KEAM 2025: കീം 2025; പരീക്ഷാത്തീയതിയില്‍ മാറ്റം ആവശ്യപ്പെട്ടിരുന്നോ? എങ്കില്‍ ഇക്കാര്യം അറിയണം
KEAM 2025 Revised Admit Card: ഏപ്രില്‍ 18 വൈകുന്നേരം അഞ്ച് മണി വരെ ഇ-മെയില്‍ മുഖേനയോ, നേരിട്ടോ അപേക്ഷിച്ചവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ ഇന്ന് (ഏപ്രില്‍ 20) വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അത് അറിയിക്കണം

എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ ‘കീം 2025’ ആരംഭിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം ബാക്കി. ഈ മാസം 23 മുതല്‍ 29 വരെയാണ് പരീക്ഷ. എന്നാല്‍ ഈ തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകള്‍ നടക്കുന്നതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഈ സാഹചര്യങ്ങളില്‍ കീം പരീക്ഷാത്തീയതിയില്‍ മാറ്റം ആവശ്യപ്പെട്ട് പരീക്ഷാര്‍ത്ഥികളില്‍ ചിലര്‍ അപേക്ഷിച്ചിരുന്നു. ഇത്തരത്തില്‍ അപേക്ഷിച്ചവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാണ്. ഏപ്രില്‍ 18 വൈകുന്നേരം അഞ്ച് മണി വരെ ഇ-മെയില്‍ മുഖേനയോ, നേരിട്ടോ അപേക്ഷിച്ചവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും.
ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ ഇന്ന് (ഏപ്രില്‍ 20) വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ പരാതി ലഭ്യമാക്കണം. അഞ്ച് മണിക്ക് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കില്ല. സംശയങ്ങള്‍ക്ക് 0471 2525300 എന്ന ഹെല്‍പ് ലൈന്‍ നമ്പറിന്റെ സഹായം തേടാം.




Read Also : KEAM 2025: കീം 2025 ഇങ്ങെത്തി; പരീക്ഷ എന്ന് മുതല്‍? എന്തൊക്കെ ശ്രദ്ധിക്കണം? പരീക്ഷാര്‍ത്ഥികള്‍ അറിയേണ്ടത്
പ്രാക്ടീസ് ടെസ്റ്റ്
www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രാക്ടീസ് ടെസ്റ്റിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ പ്രവേശിച്ച് ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേര്‍ഡ് എന്നിവ നല്‍കി പ്രാക്ടീസ് ടെസ്റ്റ് നടത്താം. അഡ്മിറ്റ് കാര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ വായിച്ചു വേണം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാന്‍ പോകേണ്ടത്. പരീക്ഷാ കേന്ദ്രത്തില്‍ നേരത്തെ എത്താന്‍ ശ്രദ്ധിക്കണം. പരീക്ഷാ സമയത്തിന് അരമണിക്കൂര്‍ മുമ്പ് ഗേറ്റ് അടയക്കുമെന്നത് പ്രത്യേകം ശ്രദ്ധിക്കുക.