KTET November 2024: പ്രായപരിധി ഇല്ല, നെഗറ്റീവ് മാർക്കില്ല, കെ ടെറ്റ് എഴുതും മുമ്പ് അറിയേണ്ടതെല്ലാം…
K TET November 2024, Rules : നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) എന്നിവ ഉള്ളവർക്ക് പരീക്ഷ എഴുതാൻ കഴിയില്ല.
തിരുവനന്തപുരം: പ്രൈമറി മുതൽ ഹൈസ്കൂൾ വരെ അധ്യാപകരാകാനുള്ള കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) 2024 നവംബർ സെഷന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഇത് യോഗ്യതാ പരീക്ഷ മാത്രമാണ്. മറ്റു യോഗ്യതാ പരീക്ഷകളിൽ നിന്ന് വ്യത്യസ്തമായി ചില പ്രത്യേകതകൾ കൂടി കെ ടെറ്റിനുണ്ട്. ഇതിന് നെഗറ്റീവ് മാർക്കില്ല എന്നതാണ് ഇതിൽ പ്രധാനം.
നാലു വിഭാഗങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ഇതിൽ ആദ്യത്തെ മൂന്നു വിഭാഗം ലോവർ പ്രൈമറി സ്കൂൾ, അപ്പർ പ്രൈമറി സ്കൂൾ, ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്കുളളതാണ്. നാലാം കാറ്റഗറി ഭാഷാ അധ്യാപകർക്കുള്ളതും. അറബിക്, ഹിന്ദി, സംസ്കൃതം, ഉറുദു -യു.പി.തലം വരെയുള്ള ഭാഷാ അധ്യാപകർക്കു പുറമേ സ്പെഷ്യലിസ്റ്റ് അധ്യാപകരായ ആർട്ട് ആൻഡ് ക്രാഫ്റ്റ്, കായികാധ്യാപകർ എന്നിവരാകാൻ ആഗ്രഹിക്കുന്നവരെ ഇതിൽ പരാമർശിക്കുന്നു.
യോഗ്യത
ആദ്യ മൂന്നു കാറ്റഗറിയിൽ അപേക്ഷിക്കാൻ മാർക്ക് വ്യവസ്ഥയോടെ ഹയർസെക്കൻഡറി/സീനിയർ സെക്കൻഡറി/ബിരുദം (ബി.എ./ബി.കോം./ബി.എസ്‌സി./ബി.ബി.എ.) എന്നിവ നിർബന്ധം. ഒപ്പം നിശ്ചിത അധ്യാപനപരിശീലന കോഴ്സും (ടി.ടി.സി./ഡി.എഡ്./ഡി.എൽ.എഡ്./എൽ.ടി.ടി.സി./ബി.എൽ.എഡ്./ഡിപ്ലോമ ഇൻ എജുക്കേഷൻ (സ്പെഷ്യൽ എജുക്കേഷൻ)/ബി.എഡ്./ബി.എ.എഡ്./ബി.എസ്‌സി.എഡ്. യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രത്യേക വ്യവസ്ഥ
ചില പ്രത്യേക യോഗ്യതകൾ ഉള്ളവരെ പരീക്ഷയിൽ പ്രത്യേകം പരിഗണിക്കുന്നുണ്ട്. ബിരുദാനന്തരബിരുദത്തിന് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ബി.എഡ്. അഡ്മിഷൻ നേടിയവർക്ക് അപേക്ഷിക്കാം. കേരളത്തിൽ കെ-ടെറ്റ് നടപ്പാക്കും മുൻപ് എസ്.എസ്.എൽ.സി., ടി.ടി.സി. യോഗ്യത നേടുകയും പിന്നീട് സർവീസിൽ പ്രവേശിക്കുകയും ചെയ്തവർക്ക് കാറ്റഗറി-I പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനു തടസ്സമില്ല.
കേരള സർക്കാർ/പരീക്ഷാ ബോർഡ്/എൻ.സി.ടി.ഇ./സർവകലാശാലകൾ തുടങ്ങിയവ അംഗീകരിച്ച അധ്യാപന ഡിഗ്രി/ഡിപ്ലോമ ഉള്ളവർക്ക് കാറ്റഗറി-III-ന് അപേക്ഷിക്കാൻ കഴിയും എന്നവ ഇതിൽ ഉൾപ്പെടുന്ന ചില പ്രത്യേക ചട്ടങ്ങളാണ്. പരീക്ഷ അഭിമുഖീകരിക്കാൻ പ്രായപരിധിയില്ലെന്നതാണ് മറ്റൊരു സവിശേഷത. ഒരുതവണ കെ-ടെറ്റ് ജയിച്ചവർക്ക് അതേ കാറ്റഗറിയിൽ വീണ്ടും എഴുതാൻ കഴിയില്ലെന്നത് മറ്റൊന്ന്.
നെറ്റും സെറ്റും പിഎച്ഡിയുമുള്ളവർ എഴുതേണ്ട
നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) എന്നിവ ഉള്ളവർക്ക് പരീക്ഷ എഴുതാൻ കഴിയില്ല. എം.ഫിൽ, പിഎച്ച്.ഡി, എം.എഡ് തുടങ്ങിയ യോഗ്യതയുള്ളവരെ I മുതൽ IV വരെയുള്ള കാറ്റഗറികളിൽ യോഗ്യത നേടുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ചട്ടത്തിൽ പറയുന്നു.