V Sivankutty: ‘ഞാൻ കരഞ്ഞത് കണ്ട് ആട ഉണ്ടായർക്കു സങ്കടായി.. എല്ലാവരും കരഞ്ഞു’; ഒന്നാം ക്ലാസുകാരന്റെ സങ്കടക്കുറിപ്പ് പങ്കുവച്ച് മന്ത്രി
V Sivankutty Shared Note Of Aarav: പണിക്ക് പോയ അച്ഛനുണ്ടായ അപകടത്തെക്കുറിച്ചും അങ്ങനെ കൈയ്യും കാലും ഒടിഞ്ഞതിന്റെ വേദനയുമാണ് ആരവ് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. ചേർത്തു പിടിക്കുന്നു മകനേ എന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി ഇത് തന്റെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

മന്ത്രി പങ്കുവച്ച കുറിപ്പ്, വി ശിവൻകുട്ടി (Image Credits: Facebook)
ഒന്നാം ക്ലാസുകാരനായ ആരവിൻ്റെ സങ്കടക്കുറിപ്പ് സമൂഹ മാധ്യമമായ ഫേസ്ബുക്കിൽ പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty). എന്റെ സങ്കടക്കുറിപ്പ് എന്ന തലക്കെട്ടോടെയാണ് ആരവിന്റെ ഈ കുറിപ്പ് തുടങ്ങുന്നത്. പണിക്ക് പോയ അച്ഛനുണ്ടായ അപകടത്തെക്കുറിച്ചും അങ്ങനെ കൈയ്യും കാലും ഒടിഞ്ഞതിന്റെ വേദനയുമാണ് ആരവ് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. ചേർത്തു പിടിക്കുന്നു മകനേ എന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി ഇത് തന്റെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.
ആരവിൻ്റെ കുറിപ്പിന്റെ പൂർണ്ണരൂപം
”കുറച്ച് ദിവസങ്ങൾ മുമ്പ് എന്റെ അച്ഛൻ പണിക്ക് പോയപ്പോൾ വാർപ്പിന്റെ മോളിൽ നിന്ന് താഴേയ്ക്ക് വീണു. കൈയും കാലും ഒടിഞ്ഞിട്ട് ആശുപത്രിയിൽ ആയി. രാത്രിയാണ് വീട്ടിൽ വന്നത്. അച്ഛനെ എല്ലാരും കൂടി എടുത്ത് വീട്ടിൽ കൊണ്ടുവന്ന് കട്ടിൽ കിടത്തി. അച്ഛനെ കണ്ടതും ഞാൻ പൊട്ടിക്കരഞ്ഞു. അച്ഛന്റടുത്ത് കിടന്നു. അതുകണ്ട് ആട ഉണ്ടായർക്കു സങ്കടായി, എല്ലാരും കരഞ്ഞു”. ഇങ്ങനെയാണ് ആരവ് എഴുതിയത്.
കണ്ണൂർ പയ്യന്നൂർ പോത്താങ്കണ്ടം ജിയുപിഎസിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആരവ്. സ്‌കൂളിലെ സർഗമതിലിൽ പതിക്കുന്നതിനായി രചനകൾ കൊണ്ടുവരണമെന്ന് ക്ലാസ് ടീച്ചർ പറഞ്ഞിരുന്നു. എന്നാൽ കോൺക്രീറ്റ് തൊഴിലാളിയായ അച്ഛൻ മധു കെട്ടിടത്തിൽ നിന്ന് വീണു പരിക്കേറ്റ് വീട്ടിലെത്തിച്ച രംഗമാണ് ആരവ് എഴുതിയത്. കുറിപ്പിനൊപ്പം അച്ഛനും മകനും കട്ടിലിൽ കിടക്കുന്ന രംഗവും ആരവ് കുറിപ്പിനൊപ്പം വരച്ചു ചേർത്തിട്ടുണ്ട്.
ആരവിന്റെ കുറിപ്പ് ക്ലാസ് ടീച്ചറാണ് ആദ്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ട മന്ത്രി വി ശിവൻകുട്ടി ഉടൻ തന്നെ പ്രധാന അധ്യാപകനെ വിളിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. മന്ത്രി വിളിച്ചതും കുറിപ്പ് ഷെയർ ചെയ്തതും ടീച്ചർ പറഞ്ഞ് ആരവ് അറിഞ്ഞിട്ടുണ്ട്.