KEAM 2025: കീം 2025; പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു, അഡ്മിറ്റ് കാർഡ് ഉടൻ പ്രസിദ്ധീകരിക്കും
KEAM 2025 Shift Wise Exam Dates Announced: ഏപ്രിൽ 23ന് ആരംഭിക്കുന്ന കീം പ്രവേശ പരീക്ഷ ഏപ്രിൽ 29ന് അവസാനിക്കും. അഡ്മിറ്റ് കാർഡും ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്.

2025ൽ നടക്കുന്ന കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ മെഡിക്കൽ (കീം) എൻട്രൻസ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ഏപ്രിൽ 23ന് ആരംഭിക്കുന്ന പരീക്ഷകൾ ഏപ്രിൽ 29ന് അവസാനിക്കും. കീം അഡ്മിറ്റ് കാർഡും ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. കൂടുതൽ വിശദാംശങ്ങൾക്ക് സിഇഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
കീം എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഏപ്രിൽ 23, 25, 27, 28 തീയതികളിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയുള്ള ഷിഫ്റ്റിൽ നടക്കും. കീം ഫാർമസി പരീക്ഷ ഏപ്രിൽ 24 ന് രാവിലെ 11.30 മുതൽ 1 മണി വരെയും ഉച്ചയ്ക്ക് 3 മണി മുതൽ 5 മണി വരെയും നടക്കും. കൂടാതെ, ഏപ്രിൽ 29ന് പരീക്ഷ ഉച്ചയ്ക്ക് 3.30 മുതൽ 5 മണി വരെ നടക്കും. ഔദ്യോഗിക അറിയിപ്പ് പ്രകാരം കീം എഞ്ചിനീയറിംഗ്, ഫാർമസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രണ്ട് മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.
കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്‌ചർ, ബിഫാം, മെഡിക്കൽ, അഗ്രികൾചറൽ, അനുബന്ധ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയാണ് കീം. കമ്പ്യൂട്ടർ അധിഷ്ഠിതമായി നടക്കുന്ന കീം എൻജിനീയറിങ് പരീക്ഷയുടെ ദൈർഖ്യം 180 മിനിറ്റും ഫാർമസി പരീക്ഷയുടെ ദൈർഖ്യം 90 മിനിറ്റുമാണ്. പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ് (MCQ) ഉണ്ടാവുക. കീം എൻജിനീയറിങ് പേപ്പറിൽ മാത്തമാറ്റിക്സിൽ നിന്ന് 75 ചോദ്യങ്ങളും, ഫിസിക്‌സിൽ 45 ചോദ്യങ്ങളും, കെമിസ്ട്രിയിൽ 30 ചോദ്യങ്ങളും ഉണ്ടായിരിക്കും. ഫാർമസി പേപ്പറിൽ കെമിസ്ട്രിയിൽ നിന്ന് 45 ചോദ്യങ്ങളും, ഫിസിക്‌സിൽ നിന്ന് 30 ചോദ്യങ്ങളും ഉണ്ടായിരിക്കും. അതേസമയം, കീം പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഉടൻ പ്രസിദ്ധീകരിക്കും.
ALSO READ: മൂല്യനിർണയം മെയ് പത്ത് വരെ; പ്ലസ് ടു ഫലം എന്ന് പ്രഖ്യാപിക്കും?
കീം 2025; അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- സിഇഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in സന്ദർശിക്കുക.
- ഹോംപേജിൽ കാണുന്ന ‘കീം 2025 – കാൻഡിഡേറ്റ് പോർട്ടൽ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ഇനി നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ്, നൽകിയിരിക്കുന്ന ആക്‌സസ് കോഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
- തുടർന്ന് നിങ്ങളുടെ അഡ്മിറ്റ് കാർഡിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പരീക്ഷയ്ക്കായി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.