Kerala Devaswom Board Recruitment: ഗുരുവായൂര്‍ ദേവസ്വത്തിലെ ഈ തസ്തികകളിലേക്ക് അയച്ചിരുന്നോ? എങ്കില്‍ ഇക്കാര്യം അറിയണം
Kerala Devaswom Board Recruitment Addendum Notification 2025: രണ്ട് തസ്തികകളിലെ വിജ്ഞാപനത്തില്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. കെ.ജി. ടീച്ചര്‍ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II തസ്തികകളിലെ വിജ്ഞാപനത്തിലാണ് ചെറിയ മാറ്റം വന്നിരിക്കുന്നത്

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്
ഗുരുവായൂര്‍ ദേവസ്വത്തിലെ 38 തസ്തികകളിലെ നാനൂറിലേറെ ഒഴിവുകളിലേക്ക് ഏതാനും ദിവസം മുമ്പാണ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചത്. ഏഴാം ക്ലാസ് യോഗ്യത മുതല്‍ ഉയര്‍ന്ന യോഗ്യതകള്‍ വരെയുള്ളവര്‍ക്ക് അവസരമുണ്ട്. നിലവില്‍ അപേക്ഷകള്‍ അയക്കുന്ന തിരക്കിലാണ് ഉദ്യോഗാര്‍ത്ഥികള്‍. എന്നാല്‍ രണ്ട് തസ്തികകളിലെ വിജ്ഞാപനത്തില്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. കെ.ജി. ടീച്ചര്‍ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II തസ്തികകളിലെ വിജ്ഞാപനത്തിലാണ് ചെറിയ മാറ്റം വന്നിരിക്കുന്നത്.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലെ തിരഞ്ഞെടുപ്പ് നടപടികള്‍ ‘W.P( C) No. 7567/2025’ കേസിലെ കേരള ഹൈക്കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നതാണ് മാറ്റം. കെ.ജി. ടീച്ചര്‍ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍) തസ്തികയിലെ തിരഞ്ഞെടുപ്പ് നടപടികള്‍ ‘W.P( C) No.14302/2025, W.P( C) No. 4385/2025, W.P( C) No. 44870/2024’ എന്നീ കേസുകളിലെ കേരള ഹൈക്കോടതിയുടെ അന്തിമ വിധിക്ക് കൂടി വിധേയമായിരിക്കും. ഈ വിജ്ഞാപനത്തിലെ മറ്റ് വ്യവസ്ഥകളില്‍ മാറ്റമില്ലെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.
31,100 – 66,800 ആണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലെ ശമ്പള സ്‌കെയില്‍. എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ച മറ്റേതെങ്കിലും തത്തുല്യ യോഗ്യത അല്ലെങ്കില്‍ മുംബൈയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ലോക്കല്‍ ഗവണ്‍മെന്റില്‍ നിന്നുള്ള സാനിറ്ററി ഇന്‍സ്‌പെക്ടര്‍ പരിശീലന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യയോഗ്യതയും ആവശ്യമാണ്. 300 രൂപ ആണ് പരീക്ഷാഫീസ്. എസ്‌സി, എസ്ടി, ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 150 മതി.
35,600 – 75,400 ആണ് കെ.ജി. ടീച്ചര്‍ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍) തസ്തികയിലെ ശമ്പള സ്‌കെയില്‍. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് വിദ്യാഭ്യാസ യോഗ്യത. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് പാസായിരിക്കണം. 500 രൂപ ആണ് പരീക്ഷാഫീസ്. എസ്‌സി, എസ്ടി, ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 250 മതി. തസ്തികയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ക്ക് kdrb.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അപേക്ഷിക്കേണ്ടതും ഇതേ വെബ്‌സൈറ്റ് വഴിയാണ്.