KEAM 2025: കൗണ്ട്ഡൗണ്‍ തുടങ്ങി ! മണിക്കൂറുകള്‍ പിന്നിട്ടാല്‍ കീം പരീക്ഷ; ടെന്‍ഷന്‍ വേണ്ട, ടിപ്‌സുണ്ട്
KEAM 2025 Last Minute Preparations: അഡ്മിറ്റ് കാര്‍ഡുകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് അഡ്മിറ്റ് കാര്‍ഡുകള്‍ക്ക് കുഴപ്പമില്ലെങ്കിലും കളര്‍ പ്രിന്റൗട്ടാണ് അഭികാമ്യം. കീം നടക്കുന്ന തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളും നടക്കുന്നതിനാല്‍ തീയതിയില്‍ മാറ്റം ആവശ്യപ്പെട്ടവര്‍ക്കായി ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കിയിരുന്നു

എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ ‘കീ 2025’ നാളെ ആരംഭിക്കും. നാളെ (ഏപ്രില്‍ 23) മുതല്‍ 29 വരെയാണ് പരീക്ഷ. പരീക്ഷയ്ക്കുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍. ഈ അവസാന നിമിഷം എന്തൊക്കെ ചെയ്യണമെന്ന് പരിശോധിക്കാം. അത്യാവശ്യം, ഫോര്‍മുലകളും, ഇക്വേഷനുകളും അവസാന നിമിഷം വീണ്ടും പഠിച്ച് ഓര്‍മ്മ പുതുക്കാം. എന്നാല്‍ അവസാന നിമിഷം വാരിവലിച്ചുള്ള പഠനശൈലി അത്ര നല്ലതല്ല. മനസ് ശാന്തമായിരിക്കണം. ഒരു കാരണവശാലും ടെന്‍ഷന്‍ അരുത്. ഉറക്കം ഒഴിവാക്കിയുള്ള പഠനത്തിന് ശ്രമിക്കരുത്. മതിയായ ഉറക്കം രാത്രിയില്‍ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
നാളെ പരീക്ഷാ ദിനത്തില്‍ മനസ് ശാന്തമാക്കി, ആത്മവിശ്വാസത്തോടെയാകണം പരീക്ഷയ്ക്ക് പോകേണ്ടത്. കീം അത്ര പ്രയാസകരമായ പരീക്ഷയല്ലെന്നാണ് പൊതുവെ പറയുന്നത്. അതുകൊണ്ട് ആ ആത്മവിശ്വാസത്തില്‍ പരീക്ഷയെ സമീപിക്കാം. ബേസിക് വിവരങ്ങള്‍ കൊണ്ട് ക്വാളിഫൈ ചെയ്യാനായേക്കാം. എന്നാല്‍ ആഗ്രഹിക്കുന്ന സീറ്റ് കിട്ടണമെങ്കില്‍ ക്വാളിഫൈ ചെയ്താല്‍ മാത്രം പോര. മികച്ച റാങ്കും കിട്ടണം.
അത്യാവശ്യം നന്നായി തയ്യാറെടുത്തിട്ടുണ്ടെങ്കില്‍ അത് സാധിക്കും. അനാവശ്യ ടെന്‍ഷനുകള്‍ വേണ്ട. മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ ചെയ്തു പരിശീലിച്ചവര്‍ക്ക് അത് ഉപകാരപ്പെട്ടേക്കാം. എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ ഉപയോഗിച്ചുള്ള തയ്യാറെടുപ്പും നല്ലതാണ്.




പരീക്ഷാ ഹാളില്‍ ചെയ്യേണ്ടത്
ഉത്തരങ്ങള്‍ തെറ്റിക്കാതിരിക്കാന്‍ ശ്രമിക്കണം. ഇനി തെറ്റിയാലും, അതിനെക്കുറിച്ച് ആലോചിച്ച് സമയം കളയാനോ, വിഷമിക്കാനോ പാടില്ല. പരീക്ഷയുടെ വിധി നിര്‍ണയിക്കുന്ന മറ്റ് അനേകം ചോദ്യങ്ങള്‍ ബാക്കിയുണ്ടെന്ന് ഓര്‍ക്കുക. അത് ചിലപ്പോള്‍ നിങ്ങള്‍ക്ക് എളുപ്പവുമായിരിക്കും. പറ്റുന്ന പരമാവധി ചോദ്യങ്ങള്‍ക്ക് കൃത്യതയില്‍, വളരെ വേഗം ഉത്തരങ്ങള്‍ ചെയ്യാന്‍ പറ്റുന്നതാണ് പ്രധാനം. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായതിനാല്‍ നിശ്ചിത സമയം പിന്നിട്ടാല്‍ പിന്നെ എഴുതാന്‍ മാര്‍ഗമില്ലെന്നും ഓര്‍മിക്കുക.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
http://www.cee.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ അഡ്മിറ്റ് കാര്‍ഡുകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് അഡ്മിറ്റ് കാര്‍ഡുകള്‍ക്ക് കുഴപ്പമില്ലെങ്കിലും കളര്‍ പ്രിന്റൗട്ടാണ് അഭികാമ്യം. കീം നടക്കുന്ന തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളും നടക്കുന്നതിനാല്‍ തീയതിയില്‍ മാറ്റം ആവശ്യപ്പെട്ടവര്‍ക്കായി ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കിയിരുന്നു.
പരീക്ഷയ്ക്ക് അഡ്മിറ്റ് കാര്‍ഡ് കൊണ്ടുപോകാന്‍ ഒരു കാരണവശാലും മറക്കരുത്. പരീക്ഷയുടെ തലേദിവസം തന്നെ (അതായത് ഇന്ന്) അഡ്മിറ്റ് കാര്‍ഡുകളൊക്കെ സജ്ജമാക്കി വയ്ക്കണം. അഡ്മിറ്റ് കാര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും വായിക്കണം. അത് പാലിക്കണം. ഐഡി പ്രൂഫ് കൊണ്ടുപോകാനും മറക്കരുത്. കീമിന് പ്രത്യേകം ഡ്രസ് കോഡ് നിഷ്‌കര്‍ഷിക്കുന്നില്ല.
അഡ്മിറ്റ് കാര്‍ഡില്‍ പറഞ്ഞിരിക്കുന്ന സമയത്തിനും മുമ്പ് പരീക്ഷാ കേന്ദ്രത്തിലെത്താന്‍ ശ്രദ്ധിക്കണം. പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുമ്പ് ഗേറ്റ് ക്ലോസ് ചെയ്യും. റോഡില്‍ ഗതാഗത തിരക്കുകളടക്കം ഉണ്ടാകാമെന്നതിനാല്‍ നേരത്തെ പുറപ്പെടുന്നതാണ് നല്ലത്. നിരോധിത വസ്തുക്കളായ ഇലക്ട്രോണിക് ഡിവൈസുകളുമായി പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കരുത്.