Plus Two Question Paper Mistake: താമസത്തിന് ‘താസമം’, നീലകണ്ഠശൈലം എന്നതിന് ‘നീലകണുശൈലം’; പ്ലസ്ടു ചോദ്യപേപ്പറിലെ തെറ്റുകൾ ഇങ്ങനെ
Plus Two Malayalam Question Paper Mistake: അക്ഷരതെറ്റിന് പുറമേ വ്യാകരണതെറ്റുകളും ചോദ്യപേപ്പറിൽ കണ്ടെത്തിയതായി അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഒഎൻവി കുറുപ്പിന്റെ കവിതാശകലത്തിലടക്കം തെറ്റുകൾ കണ്ടെത്തിയത് ഗുരതരമായ പിഴവായാണ് അധ്യാപകർ പറയുന്നത്. ഒഎൻവിയുടെ കവിതയെ ആസ്പദമാക്കി മൂന്ന് ചോദ്യങ്ങളാണുള്ളത്, എന്നാൽ അവയിൽ കണ്ടെത്തിയത് നാല് തെറ്റുകളും.

തിരുവനന്തപുരം: വൈറലായി പ്ലസ്ടു മലയാളം ചോദ്യപേപ്പറിലെ അക്ഷരതെറ്റുകൾ. ആകെ മൊത്തം 14 അക്ഷരതെറ്റുകളാണ് ചോദ്യപേപ്പറിൽ കണ്ടെത്തിയത്. അധ്യാപകരാണ് ഇക്കാര്യം ശ്രദ്ധയിൽകൊണ്ടുവന്നത്. അക്ഷരതെറ്റിന് പുറമേ വ്യാകരണതെറ്റുകളും ചോദ്യപേപ്പറിൽ കണ്ടെത്തിയതായി അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഒഎൻവി കുറുപ്പിന്റെ കവിതാശകലത്തിലടക്കം തെറ്റുകൾ കണ്ടെത്തിയത് ഗുരതരമായ പിഴവായാണ് അധ്യാപകർ പറയുന്നത്.
11 ചോദ്യങ്ങളിലാണ് ഇത്തരത്തിലുള്ള അക്ഷരതെറ്റുകൾ കണ്ടെത്തിയിരിക്കുന്നത്. അധ്യാപകരുടെ പാനൽ തയാറാക്കിയ ചോദ്യപേപ്പറിലാണ് ഗുരുതരമായ അക്ഷരത്തെറ്റ്. നാലാമത്തെ ചോദ്യത്തിൽ താമസം എന്നതിന് താസമമെന്നും സച്ചിനെക്കുറിച്ച് എന്നതിന് പകരം സച്ചിനെക്കറിച്ച് എന്നുമാണ് അച്ചടിച്ച് വന്നിരിക്കുന്നത്. കാതോർക്കും എന്ന് എഴുതേണ്ട ഭാഗത്ത് കാരോർക്കുമെന്നും എഴിതിചേർത്തിട്ടുണ്ട്. 11–ാമത്തെ ചോദ്യത്തിൽ മാന്ത്രിക ഭാവനയിൽക്കൂടി എന്നതിന് പകരം മാന്ത്രിക ഭാവനയിൽക്കുടി എന്നാണ് എഴുതിയിരിക്കുന്നത്.
നീലകണ്ഠശൈലം-നീലകണുശൈലം, കൊല്ലുന്നതിനേക്കാളും-കൊല്ലുന്നതിനെക്കാളം, അവതരിപ്പിച്ചിരിക്കുന്ന-അവതരിപ്പിച്ചരിക്കുന്ന, സൃഷ്ടിക്കുന്നുണ്ടോ-സൃഷ്ടിക്കുന്നണ്ടോ, ലോകമൊന്നാകെ-ലോകമെന്നാകെ, സാധ്യമാകുന്നുവെന്ന്-സാധ്യമാകുന്നവെന്ന്, ജീവിതസാഹചര്യം-ജീവിതസാഹിചര്യം, വലിപ്പത്തിലുള്ളൊരു-വലിപ്പിത്തിലുള്ളൊരു, ഇനിയുമിഴിവാതിൽ-ഇനിയുമഴിവാതിൽ, ആധിയും-ആധിയം തുടങ്ങി തെറ്റുകൾ നിരനിരയായിട്ടാണ് കാണുന്നത്.
ഒഎൻവിയുടെ കവിതയെ ആസ്പദമാക്കി മൂന്ന് ചോദ്യങ്ങളാണുള്ളത്, എന്നാൽ അവയിൽ കണ്ടെത്തിയത് നാല് തെറ്റുകളും. സംഭവത്തിൽ വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഈ തെറ്റുകളെല്ലാം ആര് തിരുത്തുമെന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം. കുട്ടികളെയാണോ അധ്യാപകരെയാണോ പഠിപ്പിക്കേണ്ടത് എന്നതടക്കം ചോദ്യങ്ങൾ ഉയരുന്നുണ്ട്. ചോദ്യപ്പേപ്പറിലെ തെറ്റുകൾ ഹയർ സെക്കൻഡറി അധ്യാപകരുടെ സമൂഹ മാധ്യമ ഗ്രൂപ്പുകളിലടക്കം വൈറലായിട്ടുണ്ട്.
ഹയർ സെക്കന്ററി ഒന്നാം വർഷ പൊതു പരീക്ഷകൾ 2025 മാർച്ച് 6 മുതൽ മാർച്ച് 29 വരെയാണ് നടക്കുന്നത്. അതേസമയം ഹയർ സെക്കന്ററി രണ്ടാം വർഷ പൊതു പരീക്ഷകൾ മാർച്ച് മൂന്ന് മുതൽ മാർച്ച് 26 വരെയുള്ള ഒൻപത് ദിവസങ്ങളിലാണ് നിശ്ചയിച്ചിട്ടുള്ളത്.