5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UGC Revised Guidelines: യുജിസി മാർഗരേഖയിൽ ആശങ്ക; ‘അക്കാദമിക്ക് ഗുണനിലവാരം തകർക്കും’; കേരളം കോടതിയിലേക്ക്

Kerala on UGC Revised Guidelines: യുജിസിയുടെ പുതിയ കരട് ചട്ടങ്ങൾ അധ്യാപന നിയമനങ്ങൾക്ക് അക്കാദമിക യോഗ്യതയെക്കാൾ മറ്റ് വിവിധ ഘടകങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി ഡൽഹി സർവകലാശാല അക്കാദമിക് കൗൺസിൽ അംഗങ്ങളും അതൃപ്തി രേഖപ്പെടുത്തി.

UGC Revised Guidelines: യുജിസി മാർഗരേഖയിൽ ആശങ്ക; ‘അക്കാദമിക്ക് ഗുണനിലവാരം തകർക്കും’; കേരളം കോടതിയിലേക്ക്
UGCImage Credit source: Facebook
nandha-das
Nandha Das | Published: 09 Jan 2025 08:45 AM

തിരുവനന്തപുരം: യുജിസിയുടെ പുതിയ മാർഗരേഖയിൽ ആശങ്ക അറിയിച്ച് കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ. സംസ്ഥാന സർക്കാർ പണം മുടക്കുന്ന സർവകലാശാലകളിൽ കേന്ദ്രം പിടിമുറുക്കുന്നുവെന്നാണ് സർക്കാരിന്റെ വാദം. സംഭവത്തിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വൈസ് ചാൻസലറെ നിയമിക്കുന്നതടക്കമുള്ള അധികാരങ്ങൾ ചാൻസലറിൽ കേന്ദ്രീകരിച്ചതോടെയാണ് സർക്കാരിന്റെ പുതിയ നീക്കം. നിയസഭ പാസാക്കിയ നിയമത്തെ കേന്ദ്രചട്ടം മറിക്കടിക്കുന്നുവെന്നും സർക്കാർ ചൂണ്ടിക്കാട്ടും.

അതേസമയം, പുതിയ മാർഗരേഖ ഗൂഢപദ്ധതിയാണെന്നും, അതൊരിക്കലും അംഗീകരിക്കാൻ ആവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർവകലാശാലയുടെ തലപ്പത്തേക്ക് സംഘപരിവാർ ആജ്ഞാനിവർത്തികളെ എത്തിക്കാനുള്ള നീക്കമാണിതെന്നും മുഖ്യമന്ത്രി ആരോപിച്ചു. സംസ്ഥാനത്തിന്റെ അവകാശം നേടിയെടുക്കാൻ നിയമവഴി സ്വീകരിക്കാനും തയ്യാറാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും വ്യക്തമാക്കി. കൂടാതെ, തമിഴ്നാട് സർക്കാരും യുജിസിയുടെ പുതിയ മാർഗരേഖ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന പൊതുപട്ടികയിൽ ഉള്ള വിഷയമാണ് വിദ്യാഭ്യാസം. എന്നാൽ, ഈ പുതിയ മാർഗരേഖ കൊണ്ടുവന്നത് ഉന്നത വിദ്യാഭ്യാസത്തിൽ അധികാര കേന്ദ്രീകരണത്തിന് വഴിയൊരുക്കുകയാണ് എന്ന് സംസ്ഥാന സർക്കാർ വിമർശിച്ചു. അതേസമയം, യുജിസിയുടെ കരട് ചട്ടങ്ങൾക്കെതിരെ അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പുതിയ മാർഗരേഖ അനുസരിച്ച് ഇനി മുതൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് യുജിസി നെറ്റ് ആവശ്യമില്ല. എന്നാൽ ഇത് അക്കാദമിക് യോഗ്യതകളുടെ പ്രാധാന്യത്തെ ഇല്ലാതാകും എന്നാണ് അധ്യാപക സംഘടനകൾ അഭിപ്രായപ്പെടുന്നത്. കൂടാതെ, പുതിയ കരട് പ്രകാരം 75 ശതമാനം മാർക്കോടെ നാല് വർഷ ബിരുദമോ, 55 ശതമാനം മാർക്കോടെ പിജി ബിരുദമോ പൂർത്തിയായവർക്ക് നെറ്റ് ഇല്ലാതെ തന്നെ അസിസ്റ്റന്റ് പ്രൊഫസർ ആകാം.

ALSO READ: റെയിൽവേയിൽ 1036 ഒഴിവുകൾ, പത്താം ക്ലാസ് പാസായവർക്കും ജോലി; 47,600 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

യുജിസിയുടെ പുതിയ കരട് ചട്ടങ്ങൾ അധ്യാപന നിയമനങ്ങൾക്ക് അക്കാദമിക യോഗ്യതയെക്കാൾ മറ്റ് വിവിധ ഘടകങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി ഡൽഹി സർവകലാശാല അക്കാദമിക് കൗൺസിൽ അംഗങ്ങളും അതൃപ്തി രേഖപ്പെടുത്തി. പൂർണമായും സെലക്ഷൻ കമ്മിറ്റിയുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് അധ്യാപക നിയമനം നടത്തുന്നതിനാണ് കരട് ചട്ടങ്ങൾ ശുപാർശ ചെയ്യുന്നത് എന്നാണ് വാദം.

കൂടാതെ, അക്കാദമിക് ഗവേഷണ സ്ഥാപനങ്ങൾ, പബ്ലിക് പോളിസി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, വ്യവസായ രംഗത്തുള്ള പ്രമുഖർ എന്നിവരെ വൈസ് ചാൻസലർമാരായി നിയമിക്കാം എന്ന ശുപാർശയും യുജിസിയുടെ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെയും സംഘടനകൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വ്യക്തി താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതാണ് പുതിയ മാർഗരേഖയെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.