Question Paper Leak: ചോദ്യപേപ്പർ ചോര്‍ച്ച; ആരോപണ വിധേയരായ ചാനലിൽ വീണ്ടും ലൈവ്, പുതിയ ചാനലുകൾ തുടങ്ങുമെന്ന് പ്രഖ്യാപനം
Kerala exam question paper leaks: ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തെ നേരിടുമെന്ന് ലൈവിൽ പറഞ്ഞ ഷുഹൈബ് എം.എസ് സൊല്യൂഷൻസ് പുതിയ രണ്ട് യൂട്യൂബ് ചാനലുകൾ കൂടി തുടങ്ങുമെന്നും പ്രഖ്യാപിച്ചു.
തിരുവനന്തപുരം: ക്രിസ്മസ് അർധവാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ആരോപണം നേരിടുന്ന എം.എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിൽ വീണ്ടും ലൈവ്. എം.എസ് സൊല്യൂഷൻസ് സിഇഒ ആയ ഷുഹൈബ് ആണ് കെമിസ്ട്രി ക്ലാസിന്റെ ലൈവുമായി എത്തിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഷുഹൈബ് വീണ്ടും ലൈവ് ചെയ്തത്. ലൈവിൽ മാധ്യങ്ങളിൽ വന്ന വാർത്തകളെയും ഷുഹൈബ് പരിഹസിച്ചു.
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തെ നേരിടുമെന്ന് ലൈവിൽ പറഞ്ഞ ഷുഹൈബ് എം.എസ് സൊല്യൂഷൻസ് പുതിയ രണ്ട് യൂട്യൂബ് ചാനലുകൾ കൂടി തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. ചോദ്യപേപ്പർ ചോർച്ച നടന്ന സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സമിതിയാണ് വിഷയം അന്വേഷിക്കുകയെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
ഒരു മാസത്തിനുള്ളിൽ വിഷയത്തിൽ റിപ്പോർട്ട് നൽകണമെന്നും, ചോദ്യപേപ്പർ വിതരണത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിച്ചു തന്നെ മുന്നോട്ട് പോകുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. പോലീസും വിദ്യാഭ്യാസ വകുപ്പും സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്. പ്രൈവറ്റ് ട്യൂഷൻ സെന്ററുകളിൽ സർക്കാർ അധ്യാപകർ പഠിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തിലും അന്വേഷിക്കും. എം.എസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനൽ സകല അതിരുകളും ലംഘിച്ചുവെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം, പ്ലസ് വൺ, പത്താം ക്ലാസ് ക്രിസ്മസ് അർധവാർഷിക പരീക്ഷയുടെ ചോദ്യങ്ങൾ ആണ് യൂട്യൂബ് ചാനൽ വഴി ചോർന്നത്. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ ആയിരുന്നു ചോർന്നത്. സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റഫോം ആയ എം.എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിലാണ് ചോദ്യങ്ങളുടെ മാതൃക പരീക്ഷ തലേന്ന് പുറത്തുവന്നത്.
ALSO READ: ചോദ്യ പേപ്പർ ചോർച്ചക്ക് പിന്നിലാര്? അന്വേഷണം ക്രൈംബ്രാഞ്ചിന്
പ്ലസ് വൺ കണക്ക് പരീക്ഷയ്ക്ക് വന്ന 23 മാർക്കിന്റെ ചോദ്യങ്ങളും പരീക്ഷ തലേന്ന് എം.എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ ഉണ്ടായിരുന്നു. ചോദ്യങ്ങൾ ചർച്ച ചെയ്യുന്ന തരത്തിൽ ചെയ്ത വീഡിയോയിൽ ചോദ്യപേപ്പറിൽ നൽകിയിട്ടുള്ള ക്രമം പോലും തെറ്റിയിട്ടില്ല. ഒരു ലക്ഷത്തിലധികം പേരാണ് ആ വീഡിയോ കണ്ടത്. വീഡിയോയിൽ പറഞ്ഞ ചോദ്യങ്ങളുടെ ഉത്തരങ്ങൾ കുട്ടികൾ ഫോണിലൂടെയും സ്കൂളിലെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും അന്വേഷിച്ചതാണ് സംശയത്തിന് ഇടവെച്ചത്.
പത്താം ക്ലാസുകാരുടെ 80 മാർക്കിന്റെ ഇംഗ്ലീഷ് പരീക്ഷയിൽ വന്ന 70 ശതമാനം ചോദ്യങ്ങളും, വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ എന്ന് പറഞ്ഞ് യൂട്യൂബ് ചാനലിൽ ചർച്ച ചെയ്ത ചോദ്യങ്ങളാണ്. ഇതോടെയാണ്, കോഴിക്കോട് പൊതു വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ പൊതു വിദ്യാഭ്യാസ വകുപ്പിനും പോലീസിനും പരാതി നൽകിയത്. സംഭവത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരിൽ ആർക്കെങ്കിലും പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടി എടുക്കണമെന്നും മനോജ് കുമാർ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, തങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ലേണിങ്ങ് പ്ലാറ്റ്‌ഫോമുകളാണെന്ന് ആരോപിച്ച് എം എസ് സൊല്യൂഷന്‍സ് സി ഇ ഒ ഷുഹൈബ് രംഗത്ത് എത്തിയിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം ഒരു വീഡിയോ നേരത്തെ പങ്കുവെച്ചിരുന്നു. വീഡിയോയിൽ ഇതുമായി ബന്ധപ്പെട്ട കേസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഷുഹൈബ് വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്. ഡിജിപി നേരിട്ട് പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് നൽകിയ പരാതിയാണ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിലായിരിക്കും തുടർന്നുള്ള അന്വേഷണം.