒഎംആര്‍/വിവരണാത്മക പരീക്ഷകളായിട്ട് നടത്തും. കമ്മീഷന്റെ വെബ്‌സൈറ്റില്‍ വിജ്ഞാപനം ലഭ്യമാണ്. ഇത് വായിച്ചതിന് ശേഷം പരീക്ഷാര്‍ത്ഥികള്‍ക്ക് അവരവരുടെ പ്രൊഫൈലുകളിലൂടെ അപേക്ഷിക്കാം. പരീക്ഷ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു.