Onam Exam Kerala: ഓണപ്പരീക്ഷ ഇങ്ങെത്തി; ഇത്തവണ പ്ലസ് ടു ചോദ്യപേപ്പർ തയ്യാറാക്കുന്നത് സ്കൂളുകളിൽ തന്നെ…
Kerala Plus two Onam examination: ഈ വർഷത്തെ സർക്കുലർ അനുസരിച്ച് സ്കൂൾ തലത്തിൽ തയാറാക്കണമെന്ന നിർദ്ദേശം മാത്രമേ ഉള്ളൂ. അതേസമയം ഓണപ്പരീക്ഷ നടത്തിപ്പിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
തിരുവനന്തപുരം: ഓണക്കാലത്തിനൊപ്പം ഓണപ്പരീക്ഷയും എത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും പ്ലസ്ടു ഓണപ്പരീക്ഷയ്ക്ക് ചോദ്യപ്പേപ്പർ സ്കൂളുകൾ സ്വന്തം നിലയ്ക്കു തയാറാക്കണമെന്ന ചട്ടമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ചുള്ള നിർദേശം പുറപ്പെടുവിച്ചത്. പരീക്ഷയുടെ ടൈംടേബിൾ നേരത്തെ തന്നെ ഇത്തവണ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകൾക്കും പരീക്ഷ ഒരേപോലെ ആയിരിക്കുമെങ്കിലും വയനാടിനെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇവിടുത്തെ ഉരുൾപൊട്ടൽ ദുരിത മേഖലകളിലുള്ള സ്കൂളുകളിൽ ഓണപ്പരീക്ഷ ഉണ്ടായിരിക്കില്ല എന്നാണ് വിവരം. പ്ലസ് ടു വിദ്യാർത്ഥികളുടെ പരീക്ഷ സംബന്ധിച്ചും മാറ്റമുണ്ട്. ഇത്തവണ പ്ലസ് വൺ വിദ്യാർഥികൾക്ക് ജൂലൈ 5 മുതൽ ക്ലാസുകൾ ആരംഭിച്ചത്. എന്നാലും പ്രവേശനം പൂർത്തിയാകാൻ വൈകിയിരുന്നു. ഈ സാഹചര്യത്തിൽ പല വിദ്യാർത്ഥികളും ക്ലാസുകളിൽ കൃത്യമായി എത്തിത്തുടങ്ങിയിട്ടും അധികമായിട്ടില്ല എന്നത് പരിഗണിച്ച് ഓണപ്പരീക്ഷ നടത്തില്ല.
കഴിഞ്ഞ തവണ പരീക്ഷാ ചോദ്യപേപ്പർ സ്കൂളുകൾ തയ്യാറാക്കിയെങ്കിലും അതിനു മുമ്പുള്ള വർഷം വരെ ഓണപ്പരീക്ഷയ്ക്കുള്ള പൊതുവായ ചോദ്യപ്പേപ്പർ പൊതു വിദ്യാഭ്യാസ വകുപ്പ് തയാറാക്കി സ്കൂളുകളിൽ എത്തിക്കുകയാണ് ചെയ്തിരുന്നത്. കഴിഞ്ഞ വർഷമാണ് സ്കൂളുകളോടു തന്നെ ചോദ്യപ്പേപ്പർ അധികൃതർ തയാറാക്കാൻ നിർദേശിച്ചത്.
ALSO READ – പുതുവർഷപ്പുലരിയെ വരവേറ്റ് മലയാളികൾ; പുതിയ നൂറ്റാണ്ടിന് തുടക്കം, ഇനി പൊന്നോണത്തിനായുള്ള കാത്തിരിപ്പ്
ഏതെങ്കിലും അധ്യാപക സംഘടനകളോ പ്രസിദ്ധീകരണ ശാലകളോ തയാറാക്കി നൽകുന്ന ചോദ്യപ്പേപ്പർ ഉപയോഗിക്കുന്ന പ്രവണത ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ഇതും പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ പ്രിൻസിപ്പൽമാരുടെ കൂട്ടായ്മ തയാറാക്കി നൽകിയ ചോദ്യപ്പേപ്പറാണ് വ്യാപകമായി ഉപയോഗിച്ചത്.
ഈ വർഷത്തെ സർക്കുലർ അനുസരിച്ച് സ്കൂൾ തലത്തിൽ തയാറാക്കണമെന്ന നിർദ്ദേശം മാത്രമേ ഉള്ളൂ. അതേസമയം ഓണപ്പരീക്ഷ നടത്തിപ്പിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. പ്രതിപക്ഷ അധ്യാപക സംഘടനകളാണ് പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുള്ളത്. ഏകീകൃത ചോദ്യപ്പേപ്പർ വകുപ്പ് തന്നെ തയാറാക്കി നൽകണമെന്ന് ഹയർ സെക്കൻഡറി അധ്യാപക സംഘടനകളുടെ കൂട്ടായ്മയായ എഫ്എച്ച്എസ്ടിഎ ആവശ്യപ്പെട്ടിരുന്നു.